കിങ്‌സ്‌ടൗണ്‍: ടി20 ലോകകപ്പ് സൂപ്പര്‍ എട്ടിലെ അവസാന മത്സരത്തില്‍ ബംഗ്ലാദേശിനെതിരെ ആവേശജയം സ്വന്തമാക്കി അഫ്‌ഗാനിസ്ഥാൻ. ടൂര്‍ണമെന്‍റിലെ നിലനില്‍പ്പിനായുള്ള പോരാട്ടത്തില്‍ ഡക്ക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം എട്ട് റണ്‍സിനാണ് അഫ്‌ഗാന്‍റെ ജയം. ജയത്തോടെ സൂപ്പര്‍ എട്ടില്‍ ഗ്രൂപ്പ് ഒന്നില്‍ നിന്നും ഇന്ത്യയ്‌ക്കൊപ്പം അഫ്‌ഗാനിസ്ഥാൻ സെമിയിലേക്ക് യോഗ്യത നേടി. ഇതോടെ, കരുത്തരായ ഓസ്‌ട്രേലിയ ലോകകപ്പ് സെമി കാണാതെ പുറത്തായി.
ഇന്ന് നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്‌ത അഫ്‌ഗാനിസ്ഥാൻ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്‌ടത്തില്‍ 115 റണ്‍സാണ് നേടിയത്. ഇടയ്‌ക്കിടെ മഴ രസംകൊല്ലിയായി എത്തിയ സാഹചര്യത്തില്‍ ബംഗ്ലാദേശിന്‍റെ വിജയലക്ഷ്യം 19 ഓവറില്‍ 114 റണ്‍സായി പുനര്‍ നിശ്ചയിച്ചിരുന്നു. ഈ സ്കോര്‍ പിന്തുടര്‍ന്ന ബംഗ്ലാദേശ് 17.5 ഓവറില്‍ 105 റണ്‍സില്‍ ഓള്‍ഔട്ടാകുകയായിരുന്നു. നാല് വിക്കറ്റ് വീതം നേടിയ ക്യാപ്‌റ്റൻ റാഷിദ് ഖാന്‍റെയും പേസര്‍ നവീൻ ഉള്‍ ഹഖിന്‍റെയും തകര്‍പ്പൻ പ്രകടനങ്ങളാണ് അഫ്‌ഗാനിസ്ഥാന് ചരിത്രജയം സമ്മാനിച്ചത്.
കുഞ്ഞൻ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ബംഗ്ലാദേശിന് തുടക്കം തന്നെ പാളി. 23 റണ്‍സ് നേടുന്നതിനിടെ തന്നെ തന്‍സിദ് ഹസന്‍ (0), നജ്‌മുല്‍ ഹുസൈന്‍ ഷാന്‍റോ (5), ഷാക്കിബ് അല്‍ ഹസന്‍ (0) എന്നിവരെ ബംഗ്ലാദേശിന് നഷ്‌ടമായി. സൗമ്യ സര്‍ക്കാര്‍ (10), തൗഹിദ് ഹൃദോയ് (14) എന്നിവരും വീണതോടെ ബംഗ്ലാദേശ് പ്രതിരോധത്തിലായി.
ആദ്യ അഞ്ച് വിക്കറ്റ് നഷ്‌ടപ്പെടുമ്പോള്‍ 8.5 ഓവറില്‍ 64 റണ്‍സായിരുന്നു ബംഗ്ലാദേശിന്‍റെ സ്കോര്‍ ബോര്‍ഡിലുണ്ടായിരുന്നത്. 11-ാം ഓവര്‍ എറിയാനെത്തിയ റാഷിദ് ഖാൻ മുഹമ്മദുള്ള, റിഷാദ് ഹൊസ്സൈൻ എന്നിവരെ അടുത്തടുത്ത പന്തുകളില്‍ വീഴ്‌ത്തി. ഇതോടെ, അഫ്‌ഗാൻ മത്സരത്തില്‍ പിടിമുറുക്കി.
ഓപ്പണര്‍ ലിറ്റണ്‍ ദാസ് ക്രീസിലുണ്ടായിരുന്നതായിരുന്നു പിന്നീട് ബംഗ്ലാദേശിന്‍റെ പ്രതീക്ഷ. എന്നാല്‍ ലിറ്റണ്‍ ദാസിനെ ഒരുവശത്ത് നിര്‍ത്തി അഫ്‌ഗാനിസ്ഥാൻ ബംഗ്ലാദേശിന്‍റെ മറ്റ് താരങ്ങളുടെ വിക്കറ്റുകള്‍ പിഴുതു. തൻസിം ഹസൻ സാകിബ് (3), ടസ്‌കിൻ അഹമ്മദ് (2), മുസ്‌തഫിസുര്‍ റഹ്മാൻ (0) എന്നിവരും വീണതോടെ അഫ്‌ഗാനിസ്ഥാൻ ലോകകപ്പ് സെമിയിലേക്ക് കടന്നു. ഓപ്പണറായി ക്രീസിലെത്തിയ ബംഗ്ലാദേശിന്‍റെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ലിറ്റണ്‍ ദാസ് 49 പന്തില്‍ പുറത്താകാതെ 54 റണ്‍സ് നേടിയിരുന്നു. അതേസമയം, സെമി ഫൈനലില്‍ ദക്ഷിണാഫ്രിക്കയാണ് അഫ്‌ഗാനിസ്ഥാന്‍റെ എതിരാളികള്‍.