തിരുവനന്തപുരം: പ്രഥമ കേരള ക്രിക്കറ്റ് ലീഗിലെ ഫൈനല്‍ മത്സരത്തിലേക്ക് പ്രവേശിച്ച് കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസ്. ഇന്ന് നടന്ന സെമിയില്‍ ട്രിവാന്‍ഡ്രം റോയല്‍സിനെ 18 റണ്‍സിന് പരാജയപ്പെടുത്തിയാണ് കാലിക്കറ്റ് കിരീടപ്പോരാട്ടത്തിലേക്കെത്തിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഗ്ലോബ്സ്റ്റാർസ് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 173 റൺസെടുത്തു. എന്നാല്‍ 174 റണ്‍സ് വിജയ ലക്ഷ്യം പിന്തുടർന്ന ട്രിവാന്‍ഡ്രത്തിന് 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 155 റൺസെടുക്കാനേ കഴിഞ്ഞുള്ളു.
കാലിക്കറ്റിനായി ക്യാപ്‌റ്റന്‍ ക്യാപ്റ്റൻ രോഹൻ എസ്. കുന്നുമ്മലും അഖിൽ സ്കറിയയും അർധ സെഞ്ചറി തികച്ചു.അഖിൽ സ്കറിയ നാലു വിക്കറ്റുകളും വീഴ്ത്തി. 34 പന്തിൽ 64 റൺസാണ് രോഹൻ അടിച്ചുകൂട്ടിയത്. 43 പന്തുകളില്‍ അഖിൽ സ്കറിയ 55 റൺസ് നേടി. സൽമാൻ നിസാര്‍ 16 പന്തുകളിൽനിന്ന് നേടിയത് 23 റൺസ്.
ട്രിവാൻഡ്രത്തിനായി 40 പന്തിൽ 69 റണ്‍സെടുത്ത റിയ ബഷീറും 54 പന്തിൽ 68 റണ്‍സെടുത്ത ഗോവിന്ദ് പൈയും അർധ സെഞ്ചറി നേടിയെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാൻ സാധിച്ചില്ല. ക്യാപ്റ്റൻ അബ്ദുൽ ബാസിത്ത് മൂന്നു പന്തിൽ ഒരു റൺ മാത്രമെടുത്തു പുറത്തായി. പിന്നാലെയെത്തിയ ബാറ്റർമാർക്കൊന്നും രണ്ടക്കം കടക്കാൻ സാധിച്ചില്ല.ട്രിവാൻഡ്രത്തിനായി വിനിൽ ടി.എസ് രണ്ടു വിക്കറ്റുകൾ വീഴ്ത്തി. ഇന്ന് നടക്കുന്ന രണ്ടാം സെമിയില്‍ കൊല്ലം സെയ്‌ലേഴ്സും തൃശൂര്‍ ടൈറ്റന്‍സും തമ്മില്‍ ഏറ്റുമുട്ടും.