രാജ്‌കോട്ട് : രാജ്‌കോട്ട് ടെസ്റ്റില്‍ (India vs England 3rd Test) ഇന്ത്യയ്‌ക്കെതിരായ ഇംഗ്ലണ്ടിന്‍റെ ബാറ്റിങ് ആക്രമണത്തിന് നേതൃത്വം നല്‍കുന്നത് ഓപ്പണര്‍ ബെന്‍ ഡക്കറ്റാണ് (Ben Duckett). ഇന്ത്യ നേടിയ 445 റണ്‍സിന് മറുപടി നല്‍കുന്ന ഇംഗ്ലണ്ടിനായി സെഞ്ചുറി പ്രകടനം നടത്തിയ ബെന്‍ ഡക്കറ്റ് രണ്ടാം ദിന മത്സരം അവസാനിക്കുമ്പോള്‍ പുറത്താവാതെ നില്‍ക്കുകയാണ്. 118 പന്തുകളില്‍ 133 റണ്‍സാണ് താരത്തിന്‍റെ അക്കൗണ്ടില്‍ നിലവിലുള്ളത്.
ബാസ്‌ബോള്‍ ശൈലിയില്‍ ബാറ്റ് വീശിയ ഇടങ്കയ്യന്‍ 88 പന്തുകളില്‍ നിന്നാണ് മൂന്നക്കത്തിലേക്ക് എത്തിയത്. ഇതോടെ ഒരു തകര്‍പ്പന്‍ റെക്കോഡ് പോക്കറ്റിലാക്കിയിരിക്കുകയാണ് താരം. ടെസ്റ്റില്‍ ഇന്ത്യന്‍ മണ്ണില്‍ ഏറ്റവും വേഗത്തില്‍ സെഞ്ചുറിയടിക്കുന്ന ഇംഗ്ലീഷ് ബാറ്ററാണ് ബെന്‍ ഡക്കറ്റ്.
മൊത്തത്തിലുള്ള പട്ടികയില്‍ മൂന്നാം സ്ഥാനം സ്വന്തമാക്കാനും ഡക്കറ്റിന് കഴിഞ്ഞിട്ടുണ്ട്. 2001-ല്‍ മുംബൈയില്‍ 84 റണ്‍സില്‍ സെഞ്ചുറി തികച്ച ഓസീസിന്‍റെ ആദം ഗില്‍ക്രിസ്റ്റാണ് പട്ടികയില്‍ തലപ്പത്ത്. 1974-ല്‍ ബെംഗളൂരുവില്‍ 85 പന്തുകളില്‍ മൂന്നക്കംതൊട്ട വിന്‍ഡീസിന്‍റെ ക്ലൈവ് ഹ്യൂബർട്ട് ലോയ്‌ഡാണ് ഡക്കറ്റിന് മുന്നിലുള്ള മറ്റൊരു താരം.
99 പന്തുകളില്‍ സെഞ്ചുറിയടിച്ച ന്യൂസിലന്‍ഡിന്‍റെ റോസ് ടെയ്‌ലറാണ് ഇംഗ്ലീഷ് താരത്തിന് പിന്നിലുള്ളത്. 2012-ല്‍ ബെംഗളൂരുവിലാണ് കിവീസ് താരം 99 പന്തുകളില്‍ സെഞ്ചുറി നേടിയത്. അതേസമയം രാജ്‌കോട്ടില്‍ രണ്ടാം ദിന മത്സരം അവസാനിക്കുമ്പോള്‍ രണ്ട് വിക്കറ്റ് മാത്രം നഷ്‌ടത്തില്‍ 207 റണ്‍സിലേക്ക് എത്താന്‍ ഇംഗ്ലണ്ടിന് കഴിഞ്ഞിട്ടുണ്ട്.
ജോ റൂട്ടാണ് (13 പന്തില്‍ 9) ഡക്കറ്റിനൊപ്പം പുറത്താവാതെ നില്‍ക്കുന്നത്. ആദ്യ വിക്കറ്റില്‍ 89 റണ്‍സടിച്ച് മികച്ച തുടക്കമാണ് ഇംഗ്ലണ്ടിന് ഓപ്പണര്‍മാരായ ബെന്‍ ഡക്കറ്റും സാക്ക് ക്രൗളിയും നല്‍കിയത്. സാക്ക് ക്രൗളിയെ (28 പന്തില്‍ 15) രജത് പടിദാറിന്‍റെ കയ്യിലെത്തിച്ച് അശ്വിനാണ് (R Ashwin) ഇന്ത്യയ്‌ക്ക് കാത്തിരുന്ന ബ്രേക്ക് ത്രൂ നല്‍കിയത്. ടെസ്റ്റില്‍ ഇന്ത്യന്‍ ഓഫ് സ്‌പിന്നറുടെ 500-ാം വിക്കറ്റാണിത്. തുടര്‍ന്ന് എത്തിയ ഒല്ലി പോപ്പിനൊപ്പം (55 പന്തില്‍ 39 ) 93 റണ്‍സ് ചേര്‍ക്കാനും ഡക്കറ്റിനായി.
ALSO READ: ബാറ്റ് ചെയ്യാതെ ഇംഗ്ലണ്ടിന് അഞ്ച് റൺസ്, രാജ്കോട്ടില്‍ ഇന്ത്യയ്ക്ക് പെനാല്‍റ്റി കിട്ടിയതിങ്ങനെ...
ഇന്ത്യ പ്ലെയിങ് ഇലവൻ (India Playing XI For Rajkot Test) : രോഹിത് ശർമ (ക്യാപ്റ്റന്‍), യശസ്വി ജയ്‌സ്വാൾ, ശുഭ്‌മാൻ ഗിൽ, രജത് പടിദാർ, സർഫറാസ് ഖാൻ, ധ്രുവ് ജുറൈൽ (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, രവിചന്ദ്രൻ അശ്വിൻ, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്.
ഇംഗ്ലണ്ട് പ്ലെയിങ് ഇലവന്‍ (England playing XI for Rajkot Test): സാക്ക് ക്രൗളി, ബെന്‍ ഡക്കറ്റ്, ഒലീ പോപ്പ്, ജോ റൂട്ട്, ജോണി ബെയര്‍സ്റ്റോ, ബെന്‍ സ്റ്റോക്‌സ് (ക്യാപ്റ്റന്‍), ബെന്‍ ഫോക്‌സ് (വിക്കറ്റ് കീപ്പര്‍), റെഹാന്‍ അഹമ്മദ്, ടോം ഹാര്‍ട്‌ലി, മാര്‍ക്ക് വുഡ്, ജെയിംസ് ആന്‍ഡേഴ്‌സണ്‍.