പശ്ചിമേഷ്യയിൽ അമേരിക്ക പുലര്‍ത്തിവരുന്ന നയതന്ത്രപരമായ നിലപാടുകള്‍ക്ക്, അടുത്തിടെയായി മാറ്റം വരുന്നത് കാണാനാകുന്നുണ്ട്. ഒന്നാമതായി, പ്രസിഡന്‍റ് ബൈഡന്‍റെ പ്രത്യേക അഭിഭാഷകനായി മഹർ ബിറ്റാറിനെ നിയമിച്ചതാണ്. നേരത്തെ, ഒബാമ ഭരണകൂടത്തിനൊപ്പം നിന്ന വ്യക്തിയാണ് മഹർ. മാത്രമല്ല, വിദ്യാർഥിയായിരിക്കെ, സ്‌റ്റുഡന്‍റ്സ് ഫോർ ജസ്‌റ്റിസ് ഇൻ പലസ്‌തീൻ എന്ന യഹൂദ വിരുദ്ധ സംഘടനയുടെ പ്രസിഡന്‍റായിരുന്നു മഹര്‍. ഇസ്രയേൽ സ്‌പോൺസർ ചെയ്യുന്ന പരിപാടികൾ ക്യാമ്പസുകളില്‍ പ്രതിരോധിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചിച്ച സംഘടനയാണ് , സ്‌റ്റുഡന്‍റ്സ് ഫോർ ജസ്‌റ്റിസ് ഇൻ പലസ്‌തീൻ.
ഇസ്രയേലിനുള്ള പിന്തുണ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് അമേരിക്കയിലെ കാമ്പസുകളിൽ ഏറ്റവും കൂടുതൽ പ്രതിഷേധത്തിന് നേതൃത്വം നൽകുന്നതും ഇതേ സംഘടനയാണ്. ഒരു പ്രഖ്യാപിത യഹൂദ വിരുദ്ധനെ ബൈഡൻ വൈറ്റ് ഹൗസിലേക്ക് കൊണ്ടുവരുന്നതിന് പിന്നില്‍ പല ഉദ്ദേശങ്ങളും ഉണ്ട്. യുഎസിലെ യഹൂദവിരുദ്ധ പ്രതിഷേധങ്ങൾ തകർക്കുന്നതിനൊപ്പം ഇസ്രയേലിനുള്ള പിന്തുണ കുറയ്ക്കുന്നു എന്ന സൂചനയും ബൈഡന്‍ നല്‍കുന്നുണ്ട്. ഇതുവഴി,വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ മുസ്‌ലിം വോട്ടർമാരെ സ്വാധീനിക്കുക എന്നൊരു ഉദ്ദേശം കൂടെയുണ്ട് ബൈഡന്.
പലസ്‌തീനിലെ റഫയില്‍ ഇസ്രയേൽ ഇനിയും ആക്രമണവുമായി മുന്നോട്ട് പോയാൽ ആയുധ വിതരണം നിർത്തുമെന്ന് അമേരിക്ക പ്രഖ്യാപിച്ചിട്ടുണ്ട്. 'അവർ റഫയിലേക്ക് കടക്കുകയാണെങ്കില്‍ അതിനുള്ള ആയുധങ്ങൾ ഞാൻ നൽകില്ല. ഇസ്രയേൽ പ്രധാനമന്ത്രി നെതന്യാഹുവിനോടും വാര്‍ ക്യാബിനറ്റിനോടും ഇക്കാര്യം ഞാന്‍ വ്യക്തമാക്കിയിട്ടുണ്ട്.'- സിഎൻഎന്നിന് നൽകിയ അഭിമുഖത്തിൽ ജോ ബൈഡന്‍ പറഞ്ഞു.
ഈ വാര്‍ത്തയാകട്ടെ, ഇറാനിലെ പ്രോക്‌സി ഗ്രൂപ്പുകള്‍ക്ക് നല്ലൊരു അവസരം തുറന്ന് നല്‍കുന്നുമുണ്ട്. അതേസമയം തന്നെ ഖത്തറിനും ലെബനനും വാഷിംഗ്‌ടൺ ആയുധങ്ങൾ നൽകുന്നത് തുടരുകയും ചെയ്യുന്നുണ്ട്. ഇറാനില്‍ നിന്ന് ഇറാഖിന് വൈദ്യുതി ഇറക്കുമതി ചെയ്യാൻ ത്രൈമാസ ഇളവുകളും അമേരിക്ക പുറപ്പെടുവിക്കുന്നു. ഇതിനുള്ള പണം ഒമാനിലെ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിക്കും. ഇവിടെ നിന്ന് ഇറാന് പണം യൂറോയിലേക്ക് മാറ്റാൻ കഴിയും.
