ഇന്ന് മെയ് 29, അന്താരാഷ്‌ട്ര എവറസ്‌റ്റ് ദിനം. ലോകത്തിലെ ഏറ്റവും കൂടുതൽ ഉയരം കൂടിയ കൊടുമുടിയാണ് എവറസ്‌റ്റ്. എവറസ്‌റ്റ് എന്ന് കേൾക്കുമ്പോൾ എല്ലാവർക്കും ഒരു അത്‌ഭുതം തന്നെയാണ്.
1953-ൽ എഡ്‌മണ്ട് ഹിലാരിയും ടെൻസിങ് നോർഗേയും ചേർന്ന് ആദ്യമായി എവറസ്‌റ്റ് കൊടുമുടി കയറിയതിന്‍റെ സ്‌മരണയ്ക്കായാണ് എല്ലാ വർഷവും മെയ് 29 ന് അന്താരാഷ്‌ട്ര എവറസ്‌റ്റ് ദിനം അല്ലെങ്കിൽ മൗണ്ട് എവറസ്‌റ്റ് ദിനം ആഘോഷിക്കുന്നത്. ഈ ദിനം ആഘോഷിക്കുന്നത് ആ വലിയ കൊടുമുടി കയറാൻ ശ്രമിച്ചവരുടെ ധൈര്യവും സഹിഷ്‌ണുതയും തിരിച്ചറിയാനും അവരുടെ ലക്ഷ്യങ്ങൾ നേടുന്നതിനായി ജീവിതത്തിൽ അപകടസാധ്യതകൾ ഏതുതന്നെ വന്നാലും അതിനെ നേരിടാൻ മറ്റുള്ളവരെ പ്രേരിപ്പിക്കാനും ഉള്ള അവസരമാണ്.
മൗണ്ട് എവറസ്‌റ്റ് ദിനത്തിന്‍റെ തുടക്കവും, ആഘോഷങ്ങളും: 2008ൽ സർ എഡ്‌മണ്ട് ഹിലാരിയുടെ മരണശേഷമാണ് ആദ്യമായി എവറസ്‌റ്റ് ദിനം ആചരിച്ചത്. അതിനുശേഷം, നേപ്പാളും ന്യൂസിലൻഡും ഭൂമിയിലെ ഏറ്റവും ഉയരമുള്ള പർവതത്തെ കീഴടക്കിയ അദ്ദേഹത്തിന്‍റെ സ്‌മരണയ്ക്കായി വർഷം തോറും എവറസ്‌റ്റ് ദിനം ആഘോഷിക്കുന്നു. ടെൻസിംഗും ഹിലാരിയും മനുഷ്യന്‍റെ ഇച്ഛാശക്തിയെ പുതിയ ഉയരങ്ങളിലെത്തിക്കാനുള്ള അപാരമായ ദൃഢനിശ്ചയം പ്രകടമാക്കിയ സന്ദർഭം ആഘോഷിക്കുന്നതിനായി ന്യൂസിലൻഡിലെ വിവിധ വേദികളിൽ വ്യത്യസ്‌ത തരം ഘോഷയാത്രകൾ നടത്തപ്പെടുന്നു.
കൂടാതെ, നേപ്പാളിലും വിവിധ പരിപാടികളിലൂടെയാണ് ഈ ദിനം ആഘോഷമാക്കുന്നത്. പല പ്രമുഖരുടെയും സാന്നിധ്യത്തിലായിരിക്കും ഈ പരിപാടികളും നടക്കുക. അന്നേ ദിവസം സംഘടിപ്പിക്കുന്ന ജനപ്രിയ പരിപാടികളിൽ ഒന്നാണ് 'എവറസ്‌റ്റ് മാരത്തൺ'. എവറസ്റ്റിൻ്റെ ബേസ് ക്യാമ്പിൽ നിന്നും (5364 മീറ്റർ) ആരംഭിച്ച് നാംചെയിലാണ് മാരത്തണ്‍ സമാപിക്കുന്നത്. അന്താരാഷ്‌ട്ര, ദേശീയ ട്രെക്കർമാരും പർവതാരോഹകരും ഓട്ടത്തിൽ പങ്കെടുക്കുന്നു, വിജയികൾക്ക് വലിയ പ്രതിഫലമാണ് ലഭിക്കുക.
