ന്യൂഡൽഹി : ഐപിഎല്‍ വേദികളിലെ ഗ്രൗണ്ട്സ്‌മാൻമാർക്കും ക്യൂറേറ്റർമാർക്കും അഭിനന്ദന സൂചകമായി 25 ലക്ഷം രൂപ വീതം നൽകുമെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ. ഗ്രൗണ്ട്സ്‌മാൻമാർക്കും ക്യൂറേറ്റർമാർക്കും എക്‌സിലെ പോസ്റ്റില്‍ നന്ദി പറഞ്ഞുകൊണ്ടാണ് ജയ് ഷായുടെ പ്രഖ്യാപനം.
'നമ്മുടെ വിജയകരമായ ഐപിഎല്‍ സീസണിലെ വാഴ്ത്തപ്പെടാത്ത നായകര്‍, കഠിനമായ കാലാവസ്ഥയിൽ പോലും മികച്ച പിച്ചുകൾ നൽകാൻ അശ്രാന്തം പ്രവർത്തിച്ച ഗ്രൗണ്ട് സ്റ്റാഫുകളാണ്. ഞങ്ങളുടെ അഭിനന്ദന സൂചകമായി ഐപിഎല്ലിന്‍റെ 10 സ്ഥിര വേദികളിലെ ഗ്രൗണ്ട്സ്‌മാൻമാർക്കും ക്യൂറേറ്റർമാർക്കും 25 ലക്ഷം രൂപ വീതം നല്‍കുകയാണ്. കൂടാതെ 3 അധിക വേദികളിലുണ്ടായിരുന്നവര്‍ക്ക് 10 ലക്ഷം രൂപ വീതവും ലഭിക്കും. നിങ്ങളുടെ അർപ്പണ ബോധത്തിനും കഠിനാധ്വാനത്തിനും നന്ദി!'- ജയ് ഷാ എക്‌സില്‍ കുറിച്ചു.
17-ാം സീസണില്‍ വിജയികളായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെയും ജയ് ഷാ അഭിനന്ദിച്ചു. 'ഐപില്‍ 2024-ല്‍ കിരീടം നേടിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് അഭിനന്ദനങ്ങൾ!. ടൂർണമെന്‍റിലുടനീളം ടീം മികച്ച സ്ഥിരത കാഴ്‌ചവെച്ചു.
ടീമിനെ മികച്ച രീതിയിൽ നയിച്ചതിന് ശ്രേയസ് അയ്യറിനും വിജയകരമായ മറ്റൊരു സീസൺ കൂടി സമ്മാനിച്ച ക്രിക്കറ്റ് ആരാധകർക്കും ഒരിക്കൽ കൂടി നന്ദി.' ജയ് ഷാ എക്‌സില്‍ കുറിച്ചു.
മുംബൈ, ഡൽഹി, ചെന്നൈ, കൊൽക്കത്ത, ചണ്ഡീഗഡ്, ഹൈദരാബാദ്, ബെംഗളൂരു, ലഖ്‌നൗ, അഹമ്മദാബാദ്, ജയ്‌പൂർ എന്നിവയാണ് ഐപിഎല്ലിന്‍റെ 10 സ്ഥിര വേദികൾ. ഗുവാഹത്തി, വിശാഖപട്ടണം, ധർമശാല എന്നിവയായിരുന്നു ഈ വർഷത്തെ അധിക വേദികൾ.