മുംബൈ : ഐപിഎല്‍ പതിനേഴാം പതിപ്പിലെ അവസാന മത്സരത്തിന് മുംബൈ ഇന്ത്യൻസ് കളത്തിലിറങ്ങിയപ്പോള്‍ ഫാസ്റ്റ് ബൗളിങ് ഓള്‍റൗണ്ടര്‍ അര്‍ജുൻ ടെണ്ടുല്‍ക്കറും ടീമില്‍ ഇടം പിടിച്ചിരുന്നു. ലഖ്നൗവിനെതിരായ മത്സരത്തില്‍ സീസണില്‍ ആദ്യമായാണ് താരത്തിന് അവസരം ലഭിച്ചത്. സ്റ്റാര്‍ പേസര്‍ ജസ്‌പ്രീത് ബുംറയ്‌ക്ക് വിശ്രമം അനുവദിച്ച സാഹചര്യത്തില്‍ ആയിരുന്നു അര്‍ജുന് പ്ലെയിങ് ഇലവനിലേക്ക് വിളിയെത്തിയത്.
മത്സരത്തില്‍ ടോസ് നഷ്‌ടപ്പെട്ട് ആദ്യം പന്തെറിഞ്ഞ മുംബൈയ്‌ക്ക് വേണ്ടി പവര്‍പ്ലേയില്‍ മികച്ചപ്രകടനം നടത്താൻ അര്‍ജുന് സാധിച്ചിരുന്നു. തന്‍റെ ആദ്യത്തെ രണ്ട് ഓവറുകളില്‍ 10 റണ്‍സ് മാത്രമായിരുന്നു യുവതാരം വിട്ടുകൊടുത്തത്. ഈ പ്രകടനത്തില്‍ നിന്നുപരി ക്രിക്കറ്റ് ലോകം ഇപ്പോള്‍ ചര്‍ച്ചയാക്കുന്നത് അര്‍ജുന്‍റെ അഗ്രഷനാണ്.
മത്സരത്തിന്‍റെ രണ്ടാമത്തെ ഓവറിലായിരുന്നു ഏവരെയും ഞെട്ടിക്കുന്ന രീതിയിലുള്ള അര്‍ജുന്‍റെ പ്രകടനം. ലഖ്‌നൗ ഇന്നിങ്ങ്സില്‍ രണ്ടാം ഓവര്‍ പന്തെറിയാനെത്തിയ അര്‍ജുൻ തന്‍റെ രണ്ടാമത്തെ ബോളില്‍ തന്നെ ക്രീസില്‍ ഉണ്ടായിരുന്ന മാര്‍ക്കസ് സ്റ്റോയിനിസിനെ വിക്കറ്റിന് മുന്നില്‍ കുരുക്കിയിരുന്നു. എന്നാല്‍, റിവ്യൂവിലൂടെയാണ് പിന്നീട് അമ്പയര്‍ക്ക് തീരുമാനം മാറ്റേണ്ടി വന്നത്.
ഇതിന് പിന്നാലെ ഇൻസ്വിങ്ങറായി ബാറ്റിലേക്ക് എത്തിയ ഓവറിലെ അവസാന പന്ത് സ്റ്റോയിനിസ് പ്രതിരോധിക്കുകയായിരുന്നു. സ്റ്റോയിനിസ് തട്ടിയിട്ട ബോള്‍ നേരെ എത്തിയത് അര്‍ജുന് അടുത്തേക്ക്. പന്തെടുത്ത ശേഷം തിരിച്ച് എറിയുന്നത് പോലെ ഓസീസ് താരത്തെ സ്ലെഡ്‌ജ് ചെയ്യാനായിരുന്നു അര്‍ജുൻ ടെണ്ടുല്‍ക്കര്‍ ശ്രമിച്ചത്. എന്നാല്‍, ഈ സമയം മറുവശത്തുണ്ടായിരുന്ന സ്റ്റോയിനിസ് ചിരിയോടെ ഇത് നോക്കിക്കാണുകയായിരുന്നു.
പവര്‍പ്ലേയില്‍ രണ്ട് ഓവര്‍ എറിഞ്ഞ അര്‍ജുനെ പിന്നീട് 15-ാം ഓവര്‍ എറിയാനായാണ് ഹാര്‍ദിക് പാണ്ഡ്യ പന്തേല്‍പ്പിക്കുന്നത്. ഈ സമയം റണ്‍അപ്പിനിടെ താരത്തിന് പരിക്കേല്‍ക്കുകയും ചെയ്‌തിരുന്നു. തുടര്‍ന്ന് ഫിസിയോ എത്തി പരിശോധിച്ചെങ്കിലും രണ്ട് പന്ത് മാത്രമാണ് അര്‍ജുന് എറിയാൻ കഴിഞ്ഞത്.
ക്രീസില്‍ ഉണ്ടായിരുന്ന നിക്കോളസ് പുരാൻ ഈ രണ്ട് പന്തുകള്‍ അതിര്‍ത്തി കടത്തുകയും ചെയ്‌തിരുന്നു. ഇതിന് പിന്നാലെ താരം ഗ്രൗണ്ട് വിടുകയായിരുന്നു. നമാൻ ധിര്‍ ആയിരുന്നു ഓവറില്‍ ശേഷിച്ച നാല് പന്തുകള്‍ എറിഞ്ഞത്. ലഖ്‌നൗ 29 റണ്‍സ് ഈ ഒരൊറ്റ ഓവറില്‍ അടിച്ചെടുക്കുകയും ചെയ്‌തു.
അതേസമയം, വാങ്കഡെ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ മുംബൈ ഇന്ത്യൻസ് 18 റണ്‍സിനാണ് ലഖ്‌നൗവിനോട് പരാജയപ്പെട്ടത്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്‌ത ലഖ്‌നൗ 214 റണ്‍സ് നേടിയിരുന്നു. മറുപടി ബാറ്റിങ്ങില്‍ മുംബൈയുടെ പോരാട്ടം 196 റണ്‍സില്‍ അവസാനിക്കുകയാണുണ്ടായത്.