പൂനെയിൽ പ്രാദേശിക ക്രിക്കറ്റ് ലീഗ് മത്സരത്തിനിടെ ക്രിക്കറ്റ് താരം നെഞ്ചുവേദനയെ തുടര്‍ന്ന് കുഴഞ്ഞുവീണു മരിച്ചു. ബാറ്റിങ്ങിനിടെ വേദന അനുഭവപ്പെടുന്നതായി അമ്പയറോട് പറഞ്ഞ ശേഷം ഡഗ് ഔട്ടിലേക്ക് മടങ്ങിയതിനു പിന്നാലെയാണ് മരണം. 35 വയസുകാരൻ ഇമ്രാൻ പട്ടേലാണ് മരിച്ചത്. പൂനെ ഛത്രപതി സംഭാജിനഗറിലെ ക്രിക്കറ്റ് ഗ്രൗണ്ടിലാണ് സംഭവം.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
പ്രാദേശിക തലത്തിൽ നിരവധി മത്സരങ്ങളിൽ തകർപ്പൻ പ്രകടനം നടത്തിയ ഇമ്രാൻ കഴിഞ്ഞ ദിവസം വൈകുന്നേരം സ്വകാര്യ ടൂർണമെന്‍റ് കളിക്കുകയായിരുന്നു. ഇമ്രാൻ ഒരു ബൗണ്ടറി അടിച്ചശേഷം അമ്പയറുടെ അടുത്തേക്ക് പോകുന്നത് വീഡിയോയില്‍ കാണാവുന്നതാണ്.
പുറത്ത് പോയി മരുന്ന് കഴിക്കണമെന്ന് താരം അമ്പയറോട് പറഞ്ഞിട്ട് പവലിയനിലേക്ക് നടക്കാൻ തുടങ്ങി. മൈതാനം വിടുന്നതിന് മുമ്പ് തന്നെ താരം വീഴുകയായിരുന്നു. ഇതുകണ്ട മറ്റു താരങ്ങള്‍ ഇമ്രാന്‍റെ അടുത്തേക്ക് ഓടുകയും അടിയന്തരമായി ആശുപത്രിയിലെത്തിക്കാനുള്ള ഏർപ്പാടുകൾ ചെയ്യുകയുമായിരുന്നു.
![CHHATRAPATI SAMBHAJINAGAR CRICKETER CRICKETER IMRAN PATEL CRICKETER DIED IN LIVE MATCH LIVE CRICKET MATCH](https://etvbharatimages.akamaized.net/etvbharat/prod-images/29-11-2024/23004451_jjj.jpg)
ഗാർവെയർ ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ നഗരസഭാ കമ്മിഷണർ ജി.ശ്രീകാന്തും ഉണ്ടായിരുന്നു. മൈതാനത്ത് കുഴഞ്ഞു വീഴുന്നത് കണ്ട ഇമ്രാനെ ഉടൻ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ നിർദേശിച്ചു. റോഡിൽ ധാരാളം ആൾക്കൂട്ടമുണ്ടായതിനാൽ കമ്മീഷണർ തന്‍റെ പൈലറ്റ് കാറും നൽകി. എന്നാൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ താരം മരിച്ചതായി ഡോക്ടർ അറിയിക്കുകയായിരുന്നു.
എപ്പോഴും പുഞ്ചിരിയോടെ കളിക്കുകയും കളികൊണ്ട് എല്ലാവരുടെയും ഹൃദയം കീഴടക്കുകയും ചെയ്‌ത താരമായിരുന്നു ഇമ്രാന്‍ പട്ടേല്‍. ഒരു മികച്ച ഔള്‍റൗണ്ടറായതിനാല്‍ പ്രാദേശിക തലത്തിൽ നിരവധി ആരാധകരുണ്ടായിരുന്നു.താരത്തിന്‍റെ മരണത്തില്‍ ക്രിക്കറ്റ് പ്രേമികൾ സോഷ്യൽ മീഡിയയിലൂടെ ദുഃഖം രേഖപ്പെടുത്തി. ഇമ്രാന് അമ്മയും ഭാര്യയും മൂന്ന് പെൺമക്കളുമുണ്ട്. ആസാദ് കോളേജിലെ പസഫിക് ആശുപത്രിക്ക് സമീപമുള്ള ശ്‌മശാനത്തിലാണ് ഇമ്രാനെ അടക്കം ചെയ്‌തത്.
Also Read: ജയം തുടരാന്‍ ഗോകുലം കേരള; ഐ ലീഗിൽ ഇന്ന് റിയൽ കാശ്‌മീരിനെ നേരിടും