'ക്രിമിനല്‍ നീതി നിര്‍വഹണവുമായി ബന്ധപ്പെട്ട മൂന്ന് നിയമങ്ങളാണ് ഇക്കഴിഞ്ഞ ജൂലൈ ഒന്നുമുതല്‍ പ്രാബല്യത്തില്‍ വന്നത്. വളരെക്കാലമായി ചര്‍ച്ച ചെയ്‌തുകൊണ്ടിരുന്ന വിഷയമായിരുന്നു ഇത്. ഞാന്‍ തന്നെ ഈ വിഷയം പല വേദികളില്‍ സംസാരിക്കുകയും എഴുതുകയുമൊക്കെ ചെയ്‌തിട്ടുണ്ട്. പറഞ്ഞുവരുന്നത് ഭാരതീയ ന്യായ സംഹിത (BNS), ഭാരതീയ നാഗരിക് സുരക്ഷ സംഹിത (BNSS), ഭാരതീയ സാക്ഷ്യ അധീനിയം (BSA) എന്നിവയെ കുറിച്ചാണ്. ഇവ മൂന്നും യഥാക്രമം ഇന്ത്യന്‍ പീനല്‍ കോഡ് (IPC), ക്രിമിനല്‍ നടപടി ചട്ടം, ഇന്ത്യന്‍ എവിഡന്‍സ് ആക്‌ട് എന്നിവയ്‌ക്ക് പകരമായി വന്നവയാണ്.
ഈ നിയമങ്ങളുടെ സ്വാധീനമൊന്നും ചെറിയൊരു ലേഖനത്തില്‍ പറഞ്ഞുതീര്‍ക്കാനാകില്ലെന്ന് ആദ്യമേ പറയട്ടെ. അതുകൊണ്ടുതന്നെ, നിയമങ്ങളുടെ ചില വശങ്ങള്‍ മാത്രം ഇവിടെ കുറിക്കുകയാണ്. ഈ നിയമങ്ങളില്‍ ചിലത് വിചിത്രമാണ്, മറ്റു ചിലത് വളരെ മികച്ചതും. ചിലതിനാകട്ടെ സമൂലമായ മാറ്റവും ആവശ്യമാണ്.
വിചിത്രം, ഒപ്പം പല വൈരുധ്യങ്ങളും : ഈ നിയമങ്ങളുടെ പ്രഖ്യാപിത ഉദ്ദേശം കൊളോണിയല്‍ ചിന്താഗതിയില്‍ നിന്ന് മുക്തി നേടുക എന്നതായിരുന്നു. വൈരുധ്യം എന്തെന്നാല്‍, ഭാരതീയ ന്യായ സംഹിത 90 ശതമാനവും ഇന്ത്യന്‍ പീനല്‍ കോഡിന്‍റെ കോപ്പി പേസ്റ്റ് ആണ്. ഐപിസിയുടെ അടിസ്ഥാന ഘടന നിലനിര്‍ത്തി ആവശ്യമായ ഭേദഗതികള്‍ വരുത്താമായിരുന്നു. കൊളോണിയല്‍ സ്വഭാവം ഉള്ളവ വീണ്ടും തുടരേണ്ട കാര്യം ഉണ്ടായിരുന്നില്ല. ചുരുക്കി പറഞ്ഞാല്‍ ഭാരതീയ ന്യായ സംഹിത പുതിയ കുപ്പിയിലെ പഴയ വീഞ്ഞാണ്.
രാജ്യദ്രോഹമാണ് ഐപിസിയില്‍ ഏറ്റവും കൂടുതല്‍ ദുരുപയോഗം ചെയ്യപ്പെട്ട വകുപ്പുകളിലൊന്ന്. നിസാരമായ ട്വീറ്റിന്‍റെ പേരില്‍ അടക്കം യുവാക്കള്‍ അറസ്റ്റ് ചെയ്യപ്പെട്ടു. ഈ കൊളോണിയല്‍ പ്രവണത ഇല്ലാതാക്കണം എന്നായിരുന്നു കുറച്ചു കാലം മുന്‍പ് സുപ്രീം കോടതിയും രാജ്യവും എടുത്ത നിലപാട്. എന്നാല്‍ ഇപ്പോള്‍ സംഭവിച്ചിരിക്കുന്നത് നേരെ മറിച്ചാണ്. പുതിയ വ്യവസ്ഥയില്‍, അതായത് ഭാരതീയ ന്യായ സംഹിത സെക്ഷന്‍ 152, രാജ്യദ്രോഹം അല്‍പം കൂടി കഠിനമാണ്. വകുപ്പ് ദുരുപയോഗം ചെയ്യപ്പെടാന്‍ ഇപ്പോള്‍ സാധ്യതകള്‍ ഇരട്ടിയാണ് എന്നര്‍ഥം. മാത്രമല്ല, ശിക്ഷയും അതികഠിനം.
ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ്, ഒരു ഘോഷയാത്രയില്‍ പലസ്‌തീന്‍ പതാക ഉള്‍പ്പെടുത്തിയതിന് ചിലര്‍ അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു. ഭാരതീയ ന്യായ സംഹിത സെക്ഷന്‍ 152 പ്രകാരം അട്ടിമറി പ്രവര്‍ത്തനം അടക്കം ഇവര്‍ക്കെതിരെ ചുമത്താനാകും.
അതുപോലെ തന്നെ മറ്റൊരു വകുപ്പാണ് ഐപിസി 153എ (വിവിധ ഗ്രൂപ്പുകളില്‍ ശത്രുത പ്രോത്സാഹിപ്പിക്കുക). ഭാരതീയ ന്യായ സംഹിതയിലേക്ക് വരുമ്പോള്‍ ഇത് സെക്ഷന്‍ 196 ആണ്. ബിഎന്‍എസ് ആയപ്പോഴേക്ക് വകുപ്പ് ഒന്നുകൂടി വിപുലീകരിക്കപ്പെട്ടു. ഈ വകുപ്പ് പ്രകാരം ഒരു വ്യക്തിയ്‌ക്കെതിരെ ജാമ്യമില്ലാത്ത കുറ്റത്തിന് കേസെടുക്കാന്‍ പൊലീസിന് ഇപ്പോഴും വലിയ വിവേചനാധികാരം ഉണ്ട്. പക്ഷേ ആശ്വാസമെന്തെന്നാല്‍, വിദ്വേഷ പ്രചാരകര്‍ക്കെതിരെ മുന്‍ കാലങ്ങളിലെ പോലെ ഈ നിയമം ഉപയോഗിക്കാന്‍ സാധ്യതയില്ല.
നല്ല വശങ്ങള്‍ ഏറെ : ഭാരതീയ ന്യായ സംഹിതയുടെ സെക്ഷന്‍ 185 പ്രകാരം, സെര്‍ച്ചുകള്‍ നടത്തുമ്പോള്‍ നടപടി ക്രമങ്ങള്‍ മൊബൈല്‍ ഫോണില്‍ ചിത്രീകരിക്കാന്‍ അനുവാദമുണ്ട്. ഇത് ചില ഉദ്യോഗസ്ഥരുടെ ഇടപെടലും കടന്നുകയറ്റവും ഒക്കെ ഇല്ലാതാക്കുമെന്ന് പ്രതീക്ഷ നല്‍കുന്നതാണ്. എന്നാല്‍ വീഡിയോഗ്രഫിയ്‌ക്ക് ഒരു സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിങ് പ്രൊസീജ്യര്‍ ഇല്ലെന്നത് നിരാശയാണ്.
ബിഎന്‍എസ്, സെക്ഷന്‍ 37 പ്രകാരം അറസ്റ്റിലായവരുടെ പട്ടിക പൊലീസ് സ്റ്റേഷനില്‍ പ്രദര്‍ശിപ്പിക്കല്‍ നിര്‍ബന്ധമാണ്. അങ്ങനെ വരുമ്പോള്‍ പൊലീസിന് 'കള്ളനെ കിട്ടിയില്ലെങ്കില്‍ കിട്ടിയവനെ കള്ളാനാക്കുക' എന്ന നടപടി തുടരാനാകില്ല. പൊലീസ് ഇത്തരം പ്രവൃത്തികള്‍ ചെയ്യുന്നുണ്ടെന്ന് പലപ്പോഴും ആരോപണം ഉയര്‍ന്നിട്ടുമുണ്ട്.
