മൊണാക്കോ: അടിമുടി മാറ്റവുമായാണ് ഇത്തവണ ചാമ്പ്യൻസ് ലീഗ് ആരാധകരിലേക്ക് എത്തുന്നത്. പുതിയ രൂപത്തിലും ഭാവത്തിലുമെത്തുന്ന ചാമ്പ്യൻസ് ലീഗില്‍ 36 ടീമുകളാണ് ഇത്തവണ പോരിനിറങ്ങുക. കഴിഞ്ഞ സീസണ്‍ വരെ 32 ടീമുകളായിരുന്നു ടൂര്‍ണമെന്‍റില്‍.
ആവേശത്തോടെ ലീഗിന്‍റെ ഗ്രൂപ്പ്‌ഘട്ട നറുക്കെടുത്തു. 36 ടീമുകളെ ഒന്‍പത് ടീം വീതമുള്ള നാല് പോട്ടുകളായി തിരിച്ചാണ് നറുക്കെടുപ്പ് നടന്നത്. ഓരോ ടീമും സ്വന്തം തട്ടകത്തിലെ രണ്ട് ടീമുമായും എതിര്‍ തട്ടകത്തിലെ രണ്ടുവീതം ടീമുമായും മത്സരിക്കും. എട്ടു കളികളില്‍ നാലെണ്ണം എവേയും നാലെണ്ണം ഹോം മത്സരങ്ങളുമായിരിക്കും. മികച്ച എട്ട് ടീമുകള്‍ പ്രീ ക്വാര്‍ട്ടറിലെത്തും. ഒമ്പത് മുതല്‍ 24 വരെയുള്ള ടീമുകള്‍ക്ക് പ്രീ ക്വാര്‍ട്ടറിലെത്താന്‍ പ്ലേ ഓഫ് കളിക്കണം. ഇത്തവണ 189 മത്സരങ്ങളാണുള്ളത്. ആദ്യ റൗണ്ട് മത്സരങ്ങള്‍ സെപ്‌തംബര്‍ 17,18,19 തീയതികളില്‍ നടക്കും.
Five times 🖐️@Cristiano || #UCL pic.twitter.com/6cJQhVLBsm
— UEFA Champions League (@ChampionsLeague) August 30, 2024
നിലവിലെ ചാമ്പ്യന്‍മാരായ റയല്‍ മഡ്രിഡിന് ആദ്യ റൗണ്ടില്‍ ലിവര്‍പൂള്‍, എസി മിലാന്‍, ബൊറൂസിയ ഡോര്‍ട്‌മുണ്ട് എന്നിവരാണ് എതിരാളികള്‍. ബയേണ്‍ മ്യൂണിക്കിന് പിഎസ്‌ജിയാണ് പ്രധാന എതിരാളി. ലീഗിലെ വമ്പന്‍മാരായ ബാഴ്‌സലോണ ബയേണ്‍ മ്യുണിക്കുമായും ഡോര്‍ട്‌മുണ്ട് ആദ്യഘട്ടത്തില്‍ ഏറ്റുമുട്ടും.
പിഎസ്‌ജിക്ക് സിറ്റി, ബയേണ്‍ മ്യുണിക്, അത്‌ലറ്റികോ മഡ്രിഡ്, ആഴ്‌സനല്‍ തുടങ്ങിയവര്‍ എതിരാളികളാണ്. സിറ്റിയുടെ ആദ്യ ഹോം മത്സരം ഇന്‍റര്‍മിലാനുമായാണ്. എവേ മത്സരങ്ങളില്‍ പിഎസ്‌ജിയേയും യുവന്‍റസിനേയും നേരിടും. നറുക്കെടുപ്പിന് മുമ്പ് ലീഗിലെ മികച്ച ഗോൾവേട്ടക്കാരൻ ക്രിസ്റ്റ്യാനോ റൊണാൾഡോയെ ആദരിച്ചു.