തൃശൂര്‍ : കേരളത്തിലെ പ്രചാരണങ്ങളില്‍ ഇത്തവണ പ്രധാനമന്ത്രി നരേന്ദ്ര മോദി തുടരെത്തുടരെ ആവര്‍ത്തിക്കുന്ന വിഷയം കരുവന്നൂരാണ്. കേരള സര്‍ക്കാരിന്‍റെയും സിപിഎമ്മിന്‍റെയും അഴിമതിക്ക് തെളിവായി പ്രധാനമന്ത്രി ഉയര്‍ത്തിക്കാട്ടുന്ന പ്രതീകമാണ് കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്. പാവപ്പെട്ട നിക്ഷേപകരെ കൊള്ളയടിച്ച സിപിഎമ്മിന്‍റെ കഥകള്‍ പ്രധാനമന്ത്രി കേരളത്തിലെ പ്രസംഗങ്ങളില്‍ വിവരിക്കുന്നു.
പാവപ്പെട്ട പെണ്‍കുട്ടികളുടെ വിവാഹം പോലും മുടക്കിയെന്നും ആയിരക്കണക്കിന് നിക്ഷേപകരുടെ ജീവിതം ദുരിതത്തിലാക്കിയെന്നും പ്രധാനമന്ത്രി തെരഞ്ഞെടുപ്പ് റാലികളില്‍ ആഞ്ഞടിക്കുന്നു. ഏതാണ്ട് ഇതേ സമയം തന്നെയാണ് കരുവന്നൂരില്‍ നിക്ഷേപകര്‍ക്ക് നഷ്‌ടമായ പണം തിരികെ നല്‍കാന്‍ ഒരുക്കമാണെന്ന് ഇഡി കോടതിയെ അറിയിച്ചത്. ഈ രണ്ടു സംഭവങ്ങളും എങ്ങനെ ഒത്തൊരുമിച്ചു വരുന്നുവെന്നതാണ് രാഷ്ട്രീയ നേതാക്കളെ അമ്പരപ്പിക്കുന്നത്.
നിക്ഷേപകര്‍ക്കൊപ്പം നില്‍ക്കാന്‍ കേന്ദ്ര സര്‍ക്കാരും കേന്ദ്ര ഏജന്‍സികളുമുണ്ടെന്ന് കേരളത്തിലെ തെരഞ്ഞടുപ്പ് യോഗങ്ങളില്‍ പ്രധാനമന്ത്രി ജനങ്ങള്‍ക്ക് ഉറപ്പു നല്‍കുന്നു. തട്ടിപ്പുകാരില്‍ നിന്നും പിടിച്ചെടുത്ത കോടികള്‍, പണം നഷ്‌ടമായ നിക്ഷേപകര്‍ക്ക് തിരികെ നല്‍കാന്‍ നടപടികളെടുക്കുമെന്ന് തുടര്‍ച്ചയായുള്ള തെരഞ്ഞെടുപ്പ് യോഗങ്ങളില്‍ മോദി ഉറപ്പു നല്‍കുന്നു.
തട്ടിപ്പുകാരില്‍ നിന്നും കണ്ടുകെട്ടിയ തുക 90 കോടി രൂപ ഉടന്‍ നിക്ഷേപകര്‍ക്ക് നല്‍കുമെന്ന് പ്രധാനമന്ത്രി തെരഞ്ഞെടുപ്പ് യോഗത്തില്‍ പ്രഖ്യാപിച്ച അതേ സമയം തന്നെ കൊച്ചിയിലെ പിഎംഎല്‍എ കോടതിയില്‍ ഇഡിയും ഒരു നിര്‍ണായക നീക്കം നടത്തി. കരുവന്നൂര്‍ കേസിലെ പ്രതികളില്‍ നിന്ന് കണ്ടു കെട്ടിയ തുക നഷ്‌ടം വന്ന നിക്ഷേപകര്‍ക്ക് തിരികെ നല്‍കാമെന്ന നിര്‍ദേശമാണ് ഇഡി മുന്നോട്ടു വച്ചത്.
ഇതു സംബന്ധിച്ച സത്യവാങ്‌മൂലം പിഎംഎല്‍എ കോടതിയില്‍ ഇഡി സമര്‍പ്പിച്ചു. 300 കോടി രൂപയുടെ സാമ്പത്തിക നഷ്‌ടം സംഭവിച്ച കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ പ്രതികളുടെ സ്വത്ത് കണ്ടു കെട്ടിയ വകയില്‍ ഇഡിക്ക് സമാഹരിക്കാനായത് 108 കോടി രൂപയാണെന്ന് സത്യവാങ്‌മൂലത്തില്‍ പറയുന്നു. പ്രതികളുടെ ബാങ്ക് നിക്ഷേപവും കണ്ടു കെട്ടിയ സ്വത്തുക്കളുമടക്കമുള്ളതാണ് ഈ തുക.
