കോഴിക്കോട്: ജൂലൈ 26 മുതൽ നടക്കുന്ന പാരിസ് ഒളിമ്പിക്‌സിലേക്ക് അന്തിമ യോഗ്യത നേടി മലയാളി താരം അബ്ദുള്ള അബൂബക്കർ. ട്രിപ്പിൾ ജംപിലാണ് കോഴിക്കോട് നാദാപുരം വളയം സ്വദേശിയായ അബ്ദുള്ള അബൂബക്കർ മത്സരിക്കുക. ഹരിയാനയിൽ സമാപിച്ച 63-ാമത് ദേശീയ സീനിയർ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പില്‍ സ്വര്‍ണം നേടിക്കൊണ്ടാണ് അബ്ദുള്ള അബൂബക്കര്‍ പാരീസിലേക്കും ടിക്കറ്റ് ഉറപ്പിച്ചത്.
അത്‌ലറ്റിക്‌സിൽ ഒളിമ്പിക് യോഗ്യതയ്‌ക്കുള്ള മത്സരങ്ങൾ ജൂൺ 30നാണ് സമാപിച്ചത്.ഹരിയാനയിലെ താവു ദേവീലാല്‍ സ്റ്റേഡിയത്തില്‍ നടന്ന ട്രിപ്പിള്‍ ജംപ് മല്‍സരത്തില്‍ ആറു ചാട്ടങ്ങളില്‍ നിന്ന് 17 മീറ്റര്‍ എന്ന ദൂരം കണ്ടെത്തിയാണ് അബൂബക്കര്‍ ഒന്നാം സ്ഥാനത്തെത്തിയത്. അതേസമയം പാരിസ് ഒളിമ്പിക്സിനുള്ള യോഗ്യതാ മാര്‍ക്ക് 17.22 മീറ്ററായിരുന്നു. യോഗ്യത മാർക്ക് പിന്നിടുന്നതില്‍ അബ്ദുള്ള അബൂബക്കർ പരാജയപ്പെട്ടെങ്കിലും ദേശീയ സീനിയർ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിലെ പ്രകടനത്തോടെ ട്രിപ്പിൾ ജംപ് ഇനത്തിൽ ലോക റാങ്കിങ്ങിൽ 21-ാം സ്ഥാനത്തെത്താൻ താരത്തിന് കഴിഞ്ഞു. ഇന്ത്യൻ അത്‌ലറ്റുകൾക്ക് പാരിസ് ഒളിമ്പിക്‌സിന് യോഗ്യത നേടാനുള്ള അവസാന അവസരമായിരുന്നു ദേശീയ സീനിയർ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പ്.
സ്കൂള്‍ വിദ്യാഭ്യാസ കാലത്ത് സ്‌പ്രിന്‍റ്, ഹൈ ജംപ്, ലോങ് ജംപ്, ഹഡിൽസ് എന്നിങ്ങനെ മിക്ക ഇനങ്ങളിലും അബ്ദുള്ള അബൂബക്കര്‍ മത്സരിച്ചിരുന്നു.പാലക്കാട് കല്ലടിയിലെ കുമരംപുത്തൂർ എച്ച്എസ്എസിൽ ചേർന്ന ശേഷമാണ് അന്ന് ഒമ്പതാം ക്ലാസുകാരനായിരുന്ന അബ്ദുള്ള ട്രിപ്പിൾ ജംപാണ് തന്‍റെ വഴി എന്ന് മനസിലാക്കിയത്. ഒരു വർഷം പിന്നിട്ടപ്പോൾ സംസ്ഥാന, ദേശീയ സ്‌കൂൾ കായികമേളകളിൽ സ്വർണം നേടി. 2015ൽ ജൂനിയർ വിഭാഗത്തിൽ ദേശീയ ചാംപ്യനുമായി.
2022ൽ ബെർമിങ്ങാമിൽ നടന്ന കോമൺവെൽത്ത് ഗെയിംസിൽ വെള്ളി കരസ്ഥമാക്കി. ഫൈനലിലെ ആദ്യ 4 ജംപുകൾ പൂർത്തിയാകുമ്പോൾ മെഡൽ സാധ്യത പട്ടികയ്‌ക്ക് പുറത്തായിരുന്നു അബ്ദുള്ള. എന്നാൽ അഞ്ചാം ഊഴത്തിലെ 17.02 മീറ്റർ ചാട്ടത്തിലൂടെ വെള്ളി മെഡലിന് അർഹനായി. 3 തവണ 17 മീറ്റർ പിന്നിടുന്ന ആദ്യ ഇന്ത്യൻ അത്‌ലറ്റ് എന്ന നേട്ടവും ഇതോടെ അബ്ദുള്ള സ്വന്തമാക്കി.
14 വർഷത്തെ കായിക ജീവിതത്തിൽ വലിയ സമയവും പരിക്കാണ് അബ്ദുള്ളയെ വലച്ചത്. കാൽപാദം, കാൽമുട്ട്, കാൽക്കുഴ എന്നിങ്ങനെ ഒന്നിന് പിറകെ ഒന്നായെത്തിയ പരിക്കുകൾ കാരണം പലവട്ടം അബ്ദുള്ള ഗ്രൗണ്ടിന് പുറത്തിരുന്നു. എന്നിട്ടും പ്രതിസന്ധികളോട് പൊരുതി ഈ ചെറുപ്പക്കാരൻ ഭുവനേശ്വറിൽ നടന്ന ഇന്ത്യൻ ഗ്രാൻപ്രി അത്‍ലറ്റിക്‌സിൽ 17.19 മീറ്റർ ചാടി സ്വർണം നേടി.
രഞ്ജിത് മഹേശ്വരിക്ക് ശേഷം ട്രിപ്പിൾ ജംപിൽ ഒരു ഇന്ത്യൻ അത്‌ലിന്‍റെ മികച്ച പ്രകടനമായിരുന്നു അത്. ചെന്നൈയിൽ നടന്ന ദേശീയ സീനിയർ അത്‌ലറ്റിക്‌സിൽ വെള്ളി നേടിയ അബ്ദുള്ള ട്രിപ്പിൾ ജംപിലെ സ്വപ്‌ന ദൂരവും (17.14 മീറ്റർ) താണ്ടി. 2017ൽ സ്‌പോർട്‌സ് ക്വോട്ടയിൽ ഇന്ത്യൻ വ്യോമസേനയിൽ ജോലി ലഭിച്ച അബ്ദുള്ള പാരിസിലേക്ക് പറക്കാനുള്ള തയ്യാറെടുപ്പിലാണ് ഇപ്പോൾ.
ALSO READ: പാരിസ് ഒളിമ്പിക്‌സിലേക്കുള്ള വഴി ഇങ്ങിനെ; യോഗ്യത മാര്‍ക്കും രാജ്യങ്ങളുടെ ക്വാട്ടയും