ലെവര്‍കൂസൻ: യുവേഫ യൂറോപ്പ ലീഗ് ഫൈനലില്‍ ബയേര്‍ ലെവര്‍കൂസൻ അറ്റ്‌ലാന്‍റ പോരാട്ടം. ഇരു പാദങ്ങളിലായി നടന്ന സെമി ഫൈനല്‍ പോരാട്ടങ്ങളില്‍ എഎസ് റോമ, മാര്‍സിലെ ടീമുകളെ മറികടന്നാണ് ലെവര്‍കൂസന്‍റെയും അറ്റ്‌ലാന്‍റയുടെയും മുന്നേറ്റം. ഡബ്ലിനില്‍ മെയ് 23നാണ് കലാശപ്പോരാട്ടം.
ലെവര്‍കൂസന്‍റെ തിരിച്ചുവരവ്: ഒന്നാം പാദ സെമിയില്‍ എഎസ് റോമയെ അവരുടെ തട്ടകത്തില്‍ കയറി എതിരില്ലാത്ത രണ്ട് ഗോളിന് തകര്‍ത്തതിന്‍റെ ആത്മവിശ്വാസത്തിലാണ് ബയേര്‍ ലെവര്‍കൂസൻ രണ്ടാം പാദ മത്സരത്തിനായി തങ്ങളുടെ ഹോം ഗ്രൗണ്ടില്‍ ഇറങ്ങിയത്. എന്നാല്‍, മത്സരത്തിന്‍റെ ഒരുഘട്ടം വരെ ഇറ്റാലിയൻ ക്ലബിന്‍റെ പോരാട്ടത്തിന് മറുപടി പറയാൻ സാധിക്കാതെ പിന്നിലായിരുന്നു ലെവര്‍കൂസൻ. ലിയാന്‍ഡ്രോ പരെഡെസിന്‍റെ ഇരട്ടഗോളുകളിലൂടെ അഗ്രിഗേറ്റഡ് സ്കോറില്‍ ആതിഥേയര്‍ക്ക് ഒപ്പം പിടിക്കാൻ റോമയ്‌ക്കായി.
മത്സരത്തിന്‍റെ 43-ാം മിനിറ്റിലും 66-ാം മിനിറ്റിലും പെനാല്‍റ്റിയിലൂടെയാണ് പരെഡെസ് എഎസ് റോമയ്‌ക്കായി ഗോള്‍ നേടിയത്. ഇതോടെ, വിജയിയെ കണ്ടെത്താൻ എക്‌സ്ട്രാ ടൈം വേണ്ടിവരുമെന്ന് ആരാധകര്‍ കരുതി. എന്നാല്‍, 82-ാം മിനിറ്റില്‍ എഎസ് റോമൻ താരം ജിയാൻലൂക മഞ്ചിനിയുടെ സെല്‍ഫ് ഗോള്‍ ലെവര്‍കൂസനെ മത്സരത്തില്‍ ഒപ്പമെത്തിച്ചു.
ഇതിന് പിന്നാലെ ആക്രമണം കടുപ്പിച്ച ലെവര്‍കൂസൻ ഇഞ്ചുറി ടൈമിലെ ഏഴാം മിനിറ്റില്‍ സമനില ഗോളും നേടി. ജോസിപ് സ്റ്റാനിസിച്ചായിരുന്നു ഗോള്‍ സ്കോേറര്‍. സമനിലയോടെ സീസണില്‍ തോല്‍വി അറിയാതെ 49 മത്സരങ്ങളും ബയേര്‍ ലെവര്‍കൂസൻ പൂര്‍ത്തിയാക്കി.
മാര്‍സിലയെ തകര്‍ത്ത് അറ്റ്‌ലാന്‍റ: യൂറോപ്പ ലീഗിലെ മറ്റൊരു സെമി ഫൈനല്‍ പോരാട്ടത്തില്‍ മാര്‍സിലയെ എതിരില്ലാത്ത മൂന്ന് ഗോളിനാണ് അറ്റ്‌ലാന്‍റ പരാജയപ്പെടുത്തിയത്. ലൂക്മാൻ, റുഗേരി, ടൂറെ എന്നിവരായിരുന്നു മത്സരത്തില്‍ ഗോളുകള്‍ നേടിയത്. രണ്ട് പാദങ്ങളിലായി നടന്ന സെമിയില്‍ 4-1എന്ന അഗ്രിഗേറ്റഡ് സ്കോറിനാണ് അറ്റ്‌ലാന്‍റ ജയം നേടിയത്.