ന്യൂഡല്‍ഹി: ഓസ്‌ട്രേലിയയിൽ നടക്കുന്ന ബിഗ് ബാഷ് ലീഗ് സീസണിൽ നിന്ന് അഫ്‌ഗാനിസ്ഥാൻ ടി20 ക്രിക്കറ്റ് ടീം ക്യാപ്റ്റൻ റാഷിദ് ഖാൻ പിന്മാറി. തുടർച്ചയായ രണ്ടാം വർഷമാണ് റാഷിദ് ടൂർണമെന്‍റില്‍ കളിക്കാതിരിക്കുന്നത്. ടൂർണമെന്‍റിന്‍റെ പ്ലെയർ ഡ്രാഫ്റ്റിൽ റാഷിദിന്‍റെ പേരില്ല.
ഐസിസിയുടെ ഫ്യൂച്ചർ ടൂർ പ്രോഗ്രാമിന് കീഴിൽ ഓസ്‌ട്രേലിയയും അഫ്‌ഗാനിസ്ഥാനും തമ്മിലുള്ള മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പര ഈ മാസം ഉദ്ദേശിച്ചിരുന്നു. അഫ്‌ഗാനിസ്ഥാനാണ് പരമ്പരയ്ക്ക് ആതിഥേയത്വം വഹിക്കേണ്ടിയിരുന്നത്. എന്നാൽ താലിബാനെ ചൂണ്ടിക്കാട്ടി ഓസ്‌ട്രേലിയ പിൻവാങ്ങി. അഫ്‌ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടം സ്ത്രീകളുടെയും പെൺകുട്ടികളുടെയും മനുഷ്യാവകാശങ്ങൾ ലംഘിക്കുകയാണെന്ന് ഓസ്‌ട്രേലിയ പറഞ്ഞിരുന്നു. അതിനാല്‍ അഫ്‌ഗാനിസ്ഥാനെതിരെ ഉഭയകക്ഷി പരമ്പര കളിക്കില്ല. ഇതിൽ അഫ്‌ഗാനിസ്ഥാൻ ക്രിക്കറ്റ് ബോർഡുമായി ചർച്ചകൾ നടക്കുന്നുണ്ടെന്നും ഭാവിയിൽ ഇരു ടീമുകളും പരസ്‌പരം കളിക്കാൻ തുടങ്ങുമെന്നാണ് പ്രതീക്ഷയെന്നും ക്രിക്കറ്റ് ഓസ്‌ട്രേലിയ (സിഎ) ചീഫ് എക്‌സിക്യൂട്ടീവ് നിക്ക് ഹോക്ക്ലി പറഞ്ഞു.
മനുഷ്യാവകാശ ലംഘനം ചൂണ്ടിക്കാട്ടി അഫ്‌ഗാനിസ്ഥാനുമായി മൂന്ന് തവണ ഉഭയകക്ഷി പരമ്പര കളിക്കാൻ ഓസ്‌ട്രേലിയൻ ടീം വിസമ്മതിച്ചിരുന്നു. ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ബോർഡിന്‍റെ തീരുമാനത്തെ നേരത്തെ തന്നെ റാഷിദ് ഖാൻ വിമർശിച്ചിരുന്നു.
റാഷിദ് ഖാൻ അടുത്തിടെ ഇംഗ്ലണ്ടിൽ നടന്ന 'ദി ഹൺഡ്രഡ്' ടൂർണമെന്‍റിൽ ട്രെന്‍റ് റോക്കറ്റ്സിനെ പ്രതിനിധീകരിച്ചു കളിച്ചിരുന്നു. ഫ്രാഞ്ചൈസി ക്രിക്കറ്റിൽ നിരവധി ടീമുകൾക്കായി കളിച്ചിട്ടുള്ള മികച്ച സ്‌പിൻ ബൗളറാണ് റാഷിദ്. ബിഗ് ബാഷിൽ അഡ്‌ലെയ്ഡ് സ്‌ട്രൈക്കേഴ്‌സിന് വേണ്ടി ഇതുവരെ 69 മത്സരങ്ങൾ കളിച്ച റാഷിദ് ഖാൻ 98 വിക്കറ്റുകൾ നേടിയിട്ടുണ്ട്.