കാല്‍പന്ത് കളിയില്‍ മൈതാനത്ത് ഉരുളുന്ന പന്ത് പോലെ തന്നെ പ്രാധാന്യം അര്‍ഹിക്കുന്നതാണ് മത്സരങ്ങളില്‍ ഉപയോഗിക്കുന്ന മഞ്ഞയും (Yellow Card In Football) ചുവപ്പും കാര്‍ഡുകളും (Red Card In Football). മത്സരത്തിനിടെ അച്ചടക്കലംഘനം നടത്തുന്ന താരങ്ങള്‍ക്കും ഓഫീഷ്യല്‍സിനും എതിരെയാണ് ഈ കാര്‍ഡുകള്‍ റഫറിമാര്‍ ഉപയോഗിക്കുന്നത്. ഈ കൂട്ടത്തിലേക്കാണ് ഇനി മുതല്‍ നീല കാര്‍ഡുകളും (Blue Cards in Football) വരാന്‍ ഒരുങ്ങുന്നത്.
അന്താരാഷ്‌ട്ര ഫുട്‌ബോള്‍ അസോസിയേഷന്‍ ബോര്‍ഡാണ് (International Football Association Board - IFAB) പരീക്ഷണാടിസ്ഥാനത്തില്‍ നീല നിറത്തിലുള്ള കാര്‍ഡുകള്‍ ഉപയോഗിക്കാന്‍ തയ്യാറെടുക്കുന്നത്. ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പരീക്ഷണങ്ങള്‍ക്ക് ശേഷം മാത്രമായിരിക്കും ഈ നിയമം നടപ്പിലാക്കാകുക.
നിയമം നടപ്പിലായാല്‍ കഴിഞ്ഞ 50 വര്‍ഷത്തെ ഫുട്‌ബോള്‍ നിയമങ്ങളുടെ ചരിത്രത്തിലെ വിപ്ലവകരമായ മാറ്റങ്ങളില്‍ ഒന്നായി ഇത് മാറും. 1970 ലെ ലോകകപ്പ് മുതലാണ് മഞ്ഞ, ചുവപ്പ് കാര്‍ഡുകള്‍ ഫുട്‌ബോള്‍ മത്സരങ്ങളില്‍ സ്ഥാനം പിടിച്ചത്.
ഫുട്‌ബോളിലേക്ക് എത്തുന്ന നീല കാര്‍ഡ് (What is Blue Card In Football?) : മഞ്ഞ, ചുവപ്പ് കാര്‍ഡുകള്‍ക്ക് ഇടയിലായിരിക്കും ഫുട്‌ബോളില്‍ നീല കാര്‍ഡുകളുടെ സ്ഥാനം. ചുവപ്പ് കാര്‍ഡുകള്‍ നല്‍കാന്‍ സാധിക്കാത്ത ഫൗളുകള്‍ക്കാകും നീല കാര്‍ഡുകള്‍ നല്‍കുക. അനാവശ്യ ഫൗളിന് പുറമെ റഫറി, ലൈൻസ്മെന്‍, ഒഫീഷ്യല്‍സ് എന്നിവരോട് മോശം രീതിയില്‍ പെരുമാറുന്നവര്‍ക്കും നീല കാര്‍ഡ് ലഭിക്കും.
ഒരു പ്രാവശ്യം നീല കാര്‍ഡ് ലഭിച്ചാല്‍ ആ താരം 10 മിനിറ്റ് പുറത്തിരിക്കേണ്ടി വരും. രണ്ട് നീല കാര്‍ഡുകള്‍ ഒരു ചുവപ്പ് കാര്‍ഡിന് സമാനമാണ്. ഇങ്ങനെ ലഭിച്ചാല്‍ ആ താരത്തിന് മത്സരം പൂര്‍ണമായും നഷ്‌ടമാകും. മഞ്ഞയ്‌ക്കൊപ്പം നീല കാര്‍ഡ് ലഭിച്ചാലും അത് ചുവപ്പ് കാര്‍ഡ് പുറത്തെടുക്കേണ്ട സാഹചര്യമായി മാറും.
അടുത്ത സീസണ്‍ മുതലാണ് പരീക്ഷണാടിസ്ഥാനത്തില്‍ നീല കാര്‍ഡുകള്‍ ഉപയോഗിക്കാന്‍ അന്താരാഷ്‌ട്ര ഫുട്‌ബോള്‍ അസോസിയേഷന്‍ ബോര്‍ഡ് പദ്ധതിയിടുന്നത്. ടോപ് ടയര്‍ മത്സരങ്ങളിലേക്ക് നീല കാര്‍ഡുകള്‍ ഉടന്‍ എത്തില്ലെന്നാണ് വിവരം. അതേസമയം, നീല കാര്‍ഡുകളുടെ പരീക്ഷണ ഘട്ടത്തില്‍ തന്നെ ഇവ എഫ്‌എ കപ്പ് (FA Cup) മത്സരങ്ങളില്‍ ഉപയോഗിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.