സ്ട്രാസ്ബര്‍ഗ് (ഫ്രാന്‍സ്): ബോംബ് ഭീഷണിയെ തുടര്‍ന്ന് ഫ്രാങ്കോ-സ്വിസ് വിമാനത്താവളം താത്ക്കാലികമായി ഒഴിപ്പിച്ചു. ഫ്രഞ്ച് അതിവേഗ റെയില്‍ ശൃംഖലയില്‍ തീവയ്പ് അടക്കമുള്ള ആക്രമണങ്ങള്‍ അരങ്ങേറിയതിന് തൊട്ടുപിന്നാലെയാണിത്. ഒളിമ്പിക്‌സ് ഉദ്ഘാടന ചടങ്ങുകള്‍ക്ക് മണിക്കൂറുകള്‍ക്ക് മുമ്പാണ് ഇവയെന്നതും ശ്രദ്ധേയമാണ്.
26/07/2024 - 10:54
— EuroAirport (@euroairportcom) July 26, 2024
For safety reasons, the terminal had to be evacuated and is currently closed. Flight operations have been temporarily suspended. Passengers are requested to contact their airline for information about their flight. Update follows… pic.twitter.com/AUGUsNcspZ
ഫ്രാന്‍സ് അതിര്‍ത്തി പങ്കിടുന്ന സ്വിറ്റ്സര്‍ലന്‍ഡ് നഗരമായ ബേസലില്‍ സ്ഥിതി ചെയ്യുന്ന യൂറോ വിമാനത്താവളത്തിലാണ് ബോംബ് ഭീഷണി. ഭീഷണിയെ തുടര്‍ന്ന് ഒഴിപ്പിച്ച വിമാനത്താവളത്തിന്‍റെ പ്രവര്‍ത്തനം സാധാരണ നിലയിലായിട്ടുണ്ട്. വിമാനസര്‍വീസുകളും പുനരാരംഭിച്ചു. നേരത്തെ ബേസല്‍ -മല്‍ഹൗസ് വിമാനത്താവളം സുരക്ഷാ കാരണങ്ങളാല്‍ പ്രവര്‍ത്തനം നിര്‍ത്തിവച്ചതായി അറിയിച്ചിരുന്നു. യാത്രക്കാര്‍ അവരുടെ വിമാനക്കമ്പനികളുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ തേടണമെന്നും അധികൃതര്‍ എക്‌സിലെ പോസ്റ്റിലൂടെ നിര്‍ദ്ദേശിച്ചിരുന്നു.
പ്രാദേശിക സമയം ഉച്ചയ്ക്ക് 12.42 പുറത്ത് വന്ന മറ്റൊരു എക്‌സ് പോസ്റ്റിലാണ് വിമാനത്താവളം പ്രവര്‍ത്തനം പുനരാരംഭിച്ചതായി അറിയിച്ചത്. കഴിഞ്ഞ വര്‍ഷവും ഇതേ വിമാനത്താവളമടക്കം ഫ്രാന്‍സിലെ വിവിധ വിമാനത്താവളങ്ങള്‍ വ്യാജ ബോംബ് ഭീഷണി പരമ്പര മൂലം ഒഴിപ്പിക്കേണ്ടി വന്നിരുന്നു.
End of alert - 26/07/2023 12:42
— EuroAirport (@euroairportcom) July 26, 2024
The airport has reopened, and flight operations are gradually restarting. Passengers are requested to contact their airline for information about their flight. We wish you a safe and happy journey.
കഴിഞ്ഞ വര്‍ഷം ഈ വിമാനത്താവളത്തില്‍ 80 ലക്ഷം യാത്രക്കാരാണ് വന്ന് പോയത്. അതിവേഗ റെയില്‍ ശൃംഖലയില്‍ ആക്രമണം നടത്തിയവരെ കണ്ടെത്താനുള്ള ശ്രമത്തിനിടെയാണ് വിമാനത്താവളത്തിന് നേരെയും ബോംബ് ഭീഷണി ഉണ്ടായിരിക്കുന്നത്. ആയിരക്കണക്കിന് യാത്രക്കാരെയാണ് റെയില്‍ശൃംഖലയിലെ ആക്രമണം ബാധിച്ചത്.