എവറസ്‌റ്റ് കൊടുമുടി 'ഭൂമിയിലെ ഏറ്റവും ഉയരം കൂടിയ പർവ്വതം': ഹിമാലയത്തിലെ മഹലംഗൂര്‍ വിഭാഗത്തില്‍ സമുദ്രനിരപ്പിൽ നിന്ന് 8,848 മീറ്റർ ഉയരത്തിലാണ് എവറസ്‌റ്റ് കൊടുമുടി സ്ഥിതി ചെയ്യുന്നത്. ലോത്‌സെ 8,516 മീറ്റർ (27,940 അടി), നപ്ത്സെ, 7,855 മീ (25,771 അടി), ചാങ്ത്സെ, 7,580 മീ (24,870 അടി) എന്നിവയാണ് പര്‍വ്വതനിരയിലെ അയല്‍കൊടുമുടികള്‍.
ഭൂമിയിലെ ഏറ്റവും ഉയരം കൂടിയ പർവതമായതുകൊണ്ട് തന്നെ പര്യവേക്ഷണം നടത്താനായി പര്‍വതാരോഹകരെ ആകര്‍ഷിക്കുന്നിടം കൂടിയാണ് ഇത്. കൊടുമുടി കയറാനായി പർവതാരോഹകരെ സഹായിക്കുന്നത് രണ്ട് റൂട്ടുകളാണ്. ഇതില്‍ ആദ്യത്തേത് നേപ്പാളിലെ തെക്ക് കിഴക്ക് നിന്നാണ്, മറ്റൊന്ന് ടിബറ്റിൽ വടക്ക് നിന്നും. നേപ്പാളിലൂടെയുള്ള യാത്രയാണ് എവറസ്റ്റ് കൊടുമുടിയിലേക്കുള്ള യാത്രയില്‍ ഏവര്‍ക്കും പ്രിയം.
സർ എഡ്‌മണ്ട് ഹിലാരി: 1919-ൽ ന്യൂസിലൻഡിൽ ജനിച്ച എഡ്‌മണ്ട്, ഓക്‌ലൻഡിലാണ് വളർന്നത്. തേനീച്ച വളർത്തലായിരുന്നു ജോലി എങ്കിലും, വിവിധ പർവതനിരകളെ കുറിച്ച് പഠിക്കാൻ തുടങ്ങിയപ്പോഴാണ് ജന്മനാട്ടിൽ തന്നെയുള്ള മലകയറ്റത്തിൽ താൽപര്യം ഉണ്ടായത്. ഒടുവിൽ, 20,000 അടിയിലധികം ഉയരമുള്ള 11 വ്യത്യസ്‌ത കൊടുമുടികൾ അദ്ദേഹം കയറി.
1951ലും 1952ലും തുടർച്ചയായി രണ്ട് വർഷം അദ്ദേഹം എവറസ്‌റ്റ് പര്യവേഷണത്തിൽ ചേർന്നു. ഈ കയറ്റങ്ങൾ ജോയിന്‍റ് സ്പോൺസർ ചെയ്‌ത ഒരു പര്യവേഷണത്തിന്‍റെ തലവനായ സർ ജോൺ ഹണ്ടിന്‍റെ ശ്രദ്ധയിൽപ്പെടുത്തി. അവർ തമ്മിൽ ആൽപൈൻ ക്ലബ് ഓഫ് ഗ്രേറ്റ് ബ്രിട്ടന്‍റെയും റോയൽ ജിയോഗ്രാഫിക് സൊസൈറ്റിയുടെയും ഹിമാലയൻ കമ്മിറ്റി വഴി പരിചയപ്പെട്ടു. മെയ് 29 ന് രാവിലെ 11:30 ന് അദ്ദേഹം ഭൂമിയിലെ ഏറ്റവും ഉയരം കൂടിയ സ്ഥലത്തേക്ക് നടന്നെത്തി ഒരു ചരിത്ര നേട്ടം അദ്ദേഹം കൈവരിച്ചു.
ടെൻസിംഗ് നോർഗെ: 1914-ൽ നേപ്പാളിലെ വടക്കുകിഴക്കൻ മേഖലയിലെ ഖുംബുവിലെ ടെങ്‌ബോച്ചെയിൽ ഒരു ഷെർപ്പയായാണ് ടെൻസിങ് ജനിച്ചത്. ഗാങ് ലാ മിംഗ്‌മയുടെയും (അച്ഛൻ) ഡോക്മോ കിൻസോമിന്‍റെയും (അമ്മ) 11-ാമത്തെ കുട്ടിയായിരുന്നു അദ്ദേഹം. കുട്ടിക്ക് മുമ്പ് നംഗ്യാൽ വാങ്ഡി എന്ന് പേരിട്ടിരുന്നുവെങ്കിലും പിന്നീട് അവൻ്റെ പേര് ടെൻസിങ് നോർഗെ എന്ന് മാറ്റുകയായിരുന്നു. 'ധനികൻ - ഭാഗ്യവാൻ - മതം പിന്തുടരുന്നവൻ' എന്നിങ്ങനെയായിരുന്നു പുതിയ പേരിന്‍റെ അര്‍ഥങ്ങള്‍.
