മലേഷ്യ: ബാഡ്‌മിന്‍റണ്‍ ഏഷ്യ ടീം ചാമ്പ്യൻഷിപ്പില്‍ ചരിത്രത്തില്‍ ആദ്യമായി സെമി ഫൈനലിന് യോഗ്യത നേടി ഇന്ത്യൻ വനിത സംഘം. ക്വാര്‍ട്ടര്‍ ഫൈനലില്‍ ഹോങ്കോങ്ങിനെയാണ് ഇന്ത്യൻ ടീം തകര്‍ത്തത്. ഒളിമ്പിക് മെഡല്‍ ജേതാവ് പിവി സിന്ധുവിന്‍റെ മികവിലായിരുന്നു ഇന്ത്യയുടെ കുതിപ്പ്.
ക്വാര്‍ട്ടര്‍ ഫൈനലില്‍ ലോ സിന്‍ യാന്‍ ഹാപ്പിയ്‌ക്കെതിരെ (Lo Sin Yan Happy) മികച്ച രീതിയിലാണ് സിന്ധു തുടങ്ങിയത്. 21-7 എന്ന സ്കോറിന് ഇന്ത്യന്‍ താരം ആദ്യ ഗെയിം സ്വന്തമാക്കുകയും ചെയ്‌തു. എന്നാല്‍, രണ്ടാം ഗെയിമില്‍ ഹോങ്കോങ് താരം തിരിച്ചടിച്ചു. 16-21 എന്ന സ്കോറിലായിരുന്നു സിന്ധുവിന് രണ്ടാം ഗെയിം കൈവിടേണ്ടി വന്നത്.
മൂന്നാം ഗെയിമില്‍ സിന്ധു ശക്തമായി തിരിച്ചുവന്നു. 21-12 എന്ന സ്കോറില്‍ കളി പിടിച്ച് മത്സരത്തില്‍ ഇന്ത്യയ്‌ക്ക് ലീഡ് സമ്മാനിക്കാനും പിവി സിന്ധുവിനായി. വനിത ഡബിൾസിൽ തനിഷ ക്രാസ്റ്റോ - അശ്വിനി പൊന്നപ്പ സഖ്യം നേരിട്ടുള്ള ഗെയിമുകള്‍ക്കാണ് ജയിച്ചത്. 21-10, 21-14 എന്ന സ്കോറിനായിരുന്നു വനിത ഡബിള്‍സില്‍ ഇന്ത്യയുടെ ജയം. അവസാന പോരാട്ടത്തില്‍ അഷ്‌മിത ചാലിഹയും (Ashmita Chaliha) ഇന്ത്യയ്‌ക്കായി ജയം സ്വന്തമാക്കുകയായിരുന്നു.
സെമിയില്‍ ടോപ് സീഡ് ജപ്പാനാണ് ഇന്ത്യയുടെ എതിരാളി. ക്വാര്‍ട്ടറില്‍ ചൈനയെ തകര്‍ത്താണ് ജപ്പാന്‍ അവസാന നാലില്‍ ഇടം പിടിച്ചത്.