സിഡ്നി: ഒസ്ട്രേലിയന്‍ വനിത ക്രിക്കറ്റ് ടീമിന്റെ അവിസ്മരണീയമായ നിരവധി നേട്ടങ്ങളില്‍ പങ്കാളിയാണ് ഓള്‍റൗണ്ടറായ ആഷ്ലി ഗാർഡ്നര്‍. ഇപ്പോഴിത കളിക്കളത്തിന് പുറത്ത് പുത്തനൊരു ഇന്നിങ്സിന് ആരംഭിക്കാനൊരുങ്ങുകയാണ് താരം. ആഷ്ലി ഗാർഡ്നറും ദീർഘകാല കാമുകി മോണിക്ക റൈറ്റും തമ്മിലുള്ള വിവാഹ നിശ്ചയം നടന്നു.
തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ 27-കാരിയായ ആഷ്ലി തന്നെയാണ് സന്തോഷ വാര്‍ത്ത ആരാധകരുമായി പങ്കിട്ടിരിക്കുന്നത്. വിവാഹ നിശ്ചയ മോതിരം ധരിച്ച് ഇരുവരും ഒന്നിച്ചുള്ള ചില ചിത്രങ്ങളും ആഷ്ലി പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇരുവര്‍ക്കും ആശംസകള്‍ നേര്‍ന്ന് ആരാധകരുള്‍പ്പെടെ നിരവധി പേര് പോസ്റ്റില്‍ പ്രതികരിക്കുന്നുണ്ട്.
2021 മുതൽ ആഷ്ലി ഗാർഡ്നറും മോണിക്ക റൈറ്റും ഡേറ്റിങ്ങിലായിരുന്നു. മോണിക്കയ്ക്കൊപ്പമുള്ള ചിത്രങ്ങള്‍ ആഷ്ലി തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്യാറുണ്ട്. താരത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി പലപ്പോഴും സ്റ്റേഡിയങ്ങളില്‍ മോണിക്ക എത്താറുണ്ട്. എന്നാല്‍ മോണിക്കയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.
അതേസമയം 2017-ല്‍ ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയിലൂടെയാണ് ആഷ്ലി ഓസ്ട്രേലിയയ്ക്കായി അരങ്ങേറ്റം നടത്തുന്നത്. പിന്നീട് ബാറ്റുകൊണ്ടും പന്തുകൊണ്ടും തിളങ്ങിയ താരം ഓസീസ് ടീമില്‍ പ്രധാനിയായി. ഓസീസിനായി ഇതേവരെ ആറ് ടെസ്റ്റുകളിലും 69 ഏകദിനങ്ങളിലും 88 ടി20 മത്സരങ്ങളിലും ആഷ്ലി കളിച്ചിട്ടുണ്ട്.
ടെസ്റ്റിൽ 281 റൺസും ഏകദിനത്തിൽ 973 റൺസും ടി20യിൽ 1329 റൺസുമാണ് നേടിയിട്ടുള്ളത്. വലങ്കയ്യന്‍ ഓഫ് സ്പിന്നറായ ആഷ്ലിയുടെ അക്കൗണ്ടില്‍ അന്താരാഷ്ട്ര തലത്തില്‍ 180 വിക്കറ്റുകളുമുണ്ട്. ഐസിസി പ്ലെയർ ഓഫ് ദ മന്ത് പുരസ്ക്കാരം രണ്ട് തവണ കരസ്ഥമാക്കിയ ആദ്യ വനിത ക്രിക്കറ്ററെന്ന ബഹുമതി ആഷ്ലിയ്ക്ക് സ്വന്തമാണ്.
വനിത പ്രീമിയര്‍ ലീഗില്‍ ഗുജറാത്ത് ജയന്റ്സിന്റെ താരം കൂടിയാണ് 27-കാരി. പ്രഥമ സീസണിന് മുന്നോടിയായുള്ള ലേലത്തില്‍ 3.20 കോടിയ്ക്കായിരുന്നു ആഷ്ലിയെ ഗുജറാത്ത് ജയന്റ്സ് തങ്ങളുടെ തട്ടകത്തിലേക്ക് എത്തിച്ചത്. പിന്നീട് 2024 സീസണിലേക്കായി നിലനിര്‍ത്തുകയും ചെയ്തു. വനിത പ്രീമിയര്‍ ലീഗില്‍ ഗുജറാത്തിനായി ഇതേവരെ 16 മത്സരങ്ങളിലാണ് താരം കളിച്ചിട്ടുള്ളത്. 324 റൺസും 17 വിക്കറ്റുകളുമാണ് സമ്പാദ്യം.