ഡോര്‍ട്‌മുണ്ട്: സൂപ്പര്‍ സബ്ബായി ഒലി വാറ്റ്കിന്‍സ് മാറിയ യൂറോ കപ്പിലെ സെമി പോരാട്ടത്തില്‍ നെതര്‍ലൻഡ്‌സിനെ വീഴ്‌ത്തി ഇംഗ്ലണ്ട് ഫൈനലില്‍. 90-ാം മിനിറ്റില്‍ വിജയഗോള്‍ പിറന്ന മത്സരത്തില്‍ 2-1 എന്ന സ്കോറിനാണ് ഇംഗ്ലീഷ് പട ജയം പിടിച്ചത്. തുടര്‍ച്ചയായ രണ്ടാം തവണയും യൂറോ കപ്പിന്‍റെ കലാശക്കളിയ്‌ക്ക് യോഗ്യത നേടുന്ന ഇംഗ്ലണ്ട് ഞായറാഴ്‌ച നടക്കുന്ന കിരീടപ്പോരാട്ടത്തില്‍ സ്‌പെയിനെ നേരിടും.
ഒരു ഗോളിന് പിന്നിട്ട് നിന്ന ശേഷമായിരുന്നു നെതര്‍ലൻഡ്‌സിനെതിരായ മത്സരത്തില്‍ ഗാരത് സൗത്ത്ഗേറ്റിന്‍റെയും സംഘത്തിന്‍റെയും തിരിച്ചുവരവ്. ഏഴാം മിനിറ്റില്‍ സാവി സിമോണ്‍സിന്‍റെ ബുള്ളറ്റ് ഷോട്ടാണ് ആദ്യം നെതര്‍ലൻഡ്‌സിനെ മുന്നിലെത്തിച്ചത്. പത്ത് മിനിറ്റിനിപ്പുറം ഹാരി കെയ്‌നിലൂടെ ഇംഗ്ലണ്ടിന്‍റെ മറുപടി.
പെനാല്‍റ്റിയില്‍ നിന്നായിരുന്നു ഹാരി കെയ്‌ന്‍റെ ഗോള്‍. ഗോള്‍ നേടിയതോടെ ഇംഗ്ലണ്ട് കളിയുടെ നിയന്ത്രണവും ഏറ്റെടുത്തു. വിങ്ങിലൂടെ ഫില്‍ ഫോഡൻ കത്തിക്കയറി. 23-ാം മിനിറ്റില്‍ ഫോഡന്‍റെ ഷോട്ട് ഡച്ച് പടയുടെ പ്രതിരോധനിര താരം ഡംഫ്രീസ് ഗോള്‍ ലൈനില്‍വച്ച് അത്ഭുതകരമായി രക്ഷപ്പെടുത്തി.
ലീഡ് ഉയര്‍ത്താനുള്ള ശ്രമങ്ങള്‍ രണ്ട് കൂട്ടരുടെയും ഭാഗത്ത് നിന്നുമുണ്ടായി. എന്നാല്‍, ആദ്യ പകുതിയില്‍ പിന്നീട് ഗോളുകള്‍ ഒന്നും തന്നെ പിറന്നില്ല.
രണ്ടാം പകുതിയില്‍ പന്ത് കൈവശം വച്ച് കളിക്കാനായിരുന്നു ഇംഗ്ലണ്ടിന്‍റെ ശ്രമം. മറുവശത്ത് പ്രതിരോധത്തിലൂന്നിയായിരുന്നു നെതര്‍ലൻഡ്‌സ് പന്ത് തട്ടിയത്. മത്സരം അവസാന പത്ത് മിനിറ്റിലേക്ക് കടന്നതോടെ ഹാരി കെയ്‌നെയും ഫില്‍ ഫോഡനെയും ഇംഗ്ലണ്ട് പരിശീലകൻ പിൻവലിച്ചു.
ഒലി വാറ്റ്‌കിൻസ്, കോള്‍ പാല്‍മെര്‍ എന്നിവരെയാണ് ഇവര്‍ക്ക് പകരം കളത്തിലിറക്കിയത്. ഈ മാറ്റമായിരുന്നു പിന്നീട് മത്സരത്തിന്‍റെ വിധിയെഴുതിയത്. മത്സരം അധിക സമയത്തേക്ക് നീങ്ങുമെന്ന് തോന്നിപ്പിച്ച ഘട്ടത്തില്‍ നിശ്ചിത സമയം അവസാനിക്കാൻ മിനിറ്റുകള്‍ മാത്രം ശേഷിക്കെയാണ് ഒലി വാറ്റ്‌കിൻസ് ഇംഗ്ലണ്ടിന് ഫൈനലിലേക്ക് ടിക്കറ്റ് ഉറപ്പിച്ച വിജയഗോള്‍ നേടിയത്. കോള്‍ പാല്‍മറുടെ പാസ് സ്വീകരിച്ചായിരുന്നു വാറ്റ്‌കിൻസന്‍റെ ഗോള്‍.
Also Read : യൂറോയില്‍ റെക്കോഡിട്ട 'വണ്ടര്‍ ഗോള്‍'; 'പതിനാറ് വയതിനില്‍' താരമായി ലാമിൻ യമാൽ