മൂന്ന് വര്‍ഷത്തില്‍ താഴെ ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളില്‍ 60 വയസിന് മുകളില്‍ പ്രായം ഉള്ളവരെ അറസ്റ്റ് ചെയ്യുന്നതിനും നിയന്ത്രണങ്ങളുണ്ട്. ഭാരതീയ ന്യായ സംഹിതയുടെ 35-ാം സെക്ഷന്‍ ഇത് വിശദീകരിക്കുന്നു. മിക്ക കുറ്റകൃത്യങ്ങളും ജ്യാമ്യം ലഭിക്കുന്നവയാണ്. അതുകൊണ്ട്, ഈ വകുപ്പ് യഥാര്‍ഥത്തില്‍ മികച്ചത് തന്നെയെന്ന് പറയാതെ വയ്യ.
കുറ്റകൃത്യങ്ങള്‍ക്ക് ഇരയാകേണ്ടി വന്നവര്‍ക്ക് ഭാരതീയ ന്യായ സംഹിത ചില ആനുകൂല്യങ്ങള്‍ ഉറപ്പുനല്‍കുന്നു. ഉദാഹരണത്തിന്, സെക്ഷന്‍ 193 പ്രകാരം ലൈംഗിക കുറ്റകൃത്യങ്ങളില്‍ രണ്ട് മാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കണം. വ്യക്തമായ കാരണമോ തടസമോ ഉണ്ടെങ്കില്‍ അന്വേഷണത്തിന് സമയം നീട്ടിനല്‍കാന്‍ ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാവുന്നതാണ്.
എന്തുകൊണ്ട് അന്വേഷണത്തിന് സമയ പരിധി നിശ്ചയിക്കുന്നു എന്നത് വളരെ പ്രധാനമാണ്. ലൈംഗിക അതിക്രമ കേസുകളില്‍ 90 ദിവസത്തിനകം അന്വേഷണ പുരോഗതി ഇരയാക്കപ്പെട്ടവരെ അറിയിക്കണം എന്നും വ്യവസ്ഥയുണ്ട്. ഈ വ്യവസ്ഥയെ പൊലീസ് മാനിക്കുമോ എന്നത് കണ്ടറിയണം. വിചിത്രമെന്ന് പറയട്ടെ, 90 ദിവസത്തിന് ശേഷം വിവരം നല്‍കേണ്ട കാര്യമില്ല. നിര്‍ബന്ധമായും ചെയ്യേണ്ട തുടര്‍നടപടികളെ കുറിച്ച് പരാമര്‍ശിക്കാത്തതിനാല്‍ പല മികച്ച വകുപ്പുകള്‍ പോലും അര്‍ഥശൂന്യമാകുകയാണ്.
മാറ്റം എവിടെ? എങ്ങനെ? : കഠിനവും ക്രൂരവുമായ ചില വ്യവസ്ഥകളും വകുപ്പുകളും ഭാരതീയ ന്യായ സംഹിത മുന്നോട്ട് വയ്‌ക്കുന്നുണ്ട്. ഉദാഹരണത്തിന്, ഭീകര പ്രവര്‍ത്തനം നടത്തുന്ന ഒരു സംഘടനയില്‍ അംഗത്വം മാത്രം മതി, സെക്ഷന്‍ 113 പ്രകാരം ജീവപര്യന്തം തടവ് ലഭിക്കാവുന്ന കുറ്റമാണ്. അതായത്, നല്ല രീതിയില്‍ ആരംഭിച്ച ഒരു ക്ലബിലെയോ മറ്റേതെങ്കിലും കൂട്ടായ്‌മയിലെയോ ഏതെങ്കിലും ഒരംഗം തീവ്രവാദ പ്രവര്‍ത്തനം നടത്തിയാല്‍ ബാക്കിയുള്ളവരും ശിക്ഷിക്കപ്പെടാം എന്നര്‍ഥം.