സന്യാസിയാക്കാൻ കുടുംബം അദ്ദേഹത്തെ ടെങ്‌ബോച്ചെ ആശ്രമത്തിലേക്ക് അയച്ചെങ്കിലും അദ്ദേഹം അത് ഉപേക്ഷിച്ചു. വാസ്‌തവത്തിൽ, അദ്ദേഹം രണ്ട് തവണ വീട്ടിൽ നിന്ന് ഒളിച്ചോടി, പിന്നീട് യഥാക്രമം കാഠ്‌മണ്ഡുവിലും ഡാർജിലിംഗിലും എത്തി. അദ്ദേഹം 1952-ലെ സ്വിസ് പര്യവേഷണത്തിൽ അംഗമായിരുന്നു, കൂടാതെ റെയ്‌മണ്ട് ലാംബെർട്ടിനൊപ്പം 28,210 അടി ഉയരത്തിലും എത്തിയിരുന്നു.
ടെൻസിങ്ങിന്‍റെയും ഹിലാരിയുടെയും ആദ്യ വിജയകരമായ ശ്രമം: പര്യവേക്ഷണ വേളയിൽ, സർ ജോൺ ഹണ്ട് തന്‍റെ പർവതാരോഹകരുടെ ടീമിൽ ഒരു ഷെർപ്പയെ ഉൾപ്പെടുത്താൻ ആഗ്രഹിച്ചിരുന്നു. തന്‍റെ ടീം അംഗങ്ങള്‍ കയറിയതിനേക്കാള്‍ 4000 അടി കൂടുതല്‍ ഉയരത്തില്‍ ടെൻസിങ് എത്തിയതുകൊണ്ട് തന്നെ ആ സ്ഥാനത്തേക്ക് അദ്ദേഹത്തെ ഹണ്ട് തെരഞ്ഞെടുക്കുകയായിരുന്നു.
എവറസ്റ്റ് കൊടുമുടി കീഴടക്കാനായി രണ്ട് സംഘങ്ങളെ ഹണ്ട് രൂപീകരിച്ചു. ആദ്യ സംഘത്തില്‍ ടോം ബോർഡില്ലൻ, ചാൾസ് ഇവാൻസ് എന്നിവരായിരുന്നു. ടെൻസിങ്ങും ഹിലാരിയുമായിരുന്നു മറ്റൊരു ജോഡി. ചാള്‍സ്-ടോം സഖ്യത്തിന്‍റെ ആദ്യ ശ്രമം പരാജയപ്പെടുകയായിരുന്നു. കൂടാതെ, ഇവരുടെ കൈവശമുണ്ടായിരുന്ന ഓക്‌സിജൻ സിലിണ്ടറുകളില്‍ ഒന്നും തകരാറിലായി.
ഇതോടെ, ബേസ് ക്യാമ്പിലേക്ക് മടങ്ങുക മാത്രമായിരുന്നു ഇവരുടെ മുന്നിലുണ്ടായിരുന്ന മാര്‍ഗം. ശക്തമായ കാറ്റിനെയും മഞ്ഞിനെയും തുടര്‍ന്ന് അടുത്ത രണ്ട് ദിവസങ്ങളിലും ഇവര്‍ക്ക് ശ്രമം നടത്താനായില്ല. മറുഭാഗത്ത് മൂന്ന് ദിവസത്തെ പരിശ്രമത്തിന് ശേഷം ടെൻസിംഗും ഹിലാരിയും ആദ്യ ശ്രമത്തില്‍ തന്നെ പര്‍വതത്തിന് മുകളിലെത്തുക എന്ന ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കുകയായിരുന്നു.
1953 മുതലുള്ള വിവരം കണക്കിലെടുത്താൽ, 2024 ജനുവരി വരെ 6,664 വ്യത്യസ്‌ത ആളുകൾ 11,996 ശ്രമങ്ങളാണ് എവറസ്റ്റ് കീഴടക്കാനായി നടത്തിയിട്ടുള്ളത്. നേപ്പാളിലെ 8350 ശ്രമങ്ങള്‍ക്കിടെ 217 മരണവും ടിബറ്റിലൂടെയുള്ള 3646 ശ്രമങ്ങള്‍ക്കിടെ 110 മരണവുമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.