അതേസമയം അട്ടിമറികള്‍ ഒളിമ്പിക്സിനെ ബാധിക്കില്ലെന്ന് സിറ്റി മേയര്‍ അന്നെ ഹിഡാല്‍ഗോ അറിയിച്ചു. സ്പെയിന്‍ രാജാവ് ഫെലിപ് ആറാമനുമായി കൂടിക്കാഴ്‌ച നടത്തിയ ശേഷമായിരുന്നു ഈ പ്രതികരണം. മണിക്കൂറുകള്‍ മാത്രമാണ് പാരിസ് ഒളിമ്പിക്‌സിന്‍റെ ഉദ്ഘാടന മാമാങ്കത്തിന് ഇനി ശേഷിക്കുന്നത്.
2024 പാരിസ് ഒളിമ്പിക്‌സിന്‍റെ ഉദ്ഘാടന ആഘോഷങ്ങള്‍ക്ക് മണിക്കൂറുകള്‍ക്ക് മുമ്പായിരുന്നു ട്രെയിന്‍ ശൃംഖലയിലെ ആക്രമണം. അതിവേഗ ട്രെയിന്‍ പാതയുടെ പലയിടത്തും അട്ടിമറി പ്രവര്‍ത്തനങ്ങള്‍ ഉണ്ടായെന്നും ഫ്രഞ്ച് റെയില്‍വേ ഓപ്പറേറ്റര്‍മാരായ എസ്എന്‍സിഎഫ് റിപ്പോര്‍ട്ട് ചെയ്‌തു.
രാജ്യത്തെ പടിഞ്ഞാറ്, വടക്ക്, കിഴക്ക് ഭാഗത്തെ സര്‍വീസുകളെയാണ് ഇത് ബാധിച്ചത്. ചില ട്രെയിനുകള്‍ റദ്ദാക്കുകയും ചിലത് വൈകുകയും ചെയ്‌തതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തു. ആസൂത്രിതമായ ആക്രമണമാണ് ഉണ്ടായിട്ടുള്ളത്. ഈ വാരാന്ത്യം വരെ ട്രെയിന്‍ ശൃംഖലയുടെ പ്രവര്‍ത്തനത്തെ ഇത് ബാധിക്കും. ഫ്രഞ്ച് ജനതയുടെ അവധി യാത്രകളെ ഇത് വലിയ തോതില്‍ ബാധിച്ചിട്ടുണ്ടെന്നും താന്‍ ഇതിനെ ശക്തമായി അപലപിക്കുന്നെന്നും ഗതാഗത മന്ത്രി പട്രിസ് വെര്‍ഗ്രെയ്‌റ്റ് എക്‌സില്‍ കുറിച്ചു.
എത്രയും വേഗം ഗതാഗത പുനസ്ഥാപിച്ച ടിജിവി അധികൃതരെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്‌തു. ഗെയിംസിനെതിെര പ്രവര്‍ത്തിക്കുന്നവര്‍ രാജ്യത്തിനെതിരെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് കായിക മന്ത്രി അമേലി ഔദിയ കസ്റ്റേര ഫ്രഞ്ച് ന്യൂസ് ചാനലായ ആയ ബിഎഫ്എമ്മിനോട് പറഞ്ഞു. റെയില്‍ ശൃംഖലയിലെ പ്രശ്‌നങ്ങള്‍ കായിക താരങ്ങളെയും പൊതുജനങ്ങളെയും യാത്രക്കാരെയും എത്രമാത്രം ബാധിച്ചിട്ടുണ്ടെന്ന് കണക്കാക്കി വരികയാണെന്നും അവര്‍ പറഞ്ഞു.
മത്സരവേദികളിലേക്ക് എല്ലാ പ്രതിനിധികളുടെയും സുഗമമായ യാത്ര ഉറപ്പാക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അറ്റ്ലാന്‍റിക്, വടക്ക് കിഴക്കന്‍ മേഖല എന്നിവയെ ഇത് ബാധിച്ചിട്ടുണ്ട്. മുമ്പുണ്ടാകാത്ത സാഹചര്യമാണിതെന്ന് എസ്എന്‍സിഎഫ് പ്രതികരിച്ചു. അറ്റകുറ്റപ്പണികള്‍ നടന്ന് വരികയാണന്നും എത്രുയം വേഗം എല്ലാം പഴയപടിയാകുമെന്നും അവര്‍ അറിയിച്ചു.