അറസ്റ്റ് ചെയ്യാനുള്ള അധികാരം പൊലീസ് വലിയ തോതില്‍ ദുരുപയോഗം ചെയ്യുന്നതായി പലപ്പോഴും ആരോപണങ്ങള്‍ ഉയരാറുണ്ട്. ഉത്തരവാദിത്തം എന്നത് എക്കാലത്തും അത്യന്താപേക്ഷിതമാണ്. നിയമങ്ങള്‍ ആയുധമാക്കുന്നതും പൊലീസ് അതില്‍ നിന്ന് തടിയൂരുന്നതും നാം കണ്ടുകൊണ്ടിരിക്കുകയാണ്. നിരുത്തരവാദിത്തം സ്വാതന്ത്ര്യത്തിന് മുന്‍പുള്ള ശാപമാണ്. അത് ഇപ്പോഴും തുടരുന്നു എന്നത് വേദനയുണ്ടാക്കുന്നു. പുതിയ നിയമവും ഇതിനൊരു മരുമരുന്നാകുന്നതില്‍ പരാജയപ്പെട്ടു. വ്യാജ അറസ്റ്റുകളുടെയും വ്യാജ ഏറ്റുമുട്ടലുകളുടെയും ഉത്തരവാദിത്തം പൊലീസിനാണ്.
ഭാരതീയ നാഗരിക് സുരക്ഷ സംഹിത, സെക്ഷന്‍ 480 പ്രകാരം ജാമ്യത്തിനുള്ള വ്യവസ്ഥകള്‍ അവ്യക്തമാണ്. കൊലക്കേസ് പ്രതിക്ക് ജാമ്യം ലഭിക്കില്ല എത്ത തരത്തില്‍ വായിക്കാനാകും. അറസ്റ്റിന്‍റെ ആദ്യ 40 ദിവസത്തിനുള്ളില്‍ എപ്പോള്‍ വേണമെങ്കിലും പ്രതിയെ പൊലീസിന് കസ്റ്റഡിയില്‍ ലഭിക്കും. 40 ദിവസത്തിനുള്ളില്‍ ഒന്നിലധികം തവണ കസ്റ്റഡിയില്‍ ലഭിക്കുമെന്നതും പ്രധാനം. ഒരു പ്രതിയ്‌ക്ക് ജാമ്യം അനുവദിക്കുന്നതില്‍ നിന്ന് ഈ പ്രവണ ജഡ്‌മിമാരെ പിന്തിരിപ്പിക്കുമെന്നതില്‍ സംശയമില്ല. ചില കേസുകളില്‍ 40 ദിവസത്തെ തടവ് ഏറെക്കുറെ ഉറപ്പുമാണ്.
സീറോ എഫ്‌ഐആര്‍ രജിസ്‌ട്രേഷന്‍ ബിഎന്‍എസ്‌എസ് സെക്ഷന്‍ 173 പ്രകാരം ഇപ്പോള്‍ നിയമത്തിന്‍റെ ഭാഗമാണ് (സീറോ എഫ്‌ഐആര്‍ എന്നത് അധികാര പരിധി പരിഗണിക്കാതെ ഏത് പൊലീസ് സ്റ്റേഷനിലും രജിസ്റ്റര്‍ ചെയ്യാവുന്ന എഫ്‌ഐആര്‍ ആണ്. പരാതി ലഭിക്കുമ്പോള്‍ തന്നെ കോണ്‍സ്റ്റബിളിന് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാം). ഈ സമ്പ്രദായം നേരത്തെ ഉണ്ടായിരുന്നെങ്കിലും ഇപ്പോള്‍ നിയമപരമായ അംഗീകാരം ലഭിച്ചിട്ടുണ്ട്. എന്നാല്‍ എഫ്‌ഐആര്‍ ഉടന്‍ തന്നെ അധികാര പരിധിയിലുള്ള സ്റ്റേഷനിലേക്ക് മാറ്റാന്‍ വകുപ്പില്ല. മണിപ്പൂരില്‍ രണ്ട് സ്‌ത്രീകളെ വിവസ്‌ത്രരാക്കി ജനമധ്യത്തില്‍ നടത്തിച്ച സംഭവത്തില്‍ സീറോ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്‌തിരുന്നെങ്കിലും രണ്ടാഴ്‌ചയിലേറെ ആയിട്ടും അധികാര പരിധിയിലുള്ള പൊലീസ് സ്റ്റേഷനിലേക്ക് എഫ്‌ഐആര്‍ മാറ്റിയിരുന്നില്ല. കുറ്റകൃത്യങ്ങളില്‍ കാലതാമസം വരുന്നതിന്‍റെ പരിണിതഫലങ്ങള്‍ നമുക്കെല്ലാവര്‍ക്കും അറിയാവുന്നതാണ്.
