മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗിന്‍റെ 17-ാം പതിപ്പ് ആവേശകരമായി പുരോഗമിക്കുകയാണ്. പിന്നാലെ തന്നെ ടി20 ലോകകപ്പ് നടക്കുന്നതിനാല്‍ ടൂര്‍ണമെന്‍റിലെ മികച്ച പ്രകടനം ഓരോ താരത്തിനും നിര്‍ണായകമായി മാറും. ഇതിനകം തന്നെ ഇന്ത്യയുടെ ടി20 ലോകകപ്പ് സ്‌ക്വാഡുമായി ബന്ധപ്പെട്ട് നിരവധി ചര്‍ച്ചകളാണ് അരങ്ങേറുന്നത്.
ഇതില്‍ തന്നെ പ്രധാനമാണ് വിക്കറ്റ് കീപ്പര്‍ ബാറ്ററായി ആരാവും എത്തുകയെന്നത്. വിക്കറ്റ് കീപ്പര്‍ ബാറ്ററായി സ്‌ക്വാഡിലേക്കെത്താന്‍ റിഷഭ് പന്ത്, കെഎല്‍ രാഹുല്‍, സഞ്‌ജു സാംസണ്‍ എന്നിവര്‍ തമ്മിലാണ് മത്സരമുള്ളത്. ഇവരില്‍ ആര്‍ക്കാവും സെലക്‌ടര്‍മാരുടെ നറുക്ക് വീഴുക എന്നാണ് ആരാധക ലോകം ഉറ്റുനോക്കുന്നത്.
ഇപ്പോഴി ഇന്ത്യയുടെ ടി20 ലോകകപ്പ് ടീമില്‍ മലയാളി താരം സഞ്‌ജു സാംസണെ പിന്തുണച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ഓസ്‌ട്രേലിയയുടെ മുന്‍ സ്‌പിന്നര്‍ ബ്രാഡ് ഹോഗ്. ഇതു സംബന്ധിച്ച് അദ്ദേഹത്തിന്‍റെ വാക്കുകള്‍ ഇങ്ങനെ....
"ഇന്ത്യയുടെ ടി20 ലോകകപ്പ് ടീമില്‍ വിക്കറ്റ് കീപ്പറായി എത്തുക സഞ്ജു സാംസണായിരിക്കുമെന്ന് ഞാൻ കരുതുന്നു. കഴിഞ്ഞ രണ്ട് വർഷമായി അവന്‍ സ്ഥിരതയോടെയാണ് കളിക്കുന്നത്. ടി20 ടീമില്‍ ഉയർന്ന സ്‌ട്രൈക്ക് റേറ്റുള്ള കളിക്കാരെയാണ് വേണ്ടത്.
ബാറ്റുകൊണ്ട് മുതല്‍ക്കൂട്ടാവുന്ന പ്രകടനം നടത്തി രാജസ്ഥാന്‍ റോയല്‍സിനെ മികച്ച രീതിയില്‍ നയിക്കാന്‍ സഞ്‌ജുവിന് കഴിയുന്നുണ്ട്. സ്ഥിരതയോടെയാണ് അവന്‍ റണ്‍സടിക്കുന്നത്. ഇന്ത്യൻ സെലക്‌ടമാർ ടി20 ഫോർമാറ്റില്‍ അവനെ കൂടുതൽ കാലം പിന്തുണയ്‌ക്കേണ്ട സമയമാണിത്. എന്നെ സംബന്ധിച്ചിടത്തോളം ഇന്ത്യൻ ടീമിലെ വിക്കറ്റ് കീപ്പറുടെ റോളില്‍ സഞ്‌ജു സാംസണായിരിക്കും" ഓസീസ് മുന്‍ സ്‌പിന്നര്‍ വ്യക്തമാക്കി.
മൂന്നാം നമ്പറില്‍ വിരാട് കോലിക്ക് വരെ വെല്ലുവിളിയാവന്‍ കഴിയുന്ന താരമാണ് സഞ്‌ജു. വിവിധ പൊസിഷനുകളിൽ താരത്തിന് ബാറ്റ് ചെയ്യാന്‍ കഴിയുമെന്നും ഹോഗ് കൂട്ടിച്ചേര്‍ത്തു.
"റിഷഭ് പന്തിന്‍റെ കാര്യം നോക്കുകയാണെങ്കില്‍ ഐപിഎല്ലില്‍ അവന്‍ ചില അര്‍ധ സെഞ്ചുറികള്‍ നേടിയിട്ടുണ്ട്. എന്നാല്‍ കുറച്ചുകൂടി സ്ഥിരത കാണിക്കേണ്ടതുണ്ട്. സഞ്‌ജുവിന് വിവിധ പൊസിഷനുകളിൽ ബാറ്റ് ചെയ്യാൻ കഴിയുമെന്ന് ഞാൻ കരുതുന്നു.
മൂന്നാം നമ്പറിൽ, ഒരു കീപ്പർ-ബാറ്റർ എന്ന നിലയിൽ അവന്‍ മികച്ചൊരു തിരഞ്ഞെടുപ്പാകും. മൂന്നാം നമ്പറില്‍ ഇനി കോലിക്ക് തന്നെ വെല്ലുവിളിയാവാന്‍ സഞ്‌ജുവിന് കഴിയും. തീർച്ചയായും കെഎൽ രാഹുലിനും പന്തിനും മുന്നിൽ ഞാന്‍ സഞ്‌ജുവിനെ തന്നെയാവും നിര്‍ത്തുക" ബ്രാഡ് ഹോദ് കൂട്ടിച്ചേര്‍ത്തു. അതേസമയം ഇതുവരെ കളിച്ച നാല് മത്സരങ്ങളിൽ രണ്ട് അർധ സെഞ്ചുറികളടക്കം 150.85 സ്‌ട്രൈക്ക് റേറ്റില്‍ 178 റൺസാണ് സഞ്‌ജു നേടിയത്.