ഫ്ലോറിഡ: കോപ്പ അമേരിക്ക ഫുട്ബോൾ കിരീടം അര്‍ജന്‍റീന നിലനിര്‍ത്തുമോയെന്നറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. ഫ്ലോറിഡയിലെ മയാമി ഗാര്‍ഡന്‍സിലെ ഹാര്‍ഡ് റോക്ക് സ്റ്റേഡിയത്തില്‍ നടക്കുന്ന ഫൈനലില്‍ നിലവിലെ ജേതാക്കളായ മെസിപ്പട കൊളംബിയയ്‌ക്ക് എതിരെ. ഇന്ത്യൻ സമയം നാളെ പുലർച്ചെ 5.30നാണ് കോപ്പ കലാശപ്പോര് അരങ്ങേറുന്നത്.
ഇന്ത്യയില്‍ മത്സരത്തിന്‍റെ തത്സമയ സംപ്രേക്ഷണമില്ല. എന്നാല്‍ വിപിഎന്‍ വഴി നിരവധി വെബ്സൈറ്റുകള്‍ ലൈവ് സ്ട്രീമിങ് നടത്തുന്നുണ്ട്. അര്‍ജന്‍റീനന്‍ കുപ്പായത്തില്‍ അവസാന മത്സരത്തിനാണ് ഏഞ്ചൽ ഡി മരിയ, നിക്കോളാസ് ഒട്ടമെൻഡി എന്നിവര്‍ ഇറങ്ങുന്നത്. അന്താരാഷ്‌ട്ര കരിയര്‍ അവസാനിപ്പിക്കുന്ന ഇരുവര്‍ക്കും കിരീടത്തോടെ തന്നെ യാത്ര അയപ്പ് നല്‍കാനായിരിക്കും അര്‍ജന്‍റൈന്‍ ടീമിന്‍റെ ലക്ഷ്യം.
വിജയിക്കാന്‍ കഴിഞ്ഞാല്‍ കോപ്പ ചരിത്രത്തിലെ ഏറ്റവും വിജയകരമായ ടീമായി അര്‍ജന്‍റീനയ്‌ക്ക് മാറാം. നിലവില്‍ 15 കിരീടങ്ങളുമായി ഉറുഗ്വേയ്‌ക്കൊപ്പം സമനില പാലിക്കുകയാണ് അര്‍ജന്‍റീന. പരിക്കിനോട് പൊരുതുന്ന നായകന്‍ മെസിക്ക് ടൂര്‍ണമെന്‍റില്‍ കാര്യമായ ഗോളടിയ്‌ക്ക് കഴിഞ്ഞിട്ടില്ല. എന്നാല്‍ നിര്‍ണായക ഘട്ടത്തില്‍ 37-കാരന്‍ മികവിലേക്ക് ഉയരുമെന്നാണ് പ്രതീക്ഷ.
മികച്ച ഫോമിലുള്ള കൊളംബിയ 23 വർഷത്തിനുശേഷമാണ് വീണ്ടുമൊരു കോപ്പ ഫൈനലിന് ഇറങ്ങുന്നത്. ഹാമിഷ് റോഡ്രിഗസിന്‍റെ നേതൃത്വത്തില്‍ ഇറങ്ങുന്ന ടീം തുടര്‍ച്ചയായ 28 മത്സരങ്ങളില്‍ തോല്‍വി അറിഞ്ഞിട്ടില്ല. കരുത്തരായ ബ്രസീലും ഉൾപ്പെട്ട ഗ്രൂപ്പിൽ ഒന്നാമതെത്തിയാണ് ടീം മുന്നേറ്റം ഉറപ്പിച്ചത്.
എന്നാല്‍ നേര്‍ക്കുനേര്‍ പോരാട്ടങ്ങളില്‍ കൊളംബിയയ്‌ക്ക് എതിരെ അര്‍ജന്‍റീനയ്‌ക്ക് വ്യക്തമായ ആധിപത്യമുണ്ട്. നേരത്തെ 43 തവണ നേര്‍ക്കുനേര്‍ എത്തിയപ്പോള്‍ 26 വിജയങ്ങള്‍ നേടാന്‍ അര്‍ജന്‍റീനയ്‌ക്ക് കഴിഞ്ഞിട്ടുണ്ട്. എട്ട് മത്സരങ്ങള്‍ സമനിലയായപ്പോള്‍ ഒമ്പത് കളികളാണ് കൊളംബിയയ്‌ക്ക് ഒപ്പം നിന്നത്.