ഇത്തരം ചില വ്യവസ്ഥകള്‍ അവ്യക്തമാണ്, മാത്രമല്ല അഭിഭാഷകരുടെ നീണ്ട വാദപ്രതിവാദങ്ങള്‍ക്ക് കാരണമാകുകയും ചെയ്യും. വിചാരണ കോടതികളിലെയും ഹൈക്കോടതികളിലെയും ജഡ്‌ജിമാര്‍ക്കുമേല്‍ ഇത്തരം കേസുകള്‍ കൂടുതല്‍ ബാധ്യത ഉണ്ടാക്കുമെന്നതില്‍ സംശയമില്ല. കാരണം, പഴയ നിയമ വ്യവസ്ഥയില്‍ ചില കേസുകളും പുതിയ വ്യവസ്ഥയില്‍ ചില കേസുകളും അവര്‍ക്ക് ഒരുപോലെ കൈകാര്യം ചെയ്യേണ്ടിവരും. ഇത് അത്ര എളുപ്പമുള്ള കാര്യമല്ല. എല്ലായിടത്തും ആശയക്കുഴപ്പവും കേസുകള്‍ തീര്‍പ്പാക്കുന്നതില്‍ കാലതാമസവും ഉണ്ടാകും. ഇതുകൊണ്ട് ആര്‍ക്കാണ് നേട്ടം എന്നതും ചിന്തിക്കേണ്ടിയിരിക്കുന്നു.
ഇനി ആലോചിക്കേണ്ടത് ഇതിന് എന്താണ് പ്രതിവിധി എന്നാണ്. ഒരു സാധാരണ പൗരന്‍ ആയാലും മുതിര്‍ന്ന ഉദ്യോഗസ്ഥനായാലും പൊലീസ് ആയാലും ഉത്തരവാദിത്തം എല്ലായിടത്തം ഉണ്ടായിരിക്കണം എന്നാണ് ഞാന്‍ ഉറച്ച് വിശ്വസിക്കുന്നത്. നിയമം നടപ്പിലാക്കുന്നതില്‍ തുല്യതയില്ലെങ്കില്‍, നാം രണ്ട് നിയമ വ്യവസ്ഥകളാല്‍ ഭരിക്കപ്പെടും. സാധാരണക്കാരന് ഒരു നിയമം, അധികാരമുള്ളവന് മറ്റൊരു നിയമം എന്ന രീതി വരും. കൊളോണിയല്‍ ഹാങ്ഓവര്‍ ഇല്ലാതാക്കാന്‍ നാം അതിയായി ആഗ്രഹിക്കുന്നുവെങ്കില്‍, നീതി നിര്‍വഹണത്തിലെ വാഷിങ് മെഷീന്‍ സിന്‍ഡ്രോം ഉപേക്ഷിച്ച്, നിയമവാഴ്‌ച നടപ്പിലാക്കിക്കൊണ്ട് നമുക്ക് തുടങ്ങാം.'
(ജസ്റ്റിസ് മദന്‍ ലോകൂര്‍ ഒരു ഇന്ത്യന്‍ നിയമജ്ഞനാണ്. സുപ്രീം കോടതി മുന്‍ ജഡ്‌ജിയായ അദ്ദേഹം നിലവില്‍ ഫിജിയിലെ സുപ്രീം കോടതിയില്‍ ജഡ്‌ജിയാണ്. ആന്ധ്രാപ്രദേശ്, ഗുവാഹത്തി ഹൈക്കോടതികളില്‍ ചീഫ് ജസ്റ്റിസ് ആയിരുന്നു. ഡല്‍ഹി ഹൈക്കോടതി ജഡ്‌ജിയായും സേവനമനുഷ്‌ഠിച്ചിട്ടുണ്ട്.)
ശ്രദ്ധിക്കൂ... ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന അഭിപ്രായം എഴുത്തുകാരന്‍റേതാണ്. ലേഖനത്തിലെ വസ്‌തുതകളും അഭിപ്രായങ്ങളും ഇടിവി ഭാരതിന്‍റെ കാഴ്‌ചപ്പാടല്ല.