ബാഴ്‌സലോണ: തങ്ങളുടെ ഇതിഹാസ താരങ്ങളുടെ പട്ടികയില്‍ നിന്നും മുന്‍ സ്‌ട്രൈക്കര്‍ ഡാനി ആല്‍വസിനെ (Dani Alves ) സ്‌പാനിഷ് ക്ലബ് ബാഴ്‌സലോണ ( Barcelona) ഒഴിവാക്കിയതായി റിപ്പോര്‍ട്ട്. ബലാത്സംഗ കേസില്‍ 40-കാരനെതിരെ ശിക്ഷ വിധിക്കപ്പെട്ടതിന് പിന്നാലെയാണ് ബ്രസീലിന്‍റെ മുന്‍ താരത്തിനെതിരായ ബാഴ്‌സയുടെ നിര്‍ണായക തീരുമാനം. ബാഴ്‌സയ്‌ക്കായി 2008 മുതല്‍ക്ക് 2016 വരെയുള്ള കാലയളവില്‍ പന്ത് തട്ടിയ താരമാണ് ഡാനി ആല്‍വസ്.
ക്ലബിനൊപ്പം വിവിധ ടൂര്‍ണമെന്‍റുകളിലായി 23 ട്രോഫികള്‍ നേടിയിട്ടുണ്ട്. ആറ് ലീഗ് കിരീടങ്ങളും മൂന്നു ചാമ്പ്യൻസ് ട്രോഫിയും ഇക്കൂട്ടത്തിലുണ്ട്. ബാഴ്‌സയുടെ 125 വർഷങ്ങള്‍ നീണ്ട ചരിത്രത്തില്‍ 102 താരങ്ങള്‍ക്ക് മാത്രമാണ് ഇതിഹാസ പദവി ലഭിച്ചിട്ടുള്ളത്. ജോഡി ആല്‍ബ, സെർജിയോ ബുസ്‌കെറ്റ്‌സ്, ജെറാർഡ് പിക്വെ എന്നിവർക്കാണ് അവസാനമായി പദവി നല്‍കിയത്.
ബാഴ്‌സലോണയിലെ നിശാക്ലബ്ബില്‍വച്ച് യുവതിയ്‌ക്ക് എതിരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ നാലര വര്‍ഷമാണ് കോടതി ഡാനി ആല്‍വസിനെ ശിക്ഷിച്ചിരിക്കുന്നത്. 9,000 യൂറോ പിഴയും വിധിച്ചിട്ടുണ്ട്. 2022 ഡിസംബർ 31-നാണ് കേസിനാസ്പദമായ സംഭവം അരങ്ങേറുന്നത്. തുടര്‍ന്ന് ജനുവരി രണ്ടിനാണ് യുവതി ബ്രസീലിന്‍റെ മുന്‍ താരത്തിനെതിരെ പരാതി നല്‍കുന്നത്.
പരാതി ലഭിച്ചത് മുതല്‍ക്ക് താല്‍ക്കാലിക തടവിലായിരുന്നു ഡാനി ആല്‍വസ്. പൊലീസിന്‍റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടും ഇരയുടെയും മറ്റ് സാക്ഷികളുടെയും മൊഴികളുടെ അടിസ്ഥാനത്തിലായിരുന്നു ഡാനി ആല്‍വസിനെ തടവിലാക്കാന്‍ കോടതി നിര്‍ദേശിച്ചത്. ഇതിനിടെ ഡാനി ആൽവസ് ജാമ്യത്തിന് ശ്രമിച്ചിരുന്നുവെങ്കിലും അപേക്ഷ കോടതി തള്ളുകയായിരുന്നു.
രാജ്യം വിടാനുള്ള സാധ്യത കളക്കിലെടുത്തായിരുന്നു കോടതി നടപടി. ജാമ്യാപേക്ഷയില്‍ തനിക്ക് എതിരെയുള്ള ആരോപണങ്ങള്‍ ഡാനി ആൽവസ് നിഷേധിച്ചിരുന്നു. പരാതിക്കാരിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടത് ഉഭയസമ്മത പ്രകാരമാണെന്നായിരുന്നു ഇയാളുടെ വാദം. കേസില്‍ ഉള്‍പ്പെടുന്ന സമയത്ത് മെക്സിക്കൻ ക്ലബായ പ്യൂമാസിന്‍റെ താരമായിരുന്നു ഡാനി ആല്‍വസ്.
ALSO READ: വെംബ്ലിയില്‍ 'ചെമ്പട തേരോട്ടം', ചെല്‍സിയെ കീഴടക്കി കരബാവോ കപ്പില്‍ മുത്തമിട്ട് ലിവര്‍പൂള്‍
കേസില്‍ ജയിലിലായതോടെ താരവുമായുള്ള കരാര്‍ 2023 ജനുവരിയില്‍ പ്യൂമാസ് റദ്ദാക്കിയിരുന്നു. ക്ലബ്ബിനായി 13 മത്സരങ്ങളിലായിരുന്നു ഡാനി ആല്‍വസ് കളിച്ചിട്ടുള്ളത്. പ്യൂമാസിന്‍റെ സ്‌പിരിറ്റിനും മൂല്യങ്ങൾക്കും വിരുദ്ധമായ ഒരു പ്രവര്‍ത്തിയും വച്ചുപൊറുപ്പിക്കാന്‍ കഴിയില്ലെന്നായിരുന്നു ഡാനി ആല്‍വസുമായുള്ള കാര്‍ റദ്ദാക്കിക്കൊണ്ട് ക്ലബ് പ്രസിഡന്‍റ് ലിയോപോള്‍ഡോ സില്‍വ പ്രതികരിച്ചത്. മെക്‌സിക്കോയിലെ നാഷണൽ ഓട്ടോണമസ് യൂണിവേഴ്‌സിറ്റിയുമായി പ്യൂമാസിന് ബന്ധമുണ്ട്.