ന്യൂഡൽഹി : 71-ാമത് ലോകസുന്ദരി മത്സരത്തിന്‍റെ ഭാഗമായി മിസ് വേൾഡ് സ്‌പോർട്‌സ്/മിസ് വേൾഡ് സ്‌പോർട്‌സ് വുമൺ കിരീടത്തിനായുള്ള വേദിയായി മേജർ ധ്യാൻചന്ദ് നാഷണൽ സ്റ്റേഡിയം. ഇന്നലെ നടന്ന പരിപാടിയില്‍ പ്രാഥമിക റൗണ്ടിൽ മികച്ച പ്രകടനം കാഴ്‌ചവച്ച 32 പ്രതിനിധികളെ സ്‌പോർട്‌സ് ഫൈനലിൽ മത്സരിക്കാൻ തെരഞ്ഞെടുത്തു. ഒന്നാം സ്ഥാനം നേടിയത് ക്രൊയേഷ്യയിൽ നിന്നുള്ള ലൂസിയാജ ബെഗിച്ചാണ്.
പ്രതിനിധികളുടെ ശാരീരികക്ഷമത, മൊത്തത്തിലുള്ള ആരോഗ്യം, കായിക വൈദഗ്ധ്യം, പോസിറ്റീവ് മാനസികാവസ്ഥ എന്നിവ വിലയിരുത്തിയാണ് വിജയിയെ കണ്ടെത്തുന്നത്. ക്രിക്കറ്റ്, ഫുട്ബോൾ ഷൂട്ടൗട്ട്, ഷട്ടിൽ റൺ, ഹോക്കി ഷൂട്ടൗട്ട്, 400 മീറ്റർ ഓട്ടം എന്നിങ്ങനെ വിവിധ കായിക പ്രവർത്തനങ്ങൾ സ്പോർട്‌സ് ചലഞ്ചിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ദേശീയ ഹോക്കി ഫെഡറേഷനായ ഹോക്കി ഇന്ത്യയിൽ നിന്നും പിന്തുണ ലഭിച്ചു.
കൂടാതെ, ഇന്ത്യയുടെ ദേശീയ ഫുട്ബോൾ ബോഡിയെ പ്രതിനിധീകരിച്ച് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ, ഇന്ത്യൻ വനിതകളെ ഫുട്ബോളിൽ പ്രോത്സാഹിപ്പിക്കുന്നതിനായി ഡെലിഗേറ്റുകളുമായി സംവദിക്കാൻ പരിശീലകർക്കൊപ്പം തെരഞ്ഞെടുത്ത ടീമിനെ അയച്ചു. ഡെൽഹി ക്യാപിറ്റൽസിന്‍റെ അക്കാദമി പരിശീലകരും വനിത ക്രിക്കറ്റ് താരങ്ങളും ക്രിക്കറ്റിനെക്കുറിച്ചുള്ള മാർഗനിർദേശം നൽകി.
ലോകത്തിലെ ഏറ്റവും പഴക്കമേറിയതും അഭിമാനകരവുമായ അന്താരാഷ്‌ട്ര സൗന്ദര്യമത്സരമാണ് മിസ് വേൾഡ് ഓർഗനൈസേഷൻ. 1951 ൽ സ്ഥാപിതമായ ഇത് വിവിധ രാജ്യങ്ങളിൽ നിന്നുള്ള സ്‌ത്രീകളുടെ സൗന്ദര്യം, ബുദ്ധി, മാനുഷിക ശ്രമങ്ങൾ എന്നിവയെ അടിസ്ഥാനമാക്കിയുള്ളതാണ്. ചാരിറ്റി പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും സ്‌ത്രീകളെ അവരുടെ കമ്മ്യൂണിറ്റികളിലും മറ്റിടങ്ങളിലും മാറ്റത്തിന്‍റെ വക്താക്കളാക്കുകയാണ് മിസ് വേൾഡ് ലക്ഷ്യം.