മുംബൈ: കളിക്കളത്തില്‍ എതിരാളികളെ പ്രകോപിപ്പിക്കുന്നതില്‍ എന്നും മുൻപന്തിയിലാണ് ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ടീമിന്‍റെ സ്ഥാനം. എന്നാല്‍, തങ്ങളെയും സ്ലെഡ്‌ജ് ചെയ്‌ത് വീഴ്‌ത്താൻ കെല്‍പ്പുള്ള ഒരാള്‍ ഇന്ത്യൻ ടീമിനൊപ്പം ഉണ്ടെന്ന് തുറന്ന് പറയുകയാണ് ഓസ്‌ട്രേലിയൻ താരങ്ങള്‍. ഇന്ത്യൻ സ്റ്റാര്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷഭ് പന്തിനെക്കുറിച്ചാണ് ഓസ്‌ട്രേലിയൻ താരങ്ങളായ പാറ്റ് കമ്മിൻസ്, സ്റ്റീവ് സ്‌മിത്ത്, മാര്‍നസ് ലബുഷെയ്‌ൻ, ട്രാവിസ് ഹെഡ്, ഉസ്‌മാൻ ഖവാജ, മിച്ചല്‍ സ്റ്റാര്‍ക്ക്, നാഥൻ ലിയോണ്‍, ജോഷ് ഹേസല്‍വുഡ് എന്നിവര്‍ ഇത്തരത്തില്‍ ഒരു അഭിപ്രായ പ്രകടനം നടത്തിയത്.
സ്റ്റാര്‍സ്‌പോര്‍ട്‌സ് സംഘടിപ്പിച്ച ചാറ്റ് ഷോയിലായിരുന്നു ഓസീസ് താരങ്ങളുടെ വെളിപ്പെടുത്തല്‍. കൂടുതല്‍ സ്ലെഡ്‌ജ് ചെയ്യുന്ന ഇന്ത്യൻ താരം ആരാണ് എന്നായിരുന്നു ഷോയിലെ ചോദ്യം. ഇതിനുള്ള മറുപടിയായി തങ്ങള്‍ക്ക് നല്‍കിയ ബോര്‍ഡില്‍ റിഷഭ് പന്തിന്‍റെ പേര് താരങ്ങള്‍ ഒരേ സമയം എഴുതുകയായിരുന്നു. കളിക്കളത്തില്‍ പലപ്പോഴായി ഓസീസ് താരങ്ങളുമായി കൊമ്പുകോര്‍ത്തിട്ടുള്ള ഇന്ത്യൻ മുൻ നായകൻ വിരാട് കോലിയെ ഉള്‍പ്പടെ ഒഴിവാക്കിയാണ് തങ്ങളെ കൂടുതല്‍ പ്രകോപിപ്പിക്കുന്ന ഇന്ത്യൻ താരമായി റിഷഭ് പന്തിനെ ഓസ്‌ട്രേലിയൻ താരങ്ങള്‍ തെരഞ്ഞെടുത്തത്.
" main (sledging) pyaar se karta hu!" 🤭
— Star Sports (@StarSportsIndia) October 4, 2024
never change, @RishabhPant17 😂 Once again, wishing you a Pant-astic year ahead! 🥳
See him soon in the #ToughestRivalry! #AUSvINDOnStar, starts NOV 22! pic.twitter.com/TIbRLQoTH3
തമാശയ്‌ക്കായാണ് താൻ ഓസ്‌ട്രേലിയൻ താരങ്ങളുമായി കളിക്കളത്തില്‍ കൊമ്പുകോര്‍ക്കുന്നത് എന്നാണ് സ്റ്റാര്‍ സ്പോര്‍ട്‌സ് പുറത്തുവിട്ട വീഡിയോയില്‍ റിഷഭ് പന്ത് വ്യക്തമാക്കുന്നത്. ഓസീസ് ക്രിക്കറ്റ് താരങ്ങളുമായി തനിക്ക് യാതൊരു തരത്തിലുള്ള വിരോധവും ഇല്ലെന്നും ഇന്ത്യൻ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ അഭിപ്രായപ്പെടുന്നുണ്ട്.
അതേസമയം, ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിക്കായി മൂന്നാമത്തെ പ്രാവശ്യം ഓസ്‌ട്രേലിയയിലേക്ക് പോകാനുള്ള തയ്യാറെടുപ്പുകളിലാണ് റിഷഭ് പന്ത്. ഇന്ത്യയുടെ ഓസ്‌ട്രേലിയൻ പര്യടനത്തിനുള്ള സ്ക്വാഡിനെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും പരമ്പരയില്‍ ടീമില്‍ ഇടം ഉറപ്പുള്ള താരമാണ് പന്ത്. അതുകൊണ്ട് തന്നെ കഴിഞ്ഞ രണ്ട് തവണയും ഓസ്‌ട്രേലിയൻ മണ്ണില്‍ ഓസീസ് താരങ്ങളുടെ ഉറക്കം കെടുത്തിയ ഇന്ത്യൻ വിക്കറ്റ് കീപ്പര്‍ ബാറ്ററുടെ ഇത്തവണത്തെ പ്രകടനം കാണാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.
ഈ വര്‍ഷത്തെ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിക്കായി നവംബര്‍ ആദ്യവാരമായിരിക്കും ഇന്ത്യൻ ടീം ഓസ്‌ട്രേലിയയിലേക്ക് പുറപ്പെടുക. പരിശീലന മത്സരങ്ങള്‍ക്ക് ശേഷം നവംബര്‍ 22നാണ് പരമ്പരയിലെ ആദ്യ മത്സരം ആരംഭിക്കുന്നത്. ജനുവരി വരെ നീളുന്ന പര്യടനത്തില്‍ അഞ്ച് ടെസ്റ്റ് മത്സരങ്ങളാണ് ഇന്ത്യ കളിക്കുക.
Also Read : രഞ്ജി കളിക്കാൻ സഞ്ജുവില്ല, കേരളത്തിന്‍റെ നായകനായി സൂപ്പര്‍ താരം; കാരണം ഇതാണ്