ലണ്ടൻ : പ്രീമിയര്‍ ലീഗില്‍ (Premier League) വിജയക്കുതിപ്പ് തുടര്‍ന്ന് ആഴ്‌സണല്‍ (Arsenal). സീസണിലെ 26-ാം മത്സരത്തില്‍ ന്യൂകാസില്‍ യുണൈറ്റഡിനെയാണ് (Newcastle United) പീരങ്കിപ്പട തോല്‍പ്പിച്ചത്. ഒന്നിനെതിരെ നാല് ഗോളുകള്‍ക്കായിരുന്നു മത്സരത്തില്‍ ഗണ്ണേഴ്‌സിന്‍റെ ജയം (Arsenal vs Newcastle United Result).
കായ് ഹാവെര്‍ട്‌സ്, ബുകായോ സാക്ക, യാക്കുബ് കിവിയോര്‍ എന്നിവരായിരുന്നു ആഴ്‌സണലിന്‍റെ ഗോള്‍ സ്കോറര്‍മാര്‍. സ്വെൻ ബോട്‌മാന്‍റെ സെല്‍ഫ് ഗോളും ആതിഥേയരുടെ ഗോള്‍ പട്ടികയില്‍ ഇടം പിടിച്ചു. ജോ വില്ലോക്കായിരുന്നു ന്യൂകാസിലിനായി ആശ്വാസഗോള്‍ നേടിയത്.
സീസണില്‍ ആഴ്‌സണലിന്‍റെ 18-ാം ജയമാണിത്. നിലവില്‍ 58 പോയിന്‍റുമായി പോയിന്‍റ് പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് അവര്‍ (Arsenal In PL Points Table). 60 പോയിന്‍റുള്ള ലിവര്‍പൂള്‍, 59 പോയിന്‍റുമായി മാഞ്ചസ്റ്റര്‍ സിറ്റി ടീമുകളാണ് ലീഗ് ടേബിളില്‍ നിലവില്‍ ആഴ്‌സണലിന് മുന്നില്‍ (Premier League Match Day 26 Points Table).
എമിറേറ്റ്‌സ് സ്റ്റേഡിയം വേദിയായ മത്സരത്തില്‍ ആഴ്‌സണലായിരുന്നു ആക്രമണങ്ങള്‍ തുടങ്ങിയത് എട്ടാം മിനിറ്റില്‍ സാക്കയുടെയും പത്താം മിനിറ്റില്‍ ഡെക്ലാൻ റൈസിന്‍റെയും ഷോട്ടുകള്‍ ലക്ഷ്യം കണ്ടില്ല. 18-ാം മിനിറ്റില്‍ ആഴ്‌സണല്‍ സ്വെൻ ബോട്‌മാന്‍റെ (Sven Botman) സെല്‍ഫ് ഗോളിലൂടെ മുന്നിലെത്തി.
സാക്ക പായിച്ച കോര്‍ണറില്‍ നിന്നായിരുന്നു ഗോള്‍ പിറന്നത്. സാക്കയുടെ കിക്ക് ഗബ്രിയേല്‍ മഗല്‍ഹേസ് ഹെഡ് ചെയ്‌തെങ്കിലും ന്യൂകാസില്‍ ഗോള്‍ കീപ്പര്‍ ആ പന്തിനെ ബ്ലോക്ക് ചെയ്‌തിട്ടു. ഗോള്‍ ലൈനരികില്‍ വീണ പന്ത് ക്ലിയര്‍ ചെയ്യാനുള്ള ന്യൂകാസില്‍ താരങ്ങളുടെ ശ്രമം ഒടുവില്‍ സെല്‍ഫ് ഗോളായി മാറുകയായിരുന്നു.
24-ാം മിനിറ്റില്‍ കായ് ഹാവര്‍ട്‌സിലൂടെ (Kai Havertz) ആതിഥേയര്‍ ലീഡുയര്‍ത്തി. മാര്‍ട്ടിനെല്ലിയുടെ അസിസ്റ്റില്‍ നിന്നായിരുന്നു ഹാവെര്‍ട്‌സ് ഗോള്‍ നേടിയത്. ആദ്യ പകുതിയില്‍ പിന്നീട് ഗോളുകളൊന്നും പിറന്നില്ല.
മത്സരത്തിന്‍റെ 65-ാം മിനിറ്റില്‍ സാക്കയുടെ (Bukayo Saka) തകര്‍പ്പൻ ഫിനിഷിങ് ആഴ്‌സണലിന് മൂന്നാം ഗോള്‍ സമ്മാനിച്ചു. 69-ാം മിനിറ്റില്‍ യാക്കുബ് കിവിയോറിലൂടെ (Jakub Kiwior) ആഴ്‌സണലിന്‍റെ നാലാം ഗോളും പിറന്നു. അവസാന അഞ്ച് മത്സരങ്ങളില്‍ നിന്നും ആഴ്‌സണലിന്‍റെ 20-ാം ഗോള്‍ കൂടിയായിരുന്നു ഇത്. 84-ാം മിനിറ്റിലായിരുന്നു ജോ വില്ലോക്ക് (Joe Willock) ന്യൂകാസിലിനായി ഗോള്‍ കണ്ടെത്തിയത്.