ദുബായ്: ന്യൂസിലന്‍ഡിനെതിരായ രണ്ട് മത്സര പരമ്പര (New Zealand vs Australia) തൂത്തുവാരിയിട്ടും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്‍റ് ടേബിളില്‍ (WTC points table) ഇന്ത്യയെ മറിക്കാന്‍ കഴിയാതെ ഓസ്‌ട്രേലിയ. 60.50 പോയിന്‍റ് ശതമാനത്തോടെ നിലവില്‍ രണ്ടാം സ്ഥാനത്താണ് ഓസീസ് (Australia Cricket Team) ഉള്ളത്. 12 മത്സരങ്ങള്‍ കളിച്ച ടീമിന് 90 പോയിന്‍റാണുള്ളത്. എട്ട് മത്സരങ്ങള്‍ വിജയിച്ചപ്പോള്‍ മൂന്നെണ്ണത്തില്‍ ടീം തോല്‍വി വഴങ്ങി.
കഴിഞ്ഞ ആഷസില്‍ ഇംഗ്ലണ്ടിനെതിരെ രണ്ട് മത്സരങ്ങളിലും ഈ വര്‍ഷം ജനുവരിയില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെയുമായിരുന്നു ഓസീസിന്‍റെ തോല്‍വി. ഒരു മത്സരം സമനിലയില്‍ അവസാനിച്ചു. വിവിധ മത്സരങ്ങളിലായി കുറഞ്ഞ ഓവര്‍ നിരക്കിന് പിഴ ലഭിച്ചതോടെ 10 പോയിന്‍റുകള്‍ നഷ്‌ടമായ ടീമിന് ആകെ 90 പോയിന്‍റാണുള്ളത്.
ഒന്നാം സ്ഥാനത്തുള്ള ഇന്ത്യയുടെ പോയിന്‍റ് ശതമാനം 68.51 ആണ്. ഇംഗ്ലണ്ടിനെതിരായ (India vs England) പരമ്പര 4-1ന് സ്വന്തമാക്കിയാണ് ഇന്ത്യ തലപ്പത്ത് സ്ഥാനം ഉറപ്പിച്ചത്. ഒമ്പത് മത്സരങ്ങള്‍ കളിച്ച ടീമിന് 74 പോയിന്‍റാണുള്ളത്. ആറ് മത്സരങ്ങളില്‍ വിജയം നേടിയപ്പോള്‍ രണ്ട് ടെസ്റ്റുകളാണ് ഇന്ത്യയ്‌ക്ക് നഷ്‌ടമായത്.
ഒരു ടെസ്റ്റ് സമനിലയില്‍ അവസാനിച്ചു. കുറഞ്ഞ ഓവര്‍ നിരക്കിന്‍റെ പേരില്‍ രണ്ട് പോയിന്‍റുകള്‍ ഇന്ത്യയ്‌ക്കും നഷ്‌ടമായിരുന്നു. ഓസീസിനെതിരായ പരമ്പര കൈവിട്ടതോടെ ന്യൂസിലന്‍ഡ് മൂന്നാം സ്ഥാനത്തേക്ക് വീണു.
ആറ് ടെസ്റ്റുകള്‍ കളിച്ച ടീമിന് 50 ആണ് പോയിന്‍റ് ശതമാനം. മൂന്ന് വീതം തോല്‍വിയും വിജയവുമുള്ള കിവീസിന് 36 പോയിന്‍റാണുള്ളത്. രണ്ട് ടെസ്റ്റുകളില്‍ ഓരോ തോല്‍വിയും വിജയുവമായി 50 പോയിന്‍റ് ശതമാനവുമായി ബംഗ്ലാദേശാണ് നാലാം സ്ഥാനത്ത്.
പാകിസ്ഥാന്‍ (36.66 പോയിന്‍റ് ശതമാനം), വെസ്റ്റ് ഇന്‍ഡീസ് (33.33 പോയിന്‍റ് ശതമാനം), ദക്ഷിണാഫ്രിക്ക (25.00 പോയിന്‍റ് ശതമാനം) എന്നിവര്‍ക്ക് പിന്നില്‍ എട്ടാമതാണ് ഇംഗ്ലണ്ടുള്ളത്. 10 ടെസ്റ്റുകളില്‍ മൂന്നെണ്ണം മാത്രം വിജയിക്കാന്‍ കഴിഞ്ഞ ടീമിന്‍റെ പോയിന്‍റ് ശതമാനം 17.5 ആണ്. ആറ് ടെസ്റ്റുകളില്‍ തോല്‍വി വഴങ്ങിയ ടീമിന് ഒരു മത്സരം സമനിലയില്‍ പിടിക്കാന്‍ കഴിഞ്ഞിരുന്നു.
കുറഞ്ഞ ഓവര്‍ നിരക്കിന് ഏറ്റവും കൂടുതല്‍ പോയിന്‍റുകള്‍ നഷ്‌ടമായ ടീമാണ് ഇംഗ്ലണ്ട്. ഈ ഇനത്തില്‍ 19 പോയിന്‍റുകളാണ് ടീമിന് കുറവു വന്നത്. രണ്ട് ടെസ്റ്റുകളില്‍ രണ്ടിലും തോറ്റ ശ്രീലങ്കയാണ് ഇംഗ്ലണ്ടിന് പിന്നിലുള്ള ഏക ടീം.