ലാഹോര്‍ : ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്‍റിന് ആതിഥേയത്വം വഹിക്കാനുള്ള തയ്യാറെടുപ്പുകളിലാണ് പാകിസ്ഥാൻ. അടുത്ത വര്‍ഷം ഫെബ്രുവരി - മാര്‍ച്ച് മാസങ്ങളിലായാണ് ടൂര്‍ണമെന്‍റ്. ഇതിന് മുന്നോടിയായി മത്സരങ്ങള്‍ക്ക് വേദിയാകുന്ന സ്റ്റേഡിയങ്ങള്‍ നവീകരിക്കാൻ ഒരുങ്ങുകയാണ് പാക് ക്രിക്കറ്റ് ബോര്‍ഡ്.
ലാഹോര്‍, കറാച്ചി, റാവല്‍പിണ്ടി എന്നിവിടങ്ങളിലാണ് ചാമ്പ്യൻസ് ട്രോഫി മത്സരങ്ങള്‍ നടക്കുക. ഈ സ്റ്റേഡിയങ്ങളുടെ അറ്റകുറ്റപണികള്‍ക്കായി ഏകദേശം 17 ബില്യണ്‍ രൂപ പാകിസ്ഥാൻ ക്രിക്കറ്റ് ബോര്‍ഡ് അനുവദിച്ചതായാണ് വിവരം. ലാഹോറില്‍ നടന്ന പിസിബിയുടെ ബോര്‍ഡ് ഓഫ് ഗവേര്‍ൺസ് യോഗത്തിലാണ് ഫണ്ടിന് അനുമതി നല്‍കിയത്.
ഇത് കൂടാതെ, വനിത ക്രിക്കറ്റിനായി 240 മില്യണ്‍ രൂപയും അനുവദിച്ചിട്ടുണ്ട്. കഴിഞ്ഞ ബജറ്റില്‍ 70 മില്യണ്‍ മാത്രമായിരുന്നു വനിത ക്രിക്കറ്റിലേക്കായി പാകിസ്ഥാൻ നീക്കിവച്ചിരുന്നത്. ചാമ്പ്യൻസ് ട്രോഫിയില്‍ ടീം ഇന്ത്യയുടെ പങ്കാളിത്തം വ്യക്തമാകാത്ത സാഹചര്യത്തില്‍ പോലും ടൂര്‍ണമെന്‍റ് പൂര്‍ണമായും പാകിസ്ഥാനില്‍ നടത്തണമെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് പിസിബി ചെയർമാൻ മൊഹ്‌സിൻ നഖ്‌വി. ഈ മാസം അവസാനം കൊളംബോയിൽ നടക്കുന്ന ഐസിസിയുടെ വാർഷിക ബോർഡ് മീറ്റിങ്ങില്‍ ഇക്കാര്യം കൂടുതല്‍ ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം യോഗത്തില്‍ വ്യക്തമാക്കി.
Also Read : ഇന്ത്യ-പാക് പോരാട്ടത്തിന് വേദി ലാഹോര്‍?; ചാമ്പ്യൻസ് ട്രോഫി ഡ്രാഫ്റ്റ് ഷെഡ്യൂള്‍ പുറത്ത്