ബ്യൂണസ് ഐറിസ്: കോപ്പ അമേരിക്ക 2024 ഫുട്‌ബോള്‍ ടൂര്‍ണമെന്‍റിനായുള്ള താത്‌കാലിക സ്ക്വാഡിനെ പ്രഖ്യാപിച്ച് അര്‍ജന്‍റീന. 29 അംഗ ടീമിനെയാണ് അര്‍ജന്‍റീന പ്രഖ്യാപിച്ചത്. ജൂണ്‍ 9, 14 തീയതികളില്‍ നടക്കുന്ന അന്താരാഷ്‌ട്ര സൗഹൃദ ഫുട്‌ബോള്‍ മത്സരങ്ങള്‍ക്ക് കൂടി വേണ്ടിയുള്ള ടീമാണിത്.
ലയണല്‍ മെസ്സിയുടെ നേതൃത്വത്തില്‍ ഇറങ്ങാൻ ഒരുങ്ങുന്ന ടീമില്‍ പരിചയസമ്പന്നരായ നിരവധി താരങ്ങള്‍ ഇടം നേടിയിട്ടുണ്ട്. എന്നാല്‍, കഴിഞ്ഞ ലോകകപ്പ് സ്ക്വാഡില്‍ ഉണ്ടായിരുന്ന പൗലോ ഡിബാലെ ഉള്‍പ്പടെ നാല് പേര്‍ക്ക് കോപ്പ അമേരിക്കയ്‌ക്കായുള്ള താല്‍ക്കാലിക സ്ക്വാഡില്‍ ഇടം നേടാനായില്ല. യുവാൻ ഫോയ്‌ത്ത്, തിയാഗോ അല്‍മാഡ, ഉത്തേജക മരുന്ന് ഉപയോഗത്തിന് രണ്ട് വര്‍ഷത്തെ വിലക്ക് നേരിടുന്ന പാപ്പു ഗോമസ് എന്നിവര്‍ക്കാണ് സ്ക്വാഡില്‍ സ്ഥാനം നഷ്‌ടപ്പെട്ടത്.
അമേരിക്ക വേദിയാകുന്ന കോപ്പ അമേരിക്ക 2024 അടുത്ത മാസം 20നാണ് ആരംഭിക്കുന്നത്. ആദ്യ ദിനത്തില്‍ നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്‍റീന കാനഡയെ നേരിടും. ഈ മത്സരത്തിന് മുന്‍പായി രണ്ട് അന്താരാഷ്‌ട്ര സൗഹൃദ മത്സരങ്ങള്‍ അര്‍ജന്‍റീന കളിക്കും.
ഇക്വഡോറിനെതിരെ ജൂണ്‍ 9നും, ഗോട്ടിമാലയ്‌ക്കെതിരെ ജൂണ്‍ 14 നുമാണ് സൗഹൃദപോരാട്ടം. ഈ മത്സരങ്ങള്‍ക്ക് ശേഷം നിലവിലെ സ്ക്വാഡില്‍ നിന്നും 26 പേരുമായിട്ടാകും ലിയോണല്‍ സ്കലോണിയും സംഘവും കോപ്പ അമേരിക്ക പോരാട്ടങ്ങള്‍ക്ക് പോകുക.
അര്‍ജന്‍റീന 29 അം സ്ക്വാഡ്
ഗോള്‍കീപ്പര്‍മാര്‍: എമിലിയാനോ മാര്‍ട്ടിനെസ്, ഫ്രാങ്കോ അര്‍മാനി, ജെറോണിമോ റുല്ലി
ഡിഫൻഡര്‍മാര്‍: ലിസാന്‍ഡ്രോ മാര്‍ട്ടിനെസ്, മാര്‍ക്കോസ് അക്യൂന, നിക്കോളസ് ഒട്ടമെന്‍ഡി, നഹുവല്‍ മൊലിന, ഗോണ്‍സാലോ മോണ്ടിയെല്‍, ക്രിസ്റ്റ്യൻ റെമേറോ, ലൂക്കാസ് മാര്‍ട്ടിനെസ്, ജര്‍മൻ പെസെല്ല, വാലന്‍റൈൻ ബാര്‍കോ, നിക്കോളസ് ടാഗ്ലിയാഫിക്കോ, ലിയനാര്‍ഡോ ബലേര്‍ഡി.
മിഡ്‌ഫീല്‍ഡര്‍മാര്‍: എൻസോ ഫെര്‍ണാണ്ടസ്, റോഡ്രിഗോ ഡി പോള്‍, അലക്സിസ് മാക് അലിസ്റ്റര്‍, ലിയാന്‍ഡ്രോ പരേഡെസ്, ജിയോവാനി ലോ സെല്‍സോ, ഗൈഡോ റോഡ്രിഗസ്.
ഫോര്‍വേര്‍ഡുകള്‍: ലയണല്‍ മെസി, എയ്‌ഞ്ചല്‍ ഡി മരിയ, അലജാന്‍ഡ്രോ ഗര്‍നാച്ചോ, ലൗട്ടാരോ മാര്‍ട്ടിനെസ്, ഹൂലിയൻ അല്‍വാരസ്, നിക്കോളസ് ഗോണ്‍സാലസ്, എയ്ഞ്ചല്‍ കൊറിയ.
Also Read : ആന്‍ഫീല്‍ഡില്‍ യുഗാന്ത്യം; പടിയിറങ്ങി യര്‍ഗൻ ക്ലോപ്പ് - Jurgen Klopp In Liverpool