ബൈഡൻ ആയുധ വിതരണം തടഞ്ഞ് ഏതാനും ദിവസങ്ങള്‍ക്കകം, അമേരിക്ക നല്‍കിയ ആയുധങ്ങള്‍ എവിടെയൊക്കെ ഉപയോഗിച്ചു എന്ന അവലോകനം നടത്താന്‍ വൈറ്റ് ഹൗസ് ഉത്തരവിട്ടിരുന്നു. അമേരിക്ക നൽകിയ ആയുധങ്ങൾ അന്താരാഷ്‌ട്ര നിയമങ്ങൾ ലംഘിച്ച്, ചില സന്ദർഭങ്ങളിൽ ഉപയോഗിച്ചിരിക്കാം എന്നും അമേരിക്ക പറയുന്നു.
‘ആയുധങ്ങളുടെ കാര്യത്തില്‍ ഇസ്രയേലിന് മികച്ച അറിവും അനുഭവപരിചയവും നൂതന ഉപകരണങ്ങളുമുണ്ട്. എന്നാൽ ഗ്രൗണ്ട് ലെവലില്‍, സാധാരണക്കാരുടെ മരണങ്ങള്‍ കാണുമ്പോള്‍ ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സ് അവ ഫലപ്രദമായാണോ ഉപയോഗിക്കുന്നത് എന്ന എന്ന കാര്യത്തിൽ സംശയമുണ്ട് എന്നും അമേരിക്ക പറയുന്നു.
വൈറ്റ് ഹൗസിന്‍റെ പ്രഖ്യാപനം വ്യക്തമായ ചില സന്ദേശങ്ങള്‍ നല്‍കുന്നുണ്ട്. ഒന്നാമതായി, അമേരിക്ക ഇനി ഇസ്രയേലിന് ഒരു 'ബ്ലാങ്ക് ചെക്ക്' ആയി തുടരില്ല. ഇസ്രയേൽ എങ്ങനെ പ്രവർത്തിച്ചാലും അമേരിക്കയുടെ പിന്തുണയുണ്ടാകുമെന്നായിരുന്നു രാജ്യം ധരിച്ച് വെച്ചിരുന്നത്. രണ്ടാമതായി, ബൈഡൻ മുസ്‌ലിം വോട്ട് ബാങ്കുകള്‍ തീവ്രമായി ആഗ്രഹിക്കുന്നുണ്ടെന്നും അതിനാല്‍ ഇസ്രയേലിനുള്ള പിന്തുണ കുറയ്ക്കാൻ തയ്യാറുമാണ് എന്നാണ് വ്യക്തമാകുന്നത്. അമേരിക്കൻ സർവ്വകലാശാലകളിൽ നടന്നുകൊണ്ടിരിക്കുന്ന ഇസ്രയേൽ വിരുദ്ധ പ്രതിഷേധങ്ങളും ബൈഡന്‍ നിരീക്ഷിച്ച് വരികയാണ്.
റഫയിലെ സാധാരണക്കാര്‍ക്ക് നേരെയുള്ള ആക്രമണങ്ങളെ തള്ളിപ്പറഞ്ഞില്ലെങ്കില്‍ മുസ്‌ലിം വോട്ട് ബാങ്ക് ട്രംപിന് അനുകൂലമായി പോകുമെന്നാണ് ബൈഡന്‍റെ ഭീതി. അതേസമയം, ആയുധ വിതരണം ഒറ്റയടിക്ക് നിര്‍ത്തിയാല്‍ ജൂത വോട്ടർമാരുടെ അപ്രീതിക്കും കാരണമാകും.
