ലണ്ടന്‍: മുൻ ഇംഗ്ലണ്ട് ക്രിക്കറ്റ് താരവും പരിശീലകനുമായിരുന്ന ഗ്രഹാം തോര്‍പ്പ് കടുത്ത വിഷാദം മൂലം ജീവനൊടുക്കിയതാണെന്ന് ഭാര്യ അമാന്‍ഡയുടെ വെളിപ്പെടുത്തല്‍. മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ മൈക്കൽ ആതർട്ടണിന് നൽകിയ അഭിമുഖത്തിലാണ് അമാന്‍ഡയുടെ വെളിപ്പെടുത്തല്‍. ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡാണ് ഓഗസ്റ്റ് 5 ന് തോര്‍പ്പിന്‍റെ വിയോഗം അറിയിച്ചത്.
ജോലിയിൽ ഏർപ്പെട്ടിട്ടും തോർപ്പ് കഷ്‌ടപ്പാട് അനുഭവിച്ചുകൊണ്ടിരുന്നു. വിഷാദവും ഉത്കണ്ഠയും അദ്ദേഹത്തെ തുടർന്നു. ചിലപ്പോൾ വളരെ കഠിനമായി. ഞങ്ങൾ അദ്ദേഹത്തെ ഒരു കുടുംബമെന്ന നിലയിൽ പിന്തുണച്ചു. പല ചികിത്സകളും പരീക്ഷിച്ചു. പക്ഷേ നിർഭാഗ്യവശാൽ അവയൊന്നും ഫലവത്തായില്ല. അദ്ദേഹം ജീവനൊടുക്കിയപ്പോള്‍ ഞങ്ങള്‍ തകര്‍ന്നുപോയെന്ന് അമാന്‍ഡ പറഞ്ഞു.
കഴിഞ്ഞ രണ്ട് വർഷമായി തോര്‍പ്പിന്‍റെ മാനസികാവസ്ഥ വളരെ മോശമായിരുന്നു. 2022 മെയ് മാസത്തിലും ജീവനൊടുക്കാന്‍ തോര്‍പ്പ് ശ്രമം നടത്തി. ഇതിനാല്‍ കുറച്ച് കാലം അദ്ദേഹം തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. തോര്‍പ്പ് ജീവിതത്തെ സ്‌നേഹിച്ചിരുന്നു, ഞങ്ങളെയും സ്‌നേഹിച്ചിരുന്നു. പക്ഷേ ഇതില്‍ നിന്ന് ഒരു പോംവഴി കാണാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. തോര്‍പ്പ് പിൻവാങ്ങിയെന്നത് ഹൃദയഭേദകമാണെന്ന് അമാന്‍ഡ പറഞ്ഞു. ഇപ്പോള്‍ തോര്‍പ്പിന്‍റെ പേരില്‍ ഒരു ഫൗണ്ടേഷൻ തുടങ്ങാൻ കുടുംബം ആലോചിക്കുന്നുണ്ടെന്നും അവര്‍ പറഞ്ഞു.
ഇംഗ്ലണ്ടിനായി 100 ടെസ്റ്റുകളിലും 82 ഏകദിനങ്ങളിലും തോര്‍പ്പ് കളിച്ചിട്ടുണ്ട്. 341 ഫസ്റ്റ് ക്ലാസ് മത്സരങ്ങളും 354 ലിസ്റ്റ് എ മത്സരങ്ങളും 5 ട്വന്റി20 മത്സരങ്ങളും കളിച്ചിട്ടുണ്ട്. സജീവ ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ശേഷം പരിശീലകനായി. ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിന്‍റെ ബാറ്റിങ് പരിശീലകനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇടംകൈ ബാറ്ററായ തോര്‍പ്പ് ടെസ്റ്റില്‍16 സെഞ്ചുറി ഉള്‍പ്പെടെ 6744 റണ്‍സാണ് അടിച്ചത്. ന്യൂസിലന്‍ഡിനെതിരെ നേടിയ 200 റണ്‍സാണ് മികച്ച സ്കോര്‍.