മുംബൈ: മുംബൈ ഇന്ത്യന്‍സിലെ (Mumbai Indians) ക്യാപ്റ്റന്‍സി വിവാദം ഇനിയും കെട്ടടങ്ങിയിട്ടില്ല. ഐപിഎല്‍ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ക്യാപ്റ്റന്മാരില്‍ ഒരാളായ രോഹിത് ശര്‍മയെ തെറിപ്പിച്ച് ഹാര്‍ദിക് പാണ്ഡ്യയ്‌ക്കായിരുന്നു (Hardik Pandya) മുംബൈ ചുമതല നല്‍കിയത്. ആ തീരുമാനത്തില്‍ മുംബൈ മാനേജ്‌മെന്‍റിനെതിരെ കടുത്ത പ്രതിഷേധമായിരുന്നു ആരാധകര്‍ ഉയര്‍ത്തിയത്.
വിഷയത്തില്‍ ഹിറ്റ്‌മാന്‍ നേരിട്ട് പ്രതികരിച്ചില്ലെങ്കിലും ക്യാപ്റ്റന്‍സി മാറ്റത്തെ ന്യായീകരിച്ച മുംബൈ കോച്ച് മാര്‍ക്ക് ബൗച്ചര്‍ക്ക് എതിരെ ഭാര്യ റിതിക രംഗത്ത് വന്നതും ശ്രദ്ധേയമായി. ഇതിനിടെ രോഹിത് മുംബൈയുടെ തട്ടകം വിട്ട് ചെന്നൈ സൂപ്പര്‍ കിങ്‌സിലേക്ക് പോകുമെന്ന് അഭ്യൂഹങ്ങളുയര്‍ന്നിരുന്നു. ഇപ്പോഴിതാ രോഹിത് ചെന്നൈയുടെ മഞ്ഞക്കുപ്പായം അണിയുന്നതിനെ പിന്തുണച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ താരം അമ്പാട്ടി റായിഡു (Ambati Rayudu ).
സമീപഭാവിയിൽ രോഹിത് ശർമ (Rohit Sharma) ചെന്നൈ സൂപ്പർ കിങ്‌സിനായി (Chennai Super Kings) കളിക്കുന്നത് കാണാൻ താന്‍ ആഗ്രഹിക്കുന്നുവെന്നാണ് ടീമിന്‍റെ മുന്‍ താരം കൂടിയായ അമ്പാട്ടി റായിഡു പറയുന്നത്. 36-കാരനായ രോഹിത്തിന് ഇനി 5 മുതൽ 6 വർഷം വരെ ഐപിഎല്ലിൽ തുടരാന്‍ കഴിയുമെന്നും മുംബൈയില്‍ സഹതാരം കൂടിയായിരുന്ന റായിഡു പറഞ്ഞു.
"സമീപ ഭാവിയിൽ രോഹിത് ശര്‍മ ചെന്നൈക്കായി കളിക്കുന്നത് കാണാൻ ഞാൻ ആഗ്രഹിക്കുന്നു. അദ്ദേഹം മുംബൈ ഇന്ത്യൻസിന് വേണ്ടി ഇത്രയും കാലം കളിച്ചു. ഇനി ചെന്നൈയ്‌ക്ക് വേണ്ടി കളിച്ച് അവിടെയും വിജയിക്കാൻ കഴിയുമെങ്കിൽ അത് ഏറെ നന്നായിരിക്കും.
ചെന്നൈയുടെ ക്യാപ്റ്റന്‍സി അദ്ദേഹത്തിന്‍റെ തീരുമാനമാണ്. ക്യപ്റ്റന്‍സി ഏറ്റെടുക്കണോ വേണ്ടയോ എന്നത് അദ്ദേഹത്തിന് തന്നെ തീരുമാനിക്കാം" അമ്പാട്ടി റായിഡു പറഞ്ഞു. ക്യാപ്റ്റന്‍സി വിഷയത്തില്‍ തീരുമാനം എടുക്കും മുമ്പ് രോഹിത്തിനെ പൂര്‍ണ മനസോടെ തന്നെ ഒപ്പം നിര്‍ത്താന്‍ മുംബൈ മാനേജ്‌മന്‍റ് ശ്രമിക്കേണ്ടതായിരുന്നുവെന്നും താരം കൂട്ടിച്ചേര്‍ത്തു.
ഐപിഎല്‍ 2024 (IPL 2024) സീസണില്‍ മുംബൈയില്‍ ഹാര്‍ദിക് പാണ്ഡ്യയ്‌ക്ക് കീഴില്‍ കളിക്കുമ്പോളും ഇന്ത്യന്‍ ടീമിനെ ക്രിക്കറ്റിന്‍റെ മൂന്ന് ഫോര്‍മാറ്റിലും രോഹിത് തന്നെയാണ് നയിക്കുന്നത്. ടി20 ഫോര്‍മാറ്റില്‍ നിന്നും രോഹിത് വിട്ടുനിന്ന സാഹചര്യത്തില്‍ ഹാര്‍ദിക്കിനെ ബിസിസിഐ ഫോര്‍മാറ്റില്‍ ചുമതല ഏല്‍പ്പിച്ചിരുന്നു.
ALSO READ: ഐപിഎല്ലിനില്ലെന്ന് ജേസൺ റോയ്; ഇംഗ്ലണ്ടിന്‍റെ 'സെഞ്ചുറി വീരനെ' തൂക്കി കൊല്‍ക്കത്ത
എന്നാല്‍ നടക്കാനിരിക്കുന്ന ടി20 ലോകകപ്പ് മുന്നില്‍ കണ്ട് രോഹിത്തിനെ തിരിച്ചെത്തിക്കുന്ന നടപടിയാണ് ബോര്‍ഡ് സ്വീകരിച്ചത്. ആരാധക പ്രതിഷേധം ആളിക്കത്തിയതോടെ ഭാവി മുന്നില്‍ കണ്ടുകൊണ്ടാണ് ഹാര്‍ദിക്കിനെ ക്യാപ്റ്റനാക്കിയതെന്ന് പലകുറിയാണ് മുംബൈ മാനേജ്‌മെന്‍റിന് ആവര്‍ത്തിക്കേണ്ടി വന്നത്.
മറുവശത്ത് ഇതിഹാസ താരം എംഎസ് ധോണിയ്‌ക്ക് കീഴിലാണ് ചെന്നൈ കളിക്കുന്നത്. 42-കാരനായ താരം അടുത്ത സീസണില്‍ കളിക്കുമോയെന്നത് ചോദ്യം തന്നെയായി അവശേഷിക്കുകയാണ്. രോഹിത് മുംബൈ വിട്ട് ചെന്നൈ കുപ്പായമണിഞ്ഞാല്‍ ചരിത്ര നീക്കം തന്നെയായി അതുമാറും.