വാലന്‍റൈൻസ് വീക്കിലെ നാലാം ദിനമായ ഇന്നാണ് 'ടെഡി ഡേ' (Teddy Day 2024). പ്രണയിതാക്കള്‍ തങ്ങളുടെ ഇഷ്‌ട ടോയ്‌സിനൊപ്പം സമയം ചെലവഴിക്കുന്ന ദിനം. കാമുകന്മാര്‍ തങ്ങളുടെ പ്രണയിനിക്ക് അവര്‍ക്ക് ഏറെ പ്രിയപ്പെട്ട ടെഡി സമ്മാനമായി നല്‍കുന്ന ദിവസം...
കേവലം മനോഹരമായ ഒരു കളിപ്പാട്ടം എന്നതിലുപരി സ്നേഹം, ആശ്വാസം, സുരക്ഷിതത്വം എന്നിവയുടെയും പ്രതീകം കൂടിയാണ് ഈ ടെഡികള്‍. ചുവപ്പ്, പിങ്ക്, വെള്ള നിറങ്ങളില്‍ നിഷ്‌കളങ്കഭാവത്തിലുള്ള ടെഡികളെയാണ് പ്രണയിനികള്‍ക്ക് കൈമാറുന്നത്. പഞ്ഞിക്കെട്ടുകളാല്‍ നിറഞ്ഞ ഈ പ്രണയസമ്മാനത്തിന് എങ്ങിനെയാണ് ടെഡി എന്ന പേര് വന്നതെന്ന് അറിയുമോ...?
അമേരിക്കയുടെ 26-ാമത് പ്രസിഡന്‍റായിരുന്നു തിയൊഡോര്‍ റൂസ്‌വെല്‍റ്റ് (Theodore Roosevelt). അദ്ദേഹത്തിനെ കളിയാക്കുന്നതിനായി വാഷിങ്ടണ്‍ പോസ്റ്റില്‍ വരച്ച ഒരു ആക്ഷേപഹാസ്യ കാര്‍ട്ടൂണ്‍ ചിത്രത്തില്‍ നിന്നാണ് ടെഡികളുടെ ഉത്ഭവം. ആ കഥയിലേക്ക്...
അമേരിക്കന്‍ പ്രസിഡന്‍റായിരുന്ന തിയൊഡോര്‍ റൂസ്‌വെല്‍റ്റിന് ഒരിക്കല്‍ മിസിസിപ്പി ഓൺവാർഡിന് സമീപം കരടി വേട്ടയ്‌ക്ക് പോകാനായി അവിടുത്തെ ഗവര്‍ണറായിരുന്ന ആന്‍ഡ്രൂ എച്ച് ലോഞ്ചിനോയില്‍ നിന്നും ഒരു ക്ഷണം ലഭിക്കുന്നു. അങ്ങനെ, റൂസ്‌വെല്‍റ്റും സംഘവും വേട്ടയ്‌ക്കായി കാട്ടിലേക്ക്. കൂട്ടത്തിലുള്ള മറ്റെല്ലാവരും തന്നെ വേഗത്തില്‍ കരടികളെ വേട്ടയാടി തുടങ്ങി.
എന്നാല്‍, റൂസ്‌വെല്‍റ്റിന് മാത്രം ആ പ്രദേശത്ത് നിന്നും ഒരു കരടിയെ പോലും കണ്ടെത്താന്‍ സാധിച്ചില്ല. കൂട്ടത്തില്‍ ഉണ്ടായിരുന്ന ഒരു കുതിരപ്പടയാളി റൂസ്‌വെല്‍റ്റിനായി ഒരു കരടിയെ പിടികൂടി അവിടെയൊരു മരത്തില്‍ കെട്ടിയിട്ടു. പിന്നാലെ, ആ കരടിയെ വെടിവയ്‌ക്കാന്‍ അദ്ദേഹം റൂസ്‌വെല്‍റ്റിനോട് ആവശ്യപ്പെടുകയും ചെയ്‌തു.
മരത്തില്‍ കെട്ടിയിട്ടിരുന്ന കരടിയെ വെടിവയ്‌ക്കാന്‍ റൂസ്‌വെല്‍റ്റ് വിസമ്മതിച്ചു. അത് ന്യായമായ പ്രവര്‍ത്തി ആയിരിക്കില്ലെന്ന് അദ്ദേഹം വിശ്വസിച്ചു. റൂസ്‌വെല്‍റ്റ് കരടിയെ വെടിവയ്‌ക്കാന്‍ വിസമ്മതിച്ച കഥ വേഗത്തില്‍ തന്നെ നാട്ടില്‍ പാട്ടായി.
ഇതേ കുറിച്ചുള്ള ലേഖനങ്ങള്‍ വായിച്ചതോടെ ക്ലിഫോർഡ് ബെറിമാൻ (Clifford K. Berryman) എന്ന കാര്‍ട്ടൂണിസ്റ്റ് റൂസ്‌വെല്‍റ്റിന്‍റെ തീരുമാനത്തെ പകര്‍ത്തി വരയ്‌ക്കാന്‍ തീരുമാനിച്ചു. അധികം വൈകാതെ തന്നെ ബെറിമാന്‍റെ കാര്‍ട്ടൂണ്‍ വാഷിങ്ടണ്‍ പോസ്റ്റില്‍ അച്ചടിച്ച് പ്രസിദ്ധീകരിക്കുകയും ചെയ്‌തു.
കാര്‍ട്ടൂണ്‍ ശ്രദ്ധയില്‍പ്പെട്ടതോടെ ബ്രൂക്ക്‌ലിനില്‍ ഒരു മിഠായി കട നടത്തിയിരുന്ന മോറിസ് മിച്ച്ടോം (Morris Michtom) എന്നയാള്‍ ഇതിന് പിന്നില്‍ ഒരു ബിസിനസ് ഒളിഞ്ഞിരിക്കുന്ന കാര്യം മനസിലാക്കി. അങ്ങനെ, മിച്ച്ടോമും ഭാര്യ റോസും ചേര്‍ന്ന് സ്റ്റഫ് ചെയ്‌ത മൃഗങ്ങളുടെ ബൊമ്മകള്‍ നിര്‍മ്മിക്കാന്‍ തീരുമാനിച്ചു.
റൂസ്‌വെല്‍റ്റിന് ആദരവ് അര്‍പ്പിക്കുന്നതിനായിട്ട് അവര്‍ പിന്നീട് ഒരു കരടിയുടെ ബൊമ്മയും ഉണ്ടാക്കി. പിന്നാലെ, അവയ്‌ക്ക് ടെഡി ബെയര്‍ എന്ന പേരും നല്‍കി. റൂസ്‌വെല്‍റ്റിന്‍റെ പേര് ഉപയോഗിക്കാന്‍ അനുമതിയും ലഭിച്ചതോടെ വന്‍ തോതിലാണ് പിന്നീട് മോറിസ് മിച്ച്ടോം ടെഡി ബെയറുകളുടെ ഉത്പാദനവും വില്‍പ്പനയും നടത്തിയത്. പിന്നാലെ, ഐഡിയല്‍ ടോയ് കമ്പനി (Ideal Toy Company) എന്ന പേരില്‍ ഒരു സ്ഥാപനവും അദ്ദേഹം ആരംഭിച്ചു.