ലണ്ടന്‍: അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച് ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ മൊയിന്‍ അലി. ഓസ്ട്രേലിയക്കെതിരായ വൈറ്റ് ബോള്‍ പരമ്പരയ്‌ക്കുള്ള ടീമില്‍ ഇടം പിടിക്കാന്‍ സാധിക്കാത്തതിന് പിന്നാലെയാണ് താരത്തിന്‍റെ വിരമിക്കല്‍ പ്രഖ്യാപനം. ഇത് പുതുതലമുറയ്ക്കുള്ള സമയമാണെന്ന് ഒരു ബ്രിട്ടീഷ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ മൊയിന്‍ അലി വ്യക്തമാക്കി.
"എനിക്കിപ്പോള്‍ 37 വയസായി, ഈ മാസം ഓസ്‌ട്രേലിയയ്‌ക്ക് എതിരെ നടക്കുന്ന പരമ്പരയ്‌ക്കുള്ള ടീമില്‍ എനിക്ക് ഇടം നേടാന്‍ കഴിഞ്ഞില്ല. ഇംഗ്ലണ്ടിനായി ഞാന്‍ ഒരുപാട് മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. അടുത്ത തലമുറയ്ക്കുള്ള സമയമാണിതെന്നാണ് എനിക്ക് തോന്നുന്നത്. ഇതാണ് ശരിയായ സമയം. എനിക്ക് ചെയ്യാന്‍ കഴിയുന്നതെല്ലാം ഞാന്‍ ചെയ്‌തു കഴിഞ്ഞു" - മൊയിന്‍ അലി പറഞ്ഞു.
"പിടിച്ചുനിൽക്കാനും ഇംഗ്ലണ്ടിനായി വീണ്ടും കളിക്കാനും എനിക്ക് ശ്രമിക്കാം. പക്ഷെ, ഞാനത് ചെയ്യില്ല. എനിക്ക് മികവ് പുലര്‍ത്താന്‍ കഴിയാത്തതിനാലല്ല ഈ വിരമിക്കല്‍ തീരുമാനമുണ്ടായത്. ഇപ്പോഴും കളിക്കാനാവും എന്ന് തന്നെയാണ് തോന്നുന്നത്.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
എന്നാൽ കാര്യങ്ങൾ എങ്ങനെയാണെന്ന് എനിക്ക് മനസിലായി. ടീം മറ്റൊരു തലത്തിലേക്ക് പരിണമിക്കേണ്ടതുണ്ട്. യാഥാർത്ഥ്യബോധത്തോടെയാണ് ഞാനിത് പറയുന്നത്" 37-കാരന്‍ കൂട്ടിച്ചേര്‍ത്തു. അന്താരാഷ്‌ട്ര ക്രിക്കറ്റ് മതിയാക്കിയെങ്കിലും ഫ്രാഞ്ചൈസി ക്രിക്കറ്റില്‍ തുടരുമെന്നാണ് മൊയിന്‍ അലി പറയുന്നത്. കോച്ചിങ്ങിലേക്ക് കൂടുതല്‍ ശ്രദ്ധ നല്‍കുമെന്നും താരം വ്യക്തമാക്കിയിട്ടുണ്ട്.
2014-ല്‍ ഇംഗ്ലണ്ടിന്‍റെ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിലാണ് മൊയിന്‍ അലി അന്താരാഷ്‌ട്ര അരങ്ങേറ്റം കുറിക്കുന്നത്. 10 വര്‍ഷങ്ങള്‍ നീണ്ട തന്‍റെ കരിയറില്‍ ഇംഗ്ലണ്ടിനായി 68 ടെസ്റ്റുകളും 138 ഏകദിനങ്ങളും 92 ടി20യുമാണ് കളിച്ചിട്ടുള്ളത്. ക്രിക്കറ്റിന്‍റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നുമായി 6678 റണ്‍സാണ് സമ്പാദ്യം. എട്ട് സെഞ്ചുറികളും 28 അര്‍ധ സെഞ്ചുറികളും അക്കൗണ്ടിലുണ്ട്. ആകെ 366 വിക്കറ്റുകളും താരം സ്വന്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ടി20 ലോകകപ്പില്‍ ഇന്ത്യയ്‌ക്ക് എതിരായ സെമി ഫൈനല്‍ മത്സരത്തിലായിരുന്നു മൊയിന്‍ അലി അവസാനമായി ഇംഗ്ലണ്ട് കുപ്പായം അണിഞ്ഞത്.