ആന്‍റിഗ്വ: ടി20 ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ നമീബിയയെ തോല്‍പ്പിച്ച് സൂപ്പര്‍ എട്ടിലേക്കുള്ള സാധ്യതകള്‍ കൂടുതല്‍ മെച്ചപ്പെടുത്തി ഇംഗ്ലണ്ട്. ആന്‍റിഗ്വയിലെ സര്‍ വിവിയൻ റിച്ചാര്‍ഡ്‌സ് സ്റ്റേഡിയത്തില്‍ 41 റണ്‍സിനായിരുന്നു ഇംഗ്ലണ്ടിന്‍റെ ജയം. മഴ മൂലം 10 ഓവറായി വെട്ടിച്ചുരിക്കിയ മത്സരത്തില്‍ ഇംഗ്ലണ്ട് ആദ്യം ബാറ്റ് ചെയ്‌ത് അഞ്ച് വിക്കറ്റ് നഷ്‌ടത്തില്‍ 122 റണ്‍സ് നേടി.
20 പന്തില്‍ 47 റണ്‍സടിച്ച ഹാരി ബ്രൂക്കിന്‍റെ വെടിക്കെട്ട് പ്രകടനമായിരുന്നു ഇംഗ്ലണ്ട് ഇന്നിങ്‌സിന് കരുത്ത് പകര്‍ന്നത്. ജോണി ബെയര്‍സ്റ്റോ 18 പന്തില്‍ 31 റണ്‍സും മൊയീൻ അലി 6 പന്തില്‍ 16 റണ്‍സുമടിച്ച് ഇംഗ്ലണ്ടിന് നിര്‍ണായക സംഭാവന നല്‍കിയിരുന്നു. ഡക്ക്‌വര്‍ത്ത് ലൂയിസ് നിയമ പ്രകാരം മറുപടി ബാറ്റിങ്ങില്‍ 126 റണ്‍സായിരുന്നു നമീബിയയുടെ വിജയലക്ഷ്യം.
ഈ സ്കോറിലേക്ക് ബാറ്റേന്തിയ നമീബിയയ്‌ക്ക് പത്ത് ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്‌ടത്തില്‍ 84 റണ്‍സ് നേടാനെ സാധിച്ചുള്ളു. 29 പന്തില്‍ 33 റണ്‍സ് നേടി പുറത്തായ ഓപ്പണര്‍ മൈക്കിള്‍ വാൻ ലിൻഗനായിരുന്നു അവരുടെ ടോപ് സ്കോറര്‍. 12 പന്തില്‍ 27 റണ്‍സടിച്ച ഡേവിഡ് വീസിന്‍റെ പ്രകടനമാണ് നമീബിയുടെ തോല്‍വി ഭാരം കുറച്ചത്.
ജയത്തോടെ, ഗ്രൂപ്പ് ബിയില്‍ അഞ്ച് പോയിന്‍റുമായി രണ്ടാം സ്ഥാനത്തേക്ക് എത്താനും ത്രീ ലയണ്‍സിനായി. +3.61 നെറ്റ് റണ്‍റേറ്റോടെയാണ് ജോസ് ബട്‌ലറും സംഘവും രണ്ടാം സ്ഥാനത്ത് ഇരിപ്പുറപ്പിച്ചിരിക്കുന്നത്. അഞ്ച് പോയിന്‍റുള്ള സ്കോട്‌ലന്‍ഡാണ് ഇംഗ്ലണ്ടിന് പിന്നില്‍ മൂന്നാം സ്ഥാനത്ത്. ഇന്ന് നടക്കുന്ന മത്സരത്തില്‍ ഓസ്‌ട്രേലിയ സ്കോട്‌ലന്‍ഡിനെ തോല്‍പ്പിച്ചാല്‍ മാത്രമെ നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിന് സൂപ്പര്‍ എട്ടിലേക്ക് കടക്കാൻ സാധിക്കൂ.