അബിജാന്‍ : കാല്‍പ്പന്ത് കളിയാസ്വാദകര്‍ക്ക് സര്‍പ്രൈസുകള്‍ സമ്മാനിച്ച ആഫ്രിക്കന്‍ നാഷന്‍സ് കപ്പ് (Africa Cup Of Nations) ഫുട്‌ബോള്‍ ടൂര്‍ണമെന്‍റില്‍ ഇനി ശേഷിക്കുന്നത് ഫൈനല്‍ ഉള്‍പ്പടെ നാല് മത്സരങ്ങള്‍. ക്വാര്‍ട്ടര്‍ പോരാട്ടങ്ങള്‍ കഴിഞ്ഞ ദിവസം അവസാനിച്ചതോടെ സെമി ചിത്രവും വ്യക്തമായിട്ടുണ്ട്. വമ്പന്മാരെല്ലാം നേരത്തെ വീണ ടൂര്‍ണമെന്‍റില്‍ ഇപ്രാവശ്യം അവസാന നാലില്‍ ഇടംപിടിച്ചിരിക്കുന്നത് നൈജീരിയ (Nigeria), ഐവറി കോസ്റ്റ് (Ivory Coast), ദക്ഷിണാഫ്രിക്ക (South Africa), കോംഗോ (DR Congo) എന്നീ ടീമുകളാണ്.
ഫെബ്രുവരി ഏഴിനും എട്ടിനുമായാണ് സെമി ഫൈനല്‍ പോരാട്ടങ്ങള്‍ക്ക് അരങ്ങുണരുന്നത്. ഏഴിന് ഇന്ത്യന്‍ സമയം രാത്രി പത്തരയ്‌ക്ക് നടക്കുന്ന ഒന്നാം സെമിയില്‍ നൈജീരിയ ദക്ഷിണാഫ്രിക്കയോട് ഏറ്റുമുട്ടും (Nigeria vs South Africa). എട്ടിന് പുലര്‍ച്ചെ ഒന്നരയ്‌ക്കാണ് ഐവറി കോസ്റ്റും കോംഗോയും (Ivory Coast vs DR Congo) തമ്മിലുള്ള രണ്ടാം സെമി ഫൈനല്‍.
സെമി ഫൈനലില്‍ ഇടം പിടിച്ചിട്ടുള്ള നാല് ടീമുകളും ഇടവേളയ്‌ക്ക് ശേഷമുള്ള കിരീട നേട്ടമാണ് ലക്ഷ്യം വയ്‌ക്കുന്നത്. കൂട്ടത്തില്‍, കൂടുതല്‍ പ്രാവശ്യം ആഫ്രിക്കന്‍ നാഷന്‍സ് കപ്പില്‍ മുത്തമിട്ടിട്ടുള്ളത് നൈജീരിയയാണ്. 1980, 1994, 2013 വര്‍ഷങ്ങളിലാണ് നൈജീരിയ ആഫ്രിക്കന്‍ വന്‍കരയുടെ ചാമ്പ്യന്മാരായത്.
ഐവറി കോസ്റ്റ്, കോംഗോ ടീമുകള്‍ രണ്ട് പ്രാവശ്യമാണ് ചാമ്പ്യന്‍ പട്ടം സ്വന്തമാക്കിയത്. 1992, 2015 വര്‍ഷങ്ങളിലായിരുന്നു ഐവറി കോസ്റ്റിന്‍റെ കിരീട നേട്ടം. 1968ലും 1972ലുമായിരുന്നു കോംഗോ ആഫ്രിക്കയുടെ രാജാക്കന്മാരായത്.
ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരഫലങ്ങള്‍: അംഗോളയെ പരാജയപ്പെടുത്തിയാണ് നൈജീരിയ ആഫ്രിക്കന്‍ നാഷൻസിന്‍റെ സെമിയില്‍ കടന്നത്. ക്വാര്‍ട്ടറില്‍ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു നൈജീരിയൻ സംഘത്തിന്‍റെ വിജയം. ഗിനിയക്കെതിരെ അനായാസ ജയമായിരുന്നു കോംഗോ രണ്ടാം ക്വാര്‍ട്ടറില്‍ നേടിയത്.
3-1 എന്ന സ്കോറിനായിരുന്നു കോംഗോയുടെ ജയം. മാലിയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ഐവറി കോസ്റ്റ് സെമി ഫൈനല്‍ യോഗ്യത നേടിയത്. കേപ് വെര്‍ദയെ പെനാല്‍റ്റി ഷൂട്ടൗട്ടിലായിരുന്നു ദക്ഷിണാഫ്രിക്ക പരാജയപ്പെടുത്തിയത്.
Also Read : നേര്‍ക്കുനേര്‍ പോരിന് വമ്പന്മാര്‍, ഏഷ്യന്‍ കപ്പ് ഫുട്‌ബോള്‍ സെമി ലൈനപ്പായി
ആവേശകരമായ മത്സരത്തിന്‍റെ നിശ്ചിത സമയത്ത് ഇരു ടീമുകള്‍ക്കും ഗോളുകളൊന്നും നേടാന്‍ സാധിച്ചിരുന്നില്ല. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ദക്ഷിണാഫ്രിക്ക രണ്ട് പ്രാവശ്യം പന്ത് എതിര്‍ വലയില്‍ എത്തിച്ചു. കേപ് വെര്‍ദയ്‌ക്ക് ഒരു അവസരം മാത്രമായിരുന്നു ഗോളാക്കി മാറ്റാനായത്.