സിഡ്‌നി : ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസ് പുരുഷ സിംഗിള്‍സ് ചാമ്പ്യനെ ഇന്നറിയാം (Australian Open 2024 Men's Singles Final). ഇറ്റലിയുടെ യാനിക് സിനറും റഷ്യയുടെ ഡാനില്‍ മെദ്‌വദേവും തമ്മിലാണ് കലാശക്കളിയിലെ പോരാട്ടം (Jannik Sinner vs Daniil Medvedev). ഇന്ത്യന്‍ സമയം ഉച്ചയ്‌ക്ക് രണ്ടിന് റോഡ് ലേവര്‍ അരീനയിലാണ് മത്സരം ആരംഭിക്കുന്നത്. 19 വര്‍ഷത്തിനിടെ ഇത് ആദ്യമായാണ് റോജര്‍ ഫെഡറര്‍, നൊവാക്ക് ജോക്കോവിച്ച്, റാഫേല്‍ നദാല്‍ എന്നിവരില്‍ ആരുമില്ലാതെ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ഫൈനലിനായി വേദിയൊരുങ്ങുന്നത്.
ആദ്യ ഗ്രാന്‍ഡ്‌സ്ലാം കിരീടം തേടിയാണ് 22കാരനായ യാനിക് സിനര്‍ ഇന്ന് മെദ്‌വദേവിനെതിരായ ഫൈനല്‍ മത്സരത്തിനിറങ്ങുന്നത്. സെമി ഫൈനലില്‍ ടെന്നീസ് ഇതിഹാസം നൊവാക്ക് ജോക്കോവിച്ചിനെ അനായാസം മറികടക്കാന്‍ സാധിച്ചുവെന്നത് താരത്തിന് ആത്മവിശ്വാസം നല്‍കുന്ന കാര്യമാണ്. സെമി ഫൈനലിലെ ജയത്തോടെ ഓസ്‌ട്രേലിയന്‍ ഓപ്പണിലെ ജോക്കോവിച്ചിന്‍റെ അപരാജിത കുതിപ്പിനായിരുന്നു സിനര്‍ തടയിട്ടത്.
മറുവശത്ത്, അലക്‌സാണ്ടര്‍ സരേവിനെതിരെ ആവേശകരമായ ജയം നേടിക്കൊണ്ടായിരുന്നു മെദ്‌വദേവ് ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ഫൈനലില്‍ സ്ഥാനം പിടിച്ചത്. അഞ്ച് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിലായിരുന്നു താരത്തിന്‍റെ ജയം. മത്സരത്തില്‍ ആദ്യ രണ്ട് സെറ്റുകളും സരേവ് സ്വന്തമാക്കിയിരുന്നു. തുടര്‍ന്നുള്ള മൂന്ന് സെറ്റുമായിരുന്നു മെദ്‌വദേവ് സ്വന്തമാക്കിയത്.
ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ ആദ്യ കിരീടമാണ് മെദ്‌വദേവിന്‍റെയും ലക്ഷ്യം. നേരത്തെ, 2021, 2022 വര്‍ഷങ്ങളില്‍ താരം ടൂര്‍ണമെന്‍റിന്‍റെ ഫൈനലില്‍ പ്രവേശിച്ചിട്ടുണ്ട്. നൊവാക്ക് ജോക്കോവിച്ച്, റാഫേല്‍ നദാല്‍ എന്നിവരോടായിരുന്നു അന്ന് താരം പരാജയപ്പെട്ടത്.
നേര്‍ക്കുനേര്‍ പോരിലെ കണക്ക് (Jannik Sinner vs Daniil Medvedev Head To Head Stats): എടിപി ടൂര്‍ണമെന്‍റുകളില്‍ ഇതുവരെ 9 പ്രാവശ്യമാണ് സിനറും മെദ്‌വദേവും തമ്മില്‍ ഏറ്റുമുട്ടിയിട്ടുള്ളത്. അതില്‍, ആറ് പ്രാവശ്യവും ഇറ്റാലിയന്‍ താരത്തിനെതിരെ ജയം നേടിയത് മെദ്‌വദേവ് ആയിരുന്നു. ഇരുവരും നേര്‍ക്കുനേര്‍ പോരടിച്ച അവസാനത്തെ മൂന്ന് മത്സരങ്ങളിലും സിനറിനൊപ്പമായിരുന്നു ജയം. ഗ്രാന്‍ഡ്‌സ്ലാം വേദിയില്‍ ഇരുവരും മുഖാമുഖം വരുന്ന ആദ്യ മത്സരം കൂടിയാണ് ഇന്നത്തേത്.
കിരീടം നിലനിര്‍ത്തി അര്യാന സബലേങ്ക: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ വനിത സിംഗിള്‍സ് ചാമ്പ്യനായി അര്യാന സബലേങ്ക. ചൈനീസ് താരം ചിന്‍വെന്‍ ത്സൗങ്ങിനെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് സബലേങ്ക പരാജയപ്പെടുത്തിയത്. തുടര്‍ച്ചയായ രണ്ടാമത്തെ പ്രാവശ്യമാണ് സബലേങ്ക ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ ചാമ്പ്യനാകുന്നത്. സ്‌കോര്‍: 6-3, 6-2
Also Read : 'ചാമ്പ്യനായി' രോഹൻ ബൊപ്പണ്ണ, ഓസ്ട്രേലിയൻ ഓപ്പണിൽ 43കാരന് 'കന്നി കിരീടം'