ധര്‍മ്മശാല: ബാസ്‌ബോളിന്‍റെ (bazball) വമ്പുമായാണ് ഇന്ത്യയില്‍ ടെസ്റ്റ് പരമ്പരയ്‌ക്ക് ഇംഗ്ലണ്ട് എത്തുന്നത് (India vs England Test). എന്നാല്‍ ഇംഗ്ലീഷ് ടീമിനെ ചുരുട്ടിക്കൂട്ടുന്ന പ്രകടനമാണ് ആതിഥേയര്‍ നടത്തിയത്. ഇന്ത്യന്‍ മണ്ണില്‍ മികവ് കാട്ടാന്‍ കഴിയാതെ ഇംഗ്ലീഷ് താരങ്ങളില്‍ പ്രമുഖര്‍ ഉള്‍പ്പെടെ തീര്‍ത്തും നിറം മങ്ങി.
ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സിന്‍റെ (Ben Stokes) പ്രകടനവും ദയനീയമായിരുന്നു. അഞ്ചാം ടെസ്റ്റിലെ രണ്ടാം ഇന്നിങ്‌സിലും താരം പരാജയപ്പെട്ടു. ആര്‍ അശ്വിന്‍റെ (R Ashwin) പന്തില്‍ കുറ്റി തെറിച്ച് മടങ്ങുമ്പോള്‍ വെറും രണ്ട് റണ്‍സ് മാത്രമായിരുന്നു ബെന്‍ സ്റ്റോക്‌സിന് നേടാന്‍ കഴിഞ്ഞത്. ഇതു 13-ാം തവണയാണ് ടെസ്റ്റില്‍ ബെന്‍ സ്റ്റോക്‌സ് അശ്വിന് മുന്നില്‍ അടിയറവ് പറയുന്നത്.
ആദ്യ ഇന്നിങ്‌സില്‍ കുല്‍ദീപിന്‍റെ പന്തില്‍ പൂജ്യത്തിന് പുറത്തായ താരത്തിന് മത്സരത്തില്‍ വെറും രണ്ട് റണ്‍സ് മാത്രമാണ് സമ്പാദ്യം. ഇതോടെ പരമ്പരയിലാകെ കളിച്ച 10 ഇന്നിങ്‌സുകളില്‍ നിന്നായി 199 റണ്‍സ് മാത്രമാണ് 32-കാരന് നേടാന്‍ കഴിഞ്ഞത്. പരിക്കില്‍ നിന്നും തിരികെ എത്തുന്നതിനാല്‍ പന്തെടുക്കാതിരുന്ന സ്റ്റോക്‌സ് സ്‌പെഷ്യലിസ്റ്റ് ബാറ്ററായാണ് ഇന്ത്യയ്‌ക്ക് എതിരെ കളിക്കാന്‍ ഇറങ്ങിയിരുന്നത്.
പ്രസ്‌തുത റോളില്‍ ഇംഗ്ലീഷ് ക്യാപ്റ്റന്‍റെ ഉത്തരവാദിത്വവും ഏറെയായിരുന്നു. ഹൈദാരാബാദില്‍ നടന്ന ആദ്യ ടെസ്റ്റിന്‍റെ ആദ്യ ഇന്നിങ്‌സില്‍ അര്‍ധ സെഞ്ചുറി (70 റണ്‍സ്) നേടാന്‍ കഴിഞ്ഞുവെങ്കിലും പിന്നീട് കാര്യമായ പ്രകടനം നടത്താന്‍ താരത്തിനായിട്ടില്ല. രണ്ടാം ഇന്നിങ്‌സില്‍ അഞ്ച് റണ്‍സിനായിരുന്നു ബെന്‍ സ്റ്റോക്‌സ് കൂടാരം കയറിയത്.
പിന്നീട് ഇന്ത്യന്‍ ബോളര്‍മാര്‍ക്ക് മുന്നില്‍ താരം നിരന്തരം പരാജയപ്പെടുന്നതാണ് കാണാന്‍ കഴിഞ്ഞത്. രണ്ട് മുതല്‍ അഞ്ച് വരെ മത്സരങ്ങളില്‍ യഥാക്രമം 47, 11, 41, 15, 3, 4, 0, 2 എന്നിങ്ങനെയാണ് ബെന്‍ സ്റ്റോക്‌സിന് നേടാന്‍ കഴിഞ്ഞത്. എവിടെയാണെങ്കിലും തങ്ങളുടെ ആക്രമണ ശൈലിയായ ബാസ്‌ബോള്‍ വിട്ടൊരു കളിയുമില്ലെന്നായിരുന്നു ഇംഗ്ലീഷ് താരങ്ങള്‍ പറഞ്ഞുകൊണ്ടിരുന്നത്.
എന്നാല്‍ ജസ്‌പ്രീത് ബുംറ, ആര്‍ അശ്വിന്‍, കുല്‍ദീപ് യാദവ് എന്നിവരെ ആക്രമിക്കണോ അല്ലെങ്കില്‍ പ്രതിരോധിക്കണോ എന്ന കാര്യത്തിൽ മറ്റുപലരെപ്പോലെ തന്നെ ബെൻ സ്റ്റോക്ക്സിനും ഉറപ്പില്ലാത്തത് പോലെയായിരുന്നു താരത്തിന്‍റെ ഏറെ പുറത്താവലുകളുമുണ്ടായത്. പരമ്പരയിലെ തന്നെ ആദ്യ ഓവര്‍ അഞ്ചാം ടെസ്റ്റിലായിരുന്നു ബെന്‍ സ്റ്റോക്‌സ് എറിഞ്ഞത്. സെഞ്ചുറി പിന്നിട്ട ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ ഈ ഓവറില്‍ ബൗള്‍ഡാക്കാനും താരത്തിന് കഴിഞ്ഞിരുന്നു എന്നതില്‍ താരത്തിന് ആശ്വസിക്കാം.
ALSO READ: ഇതിഹാസം...! ടെസ്റ്റ് ക്രിക്കറ്റില്‍ 700 വിക്കറ്റ്, ചരിത്രനേട്ടം സ്വന്തമാക്കി ജെയിംസ് ആന്‍ഡേഴ്‌സണ്‍
അതേസമയം അഞ്ചാം ടെസ്റ്റിന് ഇറങ്ങും മുമ്പ് തന്നെ പരമ്പര ഇന്ത്യ കൈപ്പിടിയിലാക്കിയിരുന്നു. ബാസ്‌ബോള്‍ യുഗത്തില്‍ ആദ്യ പരമ്പര നഷ്‌ടമാവുയാണ് സഹതാരങ്ങളെ കൂട്ടി ബെന്‍ സ്റ്റോക്‌സ് തിരികെ മടങ്ങുക. ആദ്യ മത്സരത്തില്‍ വിജയിച്ചതിന് ശേഷമാണ് ഇംഗ്ലണ്ട് പരമ്പര കൈവിട്ടത്. ഇതിന് മുന്നെ കളിച്ച ഏഴ് പരമ്പരകളില്‍ നാലെണ്ണം വിജയിച്ച ഇംഗ്ലണ്ട് മൂന്നെണ്ണം സമനിലയിലും പിടിച്ചിരുന്നു. തിരികെ മടങ്ങുമ്പോള്‍ ആളും തരവും നോക്കി കളിക്കാന്‍ ഇംഗ്ലീഷ് ടീം പഠിച്ചിട്ടുണ്ടാവുമെന്നുറപ്പ്.