റാഞ്ചി : ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിലൂടെ (India vs England 4th Test) ഇന്ത്യയ്‌ക്കായി അരങ്ങേറ്റം നടത്തുകയാണ് പേസര്‍ ആകാശ് ദീപ് (Akash Deep). വിശ്രമം ലഭിച്ച പ്രീമിയം പേസര്‍ ജസ്‌പ്രീത് ബുംറയ്‌ക്ക് പകരക്കാരനായാണ് 22-കാരനായ ആകാശ് സന്ദര്‍ശകരുടെ പ്ലെയിങ് ഇലവനിലേക്ക് എത്തിയത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാന്‍ ഇറങ്ങിയ ഇംഗ്ലണ്ടിന്‍റെ ടോപ് ഓര്‍ഡറിനെ പൊളിച്ചടുക്കിയ പ്രകടനമാണ് ആകാശ് ദീപ് നടത്തിയത്.
എന്നാല്‍ തന്‍റെ ആദ്യ വിക്കറ്റ് ആഘോഷം നിരാശയിലാണ് താരത്തിന് അവസാനിപ്പിക്കേണ്ടി വന്നത്. തന്‍റെ രണ്ടാം ഓവറില്‍ തന്നെ ഇംഗ്ലണ്ട് ഓപ്പണര്‍ സാക് ക്രൗളിയുടെ ( Zak Crawley) കുറ്റി തെറിപ്പിക്കാന്‍ ആകാശിന് കഴിഞ്ഞു. എന്നാല്‍ ഫ്രണ്ട് ഫൂട്ട് നോ ബോള്‍ സൈറന്‍ മുഴങ്ങിയതോടെ അമ്പയര്‍ വിക്കറ്റ് നിഷേധിച്ചു.
ജീവന്‍ കിട്ടിയ ക്രൗളി ഒരറ്റത്ത് അടി തുടങ്ങിയപ്പോള്‍ ബെന്‍ ഡക്കറ്റിനെ വീഴ്‌ത്തിയാണ് ആകാശ് ദീപ് തന്‍റെ ആദ്യ അന്താരാഷ്‌ട്ര വിക്കറ്റ് സ്വന്തമാക്കിയത്. അതിമനോഹരമായ ഒരു പന്തില്‍ വിക്കറ്റ് കീപ്പര്‍ ധ്രുവ് ജുറെലിന്‍റെ കൈകളിലായിരുന്നു ഡക്കറ്റ് തീര്‍ന്നത്. മൂന്നാമന്‍ ഒല്ലി പോപ്പിനെ രണ്ട് പന്തുകള്‍ക്കപ്പുറം വിക്കറ്റിന് മുന്നില്‍ കുടുക്കിയ താരം ഇംഗ്ലീഷ് ടീമിന് തുടര്‍ പ്രഹരം നല്‍കി.
തുടര്‍ന്ന് എത്തിയ ജോ റൂട്ട് ആദ്യം തന്നെ ആകാശിന്‍റെ പന്തില്‍ ശക്തമായ എല്‍ബിഡബ്ല്യു അപ്പീലില്‍ നിന്നും രക്ഷപ്പെട്ടു. എന്നാല്‍ പിന്നാലെ തന്നെ ആകാശ് ക്രൗളിയോട് പ്രതികാരം ചെയ്യുന്നതാണ് കാണാന്‍ കഴിഞ്ഞത്. തന്‍റെ ആറാം ഓവറിലായിരുന്നു 27-കാരന്‍ ഇംഗ്ലീഷ് ഓപ്പണറോട് പകരം ചോദിച്ചത്.
നോ ബോള്‍ ആയ ആദ്യ പന്തില്‍ ബൗണ്ടറിയടിച്ച് തുടങ്ങിയെങ്കിലും അഞ്ചാം പന്ത് ക്രൗളിയുടെ കുറ്റി പറത്തിച്ചാണ് കടന്നുപോയത്. ആകാശിന്‍റെ അതിമനോഹരമായ പന്തിന് ഇംഗ്ലീഷ് താരത്തിന് മറുപടിയേ ഉണ്ടായിരുന്നില്ല. ഇതോടെ ആകാശ് മൂന്ന് വിക്കറ്റ് തികയ്‌ക്കുകയും ചെയ്‌തു.
ഇന്ത്യ പ്ലെയിങ് ഇലവൻ : രോഹിത് ശര്‍മ (ക്യാപ്‌റ്റൻ), യശസ്വി ജയ്‌സ്വാള്‍, ശുഭ്‌മാൻ ഗില്‍, രജത് പടിദാര്‍, സര്‍ഫറാസ് ഖാൻ, രവീന്ദ്ര ജഡേജ, ധ്രുവ് ജുറെല്‍ (വിക്കറ്റ് കീപ്പര്‍), രവിചന്ദ്രൻ അശ്വിൻ, ആകാശ് ദീപ്, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ് (India Playing XI For 4th Test).
ഇംഗ്ലണ്ട് പ്ലെയിങ് ഇലവൻ: ബെൻ ഡക്കറ്റ്, സാക്ക് ക്രാവ്‌ലി, ഒലീ പോപ്പ്, ജോ റൂട്ട്, ബെൻ സ്റ്റോക്‌സ് (ക്യാപ്‌റ്റൻ), ജോണി ബെയര്‍സ്റ്റോ, ബെൻ ഫോക്‌സ് (വിക്കറ്റ് കീപ്പര്‍), ടോം ഹാര്‍ട്‌ലി, ഒലീ റോബിൻസണ്‍, ജെയിംസ് ആൻഡേഴ്‌സണ്‍, ഷൊയ്‌ബ് ബഷീര്‍ (England Playing XI For 4th Test Against India).