തിരുവനന്തപുരം : ജോലി സംബന്ധമായ കാര്യങ്ങൾക്കും മറ്റ് പല ആവശ്യങ്ങൾക്കും നമുക്ക് അത്യാവശ്യമായി ഉണ്ടായിരിക്കേണ്ട രേഖയാണ് പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് അഥവാ നോൺ ഇൻവോൾവ്മെന്‍റ് ഇൻ ഒഫൻസ് സർട്ടിഫിക്കറ്റ് (Non Involvement in Offense Certificate). 2011ലെ കേരള പൊലീസ് ആക്‌ട് സെക്ഷൻ 59 പ്രകാരം പൊലീസ് വകുപ്പ് നൽകുന്ന ക്ലിയറൻസ് സർട്ടിഫിക്കറ്റുകൾ, നോൺ ഇൻവോൾവ്മെന്‍റ് ഇൻ ഒഫൻസ് സർട്ടിഫിക്കറ്റ് (NIO സർട്ടിഫിക്കറ്റ്) എന്നായി പേരിൽ മാറ്റംവരുത്തിയിട്ടുണ്ട്. ഈ സർട്ടിഫിക്കറ്റിന് ആവശ്യക്കാർക്ക് എങ്ങനെ അപേക്ഷിക്കാമെന്ന് അറിയാം.
ഓൺലൈനായും ഓഫ്‌ലൈനായും നോൺ ഇൻവോൾവ്മെന്‍റ് ഇൻ ഒഫൻസ് സർട്ടിഫിക്കറ്റിന് അപേക്ഷിക്കാം.
ഓൺലൈൻ വഴി എങ്ങനെ അപേക്ഷിക്കാം? : THUNA (https://thuna.keralapolice.gov.in/) വെബ്സൈറ്റ് വഴിയോ കേരള പൊലീസിന്‍റെ മൊബൈൽ ആപ്പ് (Pol App) വഴിയോ അപേക്ഷ സമർപ്പിക്കാം. വെബ്സൈറ്റിൽ പേരും മൊബൈൽ നമ്പറും ഇ മെയിൽ ഐഡിയും നൽകി അക്കൗണ്ട് തുടങ്ങുക. തുടർന്ന് മൊബൈൽ നമ്പറും പാസ്‌വേഡും നൽകി ലോഗിൻ ചെയ്യുക. Certificate of Non-involvement in Offences എന്ന ഓപ്ഷൻ സെലക്‌ട് ചെയ്‌ത് ആവശ്യമായ വിവരങ്ങൾ നൽകുക. തുടർന്ന് iCoPS ആപ്ലിക്കേഷന്‍റെ സിറ്റിസൺ മൊഡ്യൂളിൽ അപേക്ഷ സ്വീകരിക്കപ്പെടും.
ഓഫ്‌ലൈൻ വഴി എങ്ങനെ അപേക്ഷിക്കാം? : ഇതിനായി അതത് ജില്ല പൊലീസ് ഓഫിസിലോ പൊലീസ് സ്റ്റേഷനിലോ നേരിട്ട് അപേക്ഷ സമർപ്പിക്കാം. സമർപ്പിച്ച അപേക്ഷ ബന്ധപ്പെട്ട ഓഫിസ് iCoPS അപേക്ഷയിൽ രേഖപ്പെടുത്തും. ഇത് സംബന്ധിച്ച അന്വേഷണവും അംഗീകാര പ്രക്രിയയും iCoPS ആപ്ലിക്കേഷനിലൂടെ മാത്രമേ നടത്തുകയുള്ളു. അപേക്ഷയുടെ രീതി അനുസരിച്ച് ഓരോ അപേക്ഷയ്‌ക്കും ഓൺലൈനായോ ഓഫ്‌ലൈനായോ അക്നോളജ്മെന്‍റ് രസീതും നൽകും.
എന്തൊക്കെ വിശദാംശങ്ങൾ നൽകണം? : വ്യക്തിഗത വിവരങ്ങൾ, ബന്ധപ്പെടാനുള്ള വിവരങ്ങൾ, തിരിച്ചറിയൽ വിവരങ്ങൾ, നിലവിലുള്ളതും സ്ഥിരവുമായ വിലാസം, കേരളത്തിന് പുറത്താണെങ്കിൽ സ്ഥിരവും നിലവിലുള്ളതുമായ വിലാസങ്ങൾ, അപേക്ഷകന്‍റെ കേരളത്തിലെ അവസാനത്തെ താമസ വിശദാംശങ്ങൾ എന്നിവ നൽകണം.