കുന്നംകുളത്ത് തെരഞ്ഞെടുപ്പ് റാലിയിലും കരുവന്നൂര്‍ വിഷയം ഉയര്‍ത്തിയാണ് പിണറായി സര്‍ക്കാരിനെതിരെ പ്രധാനമന്ത്രി ആഞ്ഞടിച്ചത്. ഇതേ സമയം തന്നെ കരുവന്നൂരില്‍ നിക്ഷേപകര്‍ക്ക് നഷ്‌ടമായ പണം തിരികെ നല്‍കാന്‍ ഒരുക്കമാണെന്ന് ഇഡി കോടതിയെ അറിയിച്ചത് കേന്ദ്ര സര്‍ക്കാരിന്‍റെ നിശ്ചയ ദാര്‍ഢ്യത്തെയാണ് കാണിക്കുന്നതെന്ന് ബിജെപി നേതാക്കള്‍ അഭിപ്രായപ്പെട്ടു.
സിപിഎമ്മിനെയും എല്‍ഡിഎഫ് ഭരണത്തെയും കടന്നാക്രമിക്കാന്‍ കരുവന്നൂരിനേക്കാള്‍ മികച്ച ആയുധമില്ലെന്ന തിരിച്ചറിവിലാണ് മോദി ഈ വിഷയം കേരളത്തില്‍ ചര്‍ച്ചയാക്കുന്നതെന്നാണ് ബിജെപി നേതാക്കള്‍ അവകാശപ്പെടുന്നത്. കരുവന്നൂര്‍ മാത്രമല്ല സംസ്ഥാനത്തെ സഹകരണ ബാങ്കുകളില്‍ നടക്കുന്ന അഴിമതികളും കള്ളപ്പണം വെളുപ്പിക്കലുമൊക്കെ കേന്ദ്ര ഏജന്‍സികള്‍ പുറത്തു കൊണ്ടു വരുമെന്നും ബിജെപി നേതാക്കള്‍ പറയുന്നു.
രണ്ടാഴ്‌ച മുമ്പ് ആലത്തൂരിലെ ബിജെപി സ്ഥാനാര്‍ഥിയായി നിര്‍ദേശിക്കപ്പെട്ട വിക്ടോറിയ കോളജ് മുന്‍ പ്രിന്‍സിപ്പല്‍ പ്രൊഫസര്‍ ടിഎന്‍ സരസുവുമായി നടത്തിയ ഫോണ്‍ സംഭാഷണം പ്രധാനമന്ത്രി എക്‌സ് അക്കൗണ്ട് വഴി പുറത്തു വിട്ടിരുന്നു. അതിലും കരുവന്നൂര്‍ വിഷയവും സഹകരണ ബാങ്ക് അഴിമതിയും ചര്‍ച്ചയായിരുന്നു.
കേരളത്തിലെ സഹകരണ ബാങ്കുകളില്‍ സിപിഎമ്മും ഇടതു പക്ഷവും നടത്തുന്ന അഴിമതികളെക്കുറിച്ച് പ്രൊഫസര്‍ സരസു പരാമര്‍ശിക്കുമ്പോള്‍ അതേക്കുറിച്ച് അറിയാമെന്നാണ് പ്രധാനമന്ത്രി പറയുന്നത്. നിക്ഷേപകര്‍ക്ക് നഷ്‌ടമായ പണം തിരികെ നല്‍കാന്‍ നടപടിയുണ്ടാകുമെന്ന് അന്നു ഉറപ്പു നല്‍കിയ പ്രധാനമന്ത്രി വീണ്ടും കേരളത്തിലെത്തുമ്പോള്‍ത്തന്നെ ആ ഉറപ്പ് പാലിക്കാന്‍ ഇഡി കോടതിയില്‍ സത്യവാങ്‌മൂലം നല്‍കിയെന്നതും കൗതുകമാകുന്നു.
കരുവന്നൂരില്‍ നിക്ഷേപകര്‍ക്ക് നഷ്‌ടമായ പണം തിരികെ നല്‍കുമെന്ന് സിപിഎമ്മും മുഖ്യമന്ത്രിയും രണ്ടു വര്‍ഷത്തോളമായി ഉറപ്പു നല്‍കുമ്പോഴും നടപടികളിലേക്ക് കടന്ന് നിക്ഷേപകര്‍ക്കൊപ്പമുള്ളത് കേന്ദ്ര സര്‍ക്കാരാണെന്ന പ്രതീതി സൃഷ്‌ടിക്കാന്‍ പ്രധാനമന്ത്രിക്ക് സാധിക്കുന്നുണ്ടെന്നും ബിജെപി നേതാക്കള്‍ പറയുന്നു.
സഹകരണ ബാങ്കുകളില്‍ സിപിഎം നടത്തുന്ന അഴിമതികള്‍ക്കും ക്യാമ്പസുകളില്‍ നടത്തുന്ന അതിക്രമങ്ങള്‍ക്കും മറുപടി നല്‍കാനുള്ള ശേഷി തങ്ങള്‍ക്കുണ്ടെന്നും ഇടതു പക്ഷത്തിന് ബദലാകാന്‍ ബിജെപിക്കു മാത്രമേ സാധിക്കൂവെന്നും സ്ഥാപിക്കാന്‍ പ്രധാനമന്ത്രി തന്നെ മുന്നിട്ടിറങ്ങുകയാണെന്നും നിരീക്ഷകരും ചൂണ്ടിക്കാട്ടുന്നു.
ALSO READ: കരുവന്നൂർ ബാങ്ക് കള്ളപ്പണ കേസ്; പ്രതികളിൽ നിന്ന് കണ്ടുകെട്ടിയ തുക നിക്ഷേപകർക്ക് കൈമാറാമെന്ന് ഇഡി