അതുകൊണ്ടുതന്നെ ഒരു ഒഴുക്കന്‍ നിലപാടാണ് ബൈഡന്‍ ഇവിടെ എടുത്തിരിക്കുന്നത് എന്ന് കാണാം. ഇസ്രയേലിന്‍റെ മിസൈൽ ആക്രമണങ്ങളെ എതിര്‍ത്ത് കൊണ്ടുള്ള ഒരു 'പ്രത്യേകതരം' പിന്തുണ ഇസ്രയേലിന് ഉണ്ടാകുമെന്നാണ് ബൈഡന്‍റെ പ്രഖ്യാപനം. മൂന്നാമതായി,ഗാസയില്‍ ഉൾപ്പെടെയുള്ള നെതന്യാഹുവിന്‍റെ നയങ്ങളിൽ യുഎസ് ഭരണകൂടത്തിന് അകത്ത് തന്നെ മുറുമുറുപ്പ് ഉണ്ട്. എങ്കിലും, യുഎൻ സുരക്ഷാ കൗൺസിലിന്‍റെ ഇസ്രയേല്‍ പ്രതികൂല പ്രമേയങ്ങളൊക്കെ തടഞ്ഞുകൊണ്ട് ടെല്‍ അവീവിനോടുള്ള പിന്തുണ അമേരിക്ക ബാഹ്യമായി കാണിക്കുന്നുണ്ട്.
റഫയ്ക്ക് മേലെ ഒരു വലിയ സൈനിക ആക്രമണം ഉണ്ടായാല്‍ സമാധാന ചര്‍ച്ചയില്‍ അത് ഹമാസിന് മേല്‍കൈ നല്‍കുന്നതാകും എന്ന് അമേരിക്ക ഔദ്യോഗികമായി തന്നെ പരാമർശിച്ച കാര്യമാണ്. ഈജിപ്‌തും യുഎഇയും ഖത്തറും നിലവില്‍ നടത്തുന്ന എല്ലാ സമാധാന ചര്‍ച്ചകളെയും അസ്ഥാനത്താക്കാന്‍ അതിന് കഴിയും. ഇസ്രായേലിനെതിരെ ദക്ഷിണാഫ്രിക്ക അന്താരാഷ്‌ട്ര നീതിന്യായ കോടതിയിൽ. നല്‍കിയ കേസിൽ കക്ഷി ചേരാന്‍ കെയ്‌റോ ഇതിനോടകം തന്നെ സന്നദ്ധത അറിയിച്ചിട്ടുണ്ട്. സിവിലിയൻ മരണങ്ങൾ വർധിക്കുന്നത്, മേഖലയില്‍ ഇസ്രയേലുമായി നയതന്ത്ര ബന്ധം പുലര്‍ത്തുന്ന യുഎസ് സഖ്യകക്ഷികള്‍ക്കും ആഭ്യന്തര സമ്മർദം നല്‍കും. റഷ്യ ഉക്രെയ്‌ന്‍ സംഘര്‍ഷവും ചൈനയുടെ പ്രകോപനവുമെല്ലാം ഉയര്‍ന്ന് നില്‍ക്കുന്ന ഘട്ടത്തില്‍ അമേരിക്കയുടെ അവസാന കച്ചിത്തുരുമ്പാണ് മിഡിൽ ഈസ്‌റ്റിലെ പിരിമുറുക്കം.
അതേസമയം നെതന്യാഹുവിന്‍റെ സഖ്യ സര്‍ക്കാരും രാഷ്‌ട്രീയ അതിജീവനത്തിനായി പെടാപ്പാട് പെടുകയാണ്. കടുത്ത സമ്മര്‍ദത്തിലാണ് നെതന്യാഹുവും അകപ്പെട്ടിട്ടുള്ളത്. ഒരു വശത്ത്, ഹമാസ് തട്ടിക്കൊണ്ടുപോയവരുടെ ബന്ധുക്കൾ സമാധാന കരാറുണ്ടാക്കാൻ നെതന്യാഹുവിന് മേല്‍ സമ്മര്‍ദം ചെലുത്തുകയാണ്. മറുവശത്ത്, നെതന്യാഹു മന്ത്രിസഭയിലെ തന്നെ കർക്കശക്കാർ റഫയെ മുഴുവനായി ആക്രമിക്കണമെന്ന് വാശി പിടിക്കുകയാണ്. നെതന്യാഹു ഏതെങ്കിലും ഒരു വശത്തിന് അനുകൂലമായാല്‍ മറുവശത്ത് നിന്ന് സമ്മർദം വർദ്ധിക്കും.
ഇതിന് പുറമെ നെതന്യാഹുവിനെതിരെയുള്ള അഴിമതിക്കേസുകളും കോടതിയില്‍ ഇരിക്കുകയാണ്. അത്കൊണ്ടുതന്നെ റഫയിലേക്ക് ഇറങ്ങിചെല്ലാതെ ഹമാസിനെ നശിപ്പിക്കുക എന്ന ഇസ്രയേലിന്‍റെ യുദ്ധലക്ഷ്യം പൂര്‍ണമാവില്ലെന്ന് നെതന്യാഹു തറപ്പിച്ചുപറയുന്നു.
'ഞങ്ങള്‍ക്ക് ഒറ്റക്ക് പോരാടേണ്ടി വന്നാല്‍ ഞങ്ങള്‍ ഒറ്റക്ക് പോരാടു'മെന്നാണ് അമേരിക്കയുടെ ആയുധ കയറ്റുമതി നിരോധനത്തില്‍ നെതന്യാഹു പ്രതികരിച്ചത്. വേണ്ടി വന്നാല്‍ ഞങ്ങള്‍ ഞങ്ങളുടെ നഖം കൊണ്ട് പോലും യുദ്ധം ചെയ്യും എന്ന് കൂടി നെതന്യാഹു പറഞ്ഞുവെക്കുന്നു.
ഇസ്രയേലിൽ പെട്ടെന്നുണ്ടാകുന്ന ഒരു തെരഞ്ഞെടുപ്പിന് നെതന്യാഹുവിന്‍റെ ലിക്കുഡ് പാർട്ടിയുടെ ഭരണം അവസാനിപ്പിക്കാൻ കഴിയും. കൂടാതെ, ഒക്‌ടോബർ 7 ന് നടന്ന ഹമാസ് ആക്രമണത്തിലേക്ക് നയിച്ച പരാജയങ്ങളെ കുറിച്ചുള്ള അന്വേഷണം നെതന്യാഹുവിനെ ഉത്തരവാദിയാക്കും എന്നത് തീര്‍ച്ചയാണ്. ഇത് നെതന്യാഹുവിന്‍റെ രാഷ്‌ട്രീയ ജീവിതത്തിന് തന്നെ അന്ത്യം കുറിക്കും. ഹമാസിനെ ഉന്‍മൂലനം ചെയ്യുക, ഒപ്പം ബന്ദികളെ രക്ഷപ്പെടുത്തുക എന്ന ഏക പോംവഴി മാത്രമാണ് നെതന്യാഹുവിന് മുന്നില്‍ അവശേഷിക്കുന്നത്.
റഫയെ ആക്രമിക്കാനും നേരത്തെ തന്നെ ആസൂത്രണം ചെയ്‌ത മറ്റ് ആക്രമണങ്ങള്‍ക്കും വേണ്ട ആയുധങ്ങള്‍ ഇസ്രയേലിന്‍റെ കൈവശമുണ്ടെന്ന് വെളിപ്പെടുത്തിയ ഇസ്രായേലിന്‍റെ സൈനിക വക്താവ്, റിയർ അഡ്‌മിറൽ ഡാനിയൽ ഹഗാരി, അമേരിക്കയുമായുള്ള അഭിപ്രായ വ്യത്യാസങ്ങൾ സ്വകാര്യമായി പരിഹരിക്കപ്പെടുമെന്നും വ്യക്തമാക്കുന്നു.
ബൈഡന്‍റെ പ്രശ്‌നം ഇസ്രയേലി നിയമ നിർമ്മാതാക്കളല്ല, മറിച്ച് നെതന്യാഹു മാത്രമാണ് എന്നാണ് തോന്നുന്നത്. യുഎസിന് ചെവി കൊടുക്കുന്നതിലും മുന്‍ഗണന സ്വന്തം അതിജീവനത്തിന് കാണിക്കുന്ന നെതന്യാഹു യുഎസ് മുന്നറിയിപ്പുകൾ പാടെ അവഗണിക്കുകയാണ്. ഇറാനുമായുള്ള അഭിപ്രായ വ്യത്യാസങ്ങൾ പരിഹരിക്കാൻ ബൈഡന്‍റെ ഒന്നിലധികം ശ്രമങ്ങൾ ഇസ്രയേൽ തടസപ്പെടുത്തിയിരുന്നു. ഇറാൻ വിരുദ്ധ സഖ്യമുണ്ടാക്കാനായിരുന്നു ഇസ്രയേലിന്‍റെ ശ്രമം.
യുഎൻ ഉൾപ്പെടെയുള