നൽകിയിരിക്കുന്ന വിലാസത്തിൽ സ്ഥിരീകരണത്തിനായി അപേക്ഷകൻ നേരിട്ട് ലഭ്യമല്ലെങ്കിൽ, ബന്ധപ്പെടുന്ന/അംഗീകൃത വ്യക്തിയുടെ വിശദാംശങ്ങൾ, രാജ്യത്തിന്‍റെ ഏതെങ്കിലും ഭാഗത്ത് അപേക്ഷകർക്ക് എന്തെങ്കിലും ക്രിമിനൽ റെക്കോർഡ് അല്ലെങ്കിൽ ഏതെങ്കിലും ക്രിമിനൽ നടപടികളുണ്ടെങ്കിൽ വിശദാംശങ്ങൾ സത്യവാങ്മൂലത്തിൽ ചേർക്കണം. കുറ്റകൃത്യങ്ങളിൽ ഇടപെടാത്തതിന്‍റെ സർട്ടിഫിക്കറ്റിന്‍റെ ആവശ്യകതയുടെ വിവരങ്ങളും നൽകണം.
അപേക്ഷയോടൊപ്പം നൽകേണ്ട രേഖകൾ എന്തൊക്കെ? : അപേക്ഷകന്‍റെ ഫോട്ടോ, വിലാസത്തിന്‍റെ തെളിവ് (റേഷൻ കാർഡ്, വോട്ടേഴ്‌സ് ഐഡി, എസ്എസ്എൽസി ബുക്ക്, ആധാർ കാർഡ്, പാസ്‌പോർട്ട് ഇവയിൽ ഏതെങ്കിലും), ഐഡന്‍റിറ്റി പ്രൂഫ് (സംസ്ഥാന സർക്കാർ നൽകുന്ന തിരിച്ചറിയൽ കാർഡ് അല്ലെങ്കിൽ കേന്ദ്ര ഗവ. സ്ഥാപനം, ആധാർ കാർഡ്, വോട്ടേഴ്‌സ് ഐഡി, വാഹനം ഓടിക്കാനുള്ള അനുമതിപത്രം, പാസ്പോർട്ട് ഇവയിൽ ഏതെങ്കിലും), കുറ്റകൃത്യങ്ങളിൽ ഇടപെടാത്തതിന്‍റെ സർട്ടിഫിക്കറ്റിന്‍റെ ആവശ്യകത കാണിക്കുന്ന കത്തിന്‍റെ/രേഖയുടെ പകർപ്പ് (പരസ്യത്തിന്‍റെ പകർപ്പ്, സ്ഥാപനത്തിൽ നിന്നുള്ള അഭ്യർഥന മുതലായവ) എന്നിവയും അപ്‌ലോഡ് ചെയ്യണം.
അടക്കേണ്ട ഫീസ്? എങ്ങനെ അടക്കാം? : 610 രൂപയാണ് സർട്ടിഫിക്കറ്റിനുള്ള ഫീസ്. THUNA/Pol-APP (ഓൺലൈൻ) വഴി സമർപ്പിക്കുന്ന അപേക്ഷകൾക്ക് ഓൺലൈൻ മോഡ് വഴി മാത്രമേ പേയ്മെന്‍റ് നടത്താനാകൂ. പൊലീസ് സ്റ്റേഷനിൽ നേരിട്ട് അപേക്ഷ സമർപ്പിക്കുകയാണെങ്കിൽ (ഓഫ്‌ലൈൻ), അപേക്ഷകൻ ട്രഷറിയിൽ ഫീസ് അടക്കുകയും ചലാൻ പൊലീസ് ഓഫിസിൽ സമർപ്പിക്കുകയും വേണം.
സർട്ടിഫിക്കറ്റ് വിതരണം ഇങ്ങനെ : അപേക്ഷ ലഭിച്ചാൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ പരിശോധന നടത്തി അപേക്ഷകന്‍റെ വിവരങ്ങൾ പരിശോധിച്ച ശേഷം സർട്ടിഫിക്കറ്റ് അല്ലെങ്കിൽ നിരസിക്കൽ രേഖ നൽകും. അപേക്ഷ നിരസിച്ചാൽ നിരസിക്കൽ അറിയിപ്പ് ഓൺലൈനായോ ഓഫ്‌ലൈനായോ നൽകും. ഓൺലൈനായോ ഓഫ്‌ലൈനായോ നൽകുന്ന സർട്ടിഫിക്കറ്റുകളിൽ ക്യുആർ കോഡും അപേക്ഷകന്‍റെ ഫോട്ടോയും പതിപ്പിച്ചിരിക്കും. ക്യുആർ കോഡ് സ്‌കാൻ ചെയ്‌താൽ സർട്ടിഫിക്കറ്റിന്‍റെ ആധികാരികത ആർക്കും പരിശോധിക്കാവുന്നതാണ്. സാധാരണ സാഹചര്യങ്ങളിൽ അപേക്ഷ സ്വീകരിച്ച് 7 ദിവസത്തിനകം ഡിപിസി/എസ്എച്ച്ഒമാർ സർട്ടിഫിക്കറ്റ് നൽകും.
ALSO READ: പണം പോകും, 'ഫേക്ക് പോണി'ലൂടെ ഭീഷണിയും; വാട്‌സ്ആപ്പ് കോളുകളുടെ ചതിയില്‍ പെടാതിരിക്കാന്‍ ചെയ്യേണ്ടത്