റിയാദ്: സൗദി പ്രോ ലീഗ് ഫുട്‌ബോളില്‍ ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ താരമായി അല്‍ നസ്‌റിന്‍റെ പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. സീസണിലെ അവസാന മത്സരത്തില്‍ അല്‍ ഇത്തിഹാദിനെതിരെ നേടിയ രണ്ട് ഗോളുകളുടെ കരുത്തിലായിരുന്നു താരം പുത്തൻ റെക്കോഡിട്ടത്. 35 ഗോളുകളുമായാണ് റൊണാള്‍ഡോ റെക്കോഡ് പട്ടികയില്‍ തലപ്പത്ത് എത്തിയത്.
അഞ്ച് വര്‍ഷം മുന്‍പ് 2019-ല്‍ അബ്‌ദെറസാക് ഹംദല്ല സ്ഥാപിച്ച റെക്കോഡാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മറികടന്നത്. അന്ന് 34 ഗോളുകളായിരുന്നു ഹംദല്ല എതിരാളികളുടെ വലയിലേക്ക് അടിച്ചുകയറ്റിയത്. സൗദി പ്രോ ലീഗിലെ ഗോള്‍ വേട്ടയില്‍ നേട്ടം സ്വന്തമാക്കിയതിന് പിന്നാലെ താൻ റെക്കോഡുകളെയല്ലെന്നും റെക്കോഡുകള്‍ തന്നെയാണ് പിന്തുടരുന്നതെന്നുമുള്ള അടിക്കുറിപ്പ് നല്‍കി റൊണാള്‍ഡോ ഒരു ചിത്രവും ആരാധകര്‍ക്കായി പങ്കിട്ടിരുന്നു.
സീസണിലെ ഗോള്‍വേട്ടക്കാരിലും റൊണാള്‍ഡോയാണ് ഒന്നാം സ്ഥാനത്ത്. 28 ഗോള്‍ നേടിയ അല്‍ ഹിലാലിന്‍റെ അലെക്‌സാണ്ടര്‍ മിട്രോവിച്ചാണ് പട്ടികയിലെ രണ്ടാമൻ. അല്‍ ഇത്തിഹാദ് താരമായ അബ്‌ദെറസാക് ഹംദല്ല ഈ സീസണില്‍ 19 ഗോളായിരുന്നു നേടിയത്.
സൗദി പ്രോ ലീഗില്‍ പോയിന്‍റ് പട്ടികയിലെ രണ്ടാം സ്ഥാനക്കാരായാണ് അല്‍ നസ്‌ര്‍ സീസണ്‍ അവസാനിപ്പിച്ചത്. 34 മത്സരങ്ങളില്‍ നിന്നും 26 ജയം നേടിയ അവര്‍ 82 പോയിന്‍റ് സ്വന്തമാക്കിയിരുന്നു. 96 പോയിന്‍റോടെ കരുത്തരായ അല്‍ ഹിലാലാണ് ലീഗില്‍ ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്‌തത്.
അതേസമയം, സീസണിലെ അവസാന മത്സരത്തില്‍ അല്‍ ഇത്തിഹാദിനെതിരെ 4-2 എന്ന സ്കോറിനായിരുന്നു അല്‍ നസ്‌റിന്‍റെ ജയം. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇരട്ടഗോള്‍ നേടിയ മത്സരത്തില്‍ അബ്‌ദുള്‍റഹ്മാൻ ഗരീബ്, മെഷാരി അല്‍ നെമെര്‍ എന്നിവരായിരുന്നു അല്‍ നസ്‌റിന്‍റെ ഗോള്‍ പട്ടിക പൂര്‍ത്തിയാക്കിയത്. ഫറാ അല്‍ സയീദ്, ഫാബിനോ എന്നിവരായിരുന്നു അല്‍ ഇത്തിഹാദിന്‍റെ ഗോള്‍ സ്കോറര്‍മാര്‍.