മുംബൈ: ഐപിഎല്ലിന് പിന്നാലെ നടക്കാനിരിക്കുന്ന ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ശിവം ദുബെയെ പിന്തുണച്ച് ഓസ്‌ട്രേലിയയുടെ മുന്‍ താരം ആദം ഗില്‍ക്രിസ്റ്റ്. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനായി മികച്ച പ്രകടനമാണ് ദുബെ നടത്തുന്നത്. സ്പിന്നർമാരെയും ഫാസ്റ്റ് ബോളർമാരെയും മികച്ച രീതിയില്‍ നേരിടാന്‍ ദുബെയ്‌ക്ക് കഴിയും. താരത്തിന്‍റെ ഓള്‍റൗണ്ടിങ് മികവ് ഇന്ത്യയ്‌ക്ക് ഏറെ ഗുണം ചെയ്യുന്നതാണെന്നും 52-കാരനായ ഗില്‍ക്രിസ്റ്റ് പറഞ്ഞു.
"ശിവം ദുബെ, അവന്‍റെ ഫോമിനെ പ്രതിരോധിക്കുക എന്നത് ബോളര്‍മാര്‍ക്ക് ഏറെ കഠിനമായ കാര്യമാണ്. സ്‌പിന്നര്‍മാര്‍ക്ക് എതിരെയും പേസര്‍മാര്‍ക്കെതിരെയും മികച്ച രീതിയില്‍ കളിക്കാന്‍ അവന് കഴിയുന്നുണ്ട്. തന്‍റെ ഷോട്ട് സെലക്ഷനിൽ അവന് തികഞ്ഞ ആത്മവിശ്വാസമുണ്ടെന്ന് തോന്നുന്നു.
ഗ്രൗണ്ടിന് ചുറ്റും പന്തടിച്ചാണ് അവന്‍ റണ്‍സ് നേടുന്നത്. അവന്‍റെ ഓള്‍റൗണ്ടര്‍ മികവും ടീമിന് ഗുണം ചെയ്യും. ടി20 ലോകകപ്പ് പദ്ധതിയുടെ ഭാഗമാണെങ്കില്‍ കുറഞ്ഞത് നെറ്റ്‌സിലെങ്കിലും അവൻ ധാരാളം പന്തെറിയുന്നുവെന്നത് ഉറപ്പാക്കേണ്ടതുണ്ട്. അതു മാച്ച് പ്രാക്‌ടീസ് അല്ലെന്ന് എനിക്കറിയാം.
എന്നാല്‍ ടൂര്‍ണമെന്‍റ് പുരോഗമിക്കുമ്പോള്‍ അവന്‍ ബോള്‍ ചെയ്യുന്നത് നിങ്ങൾ കണ്ടേക്കാം. എന്തുതന്നെയായാലും, അവന്‍റെ പ്രതിഭയെ പ്രതിരോധിക്കുന്നത് പ്രയാസകമായ കാര്യമാണ്"- ഒരു ചര്‍ച്ചയ്‌ക്കിടെ ഗില്‍ക്രിസ്‌റ്റ് പറഞ്ഞു.
ഇന്ത്യയുടെ മുന്‍ താരം മനോജ് തിവാരി ഉള്‍പ്പെട്ട ചര്‍ച്ചയിലായിരുന്നു ഓസീസ് മുന്‍ താരത്തിന്‍റെ വാക്കുകള്‍. സ്ഥിരതയോടെയാണ് ദുബെ കളിക്കുന്നതെന്ന് പറഞ്ഞ തിവാരി ഗില്‍ക്രിസ്റ്റിനെ പിന്തുണച്ചു. ദുബെ, ടി20 ലോകകപ്പില്‍ ഇന്ത്യയുടെ 'കറുത്ത കുതിര' ആവുമെന്നും തിവാരി ആത്മവിശ്വാസം പ്രകടിപ്പിച്ചു.
"ടി20 ലോകകപ്പില്‍ ഇന്ത്യയുടെ 'കറുത്ത കുതിര' ശിവം ദുബെ ആയിരിക്കും. ഈ ഐപിഎല്ലിലെ ഫോമും ഒഴുക്കും, ടി20 ലോകകപ്പിലും അവനുണ്ടാവുമെന്നാണ് ഞാന്‍ കരുതുന്നത്"- മനോജ് തിവാരി പറഞ്ഞു.
സീസണില്‍ മിന്നും പ്രകടനമാണ് ചെന്നൈക്കായി ശിവം ദുബെ നടത്തുന്നത്. ഏഴ് മത്സരങ്ങളിൽ നിന്നും 157.05 സ്‌ട്രൈക്ക് റേറ്റിൽ 245 റൺസാണ് താരം ഇതുവരെ അടിച്ച് കൂട്ടിയിട്ടുള്ളത്. അതേസമയം ജൂണിലാണ് ടി20 ലോകകപ്പ് അരങ്ങേറുന്നത്. അമേരിക്ക- വെസ്റ്റ് ഇന്‍ഡീസ് എന്നീ രാജ്യങ്ങളാണ് ആതിഥേയരാവുന്നത്.
രോഹിത് ശര്‍മയ്‌ക്ക് കീഴിലാവും ഇന്ത്യ ടി20 ലോകകപ്പിന് ഇറങ്ങുകയെന്ന് ബിസിസിഐ നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. പ്രാഥമിക സ്‌ക്വാഡ് പ്രഖ്യാപനത്തിനുള്ള അന്തിമ തീയതിയായ മെയ് ഒന്നിന് ഇന്ത്യന്‍ ടീമിന്‍റെയും പ്രഖ്യാപനമുണ്ടാവുമെന്നാണ് വിവരം.