പനാജി: ഫസ്റ്റ്‌ക്ലാസ് ക്രിക്കറ്റിലെ ആദ്യ അഞ്ച് വിക്കറ്റ് നേട്ടവുമായി അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍. രഞ്ജി ട്രോഫിയില്‍ ഗോവയ്‌ക്കായി കളിക്കുന്ന അര്‍ജുന്‍ അരുണാചല്‍ പ്രദേശിനെതിരായ മത്സരത്തിലാണ് തകര്‍പ്പന്‍ പ്രകടനം നടത്തിയത്. ഗോവ ക്രിക്കറ്റ് അസോസിയേഷന്‍ അക്കാദമി ഗ്രൗണ്ടില്‍ നടക്കുന്ന മത്സരത്തില്‍ ഒമ്പത് ഓവറില്‍ 25 റണ്‍സ് മാത്രം വഴങ്ങിയാണ് ഇടങ്കയ്യന്‍ ഓള്‍റൗണ്ടറായ താരത്തിന്‍റെ അഞ്ച് വിക്കറ്റ് പ്രകടനം.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
തന്‍റെ ആദ്യ ഓവറില്‍ തന്നെ അരുണാചല്‍ ഓപ്പണര്‍ നബാം ഹചാങ്ങിനെ (0) ബൗള്‍ഡാക്കിയാണ് അര്‍ജുന്‍ വിക്കറ്റ് വേട്ട ആരംഭിച്ചത്. മറ്റൊരു ഓപ്പണറായ നീലം ഒബിയെയും (22) അര്‍ജുന്‍ സമാന രീതിയില്‍ കുറ്റിയിളക്കി. പിന്നീട് ചിന്മയ് പാട്ടിലിനെ (3) മടക്കിയ അര്‍ജുന്‍ തൊട്ടടുത്ത പന്തില്‍ ജയ് ഭാവ്സറിനെ (0) ഗോള്‍ഡന്‍ ഡക്കാക്കുകയും ചെയ്‌തു.
ഒടുവില്‍ മോജി എറ്റെയെ (0) വീഴ്‌ത്തിക്കൊണ്ട് താരം തന്‍റെ അഞ്ച് വിക്കറ്റ് നേട്ടം ആഘോഷിച്ചു. മൂന്ന് വിക്കറ്റുമായി മോഹിത് റെഡ്‌കറും രണ്ട് വിക്കറ്റുമായി കീത്ത് പിന്‍റോയും പിന്തുണ നല്‍കിയതോടെ അരുണാചലിന്‍റെ ആദ്യ ഇന്നിങ്‌സ് 30.3 ഓവറില്‍ 84 റണ്‍സില്‍ ഒതുക്കാന്‍ ഗോവയ്‌ക്കായി.
ALSO READ: ഫ്രണ്ട് പേജ് വാര്‍ത്ത, ഹിന്ദിയിലും പഞ്ചാബിയിലും തലക്കെട്ട്; ഓസീസ് പത്രങ്ങളില്‍ നിറഞ്ഞ് വിരാട് കോലി
ഇതിഹാസ താരം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മകനായ അര്‍ജുനെ ഐപിഎല്ലിന്‍റെ അടുത്ത സീസണിലേക്കായി മുംബൈ ഇന്ത്യന്‍സ് നിലനിര്‍ത്തിയിരുന്നില്ല. രഞ്‌ജിയില്‍ നടത്തുന്ന മികച്ച പ്രകടനം നടക്കാനിരിക്കുന്ന താരലേലത്തില്‍ 25-കാരന് ഗുണം ചെയ്‌തേക്കും. അതേസമയം രഞ്ജിയുടെ ഈ സീസണില്‍ നാല് മത്സരങ്ങളില്‍ നിന്ന് 17.75 ശരാശരിയില്‍ 16 വിക്കറ്റുകള്‍ സ്വന്തമാക്കാന്‍ അര്‍ജുനായിട്ടുണ്ട്. 3.08 ആണ് ഇക്കോണമി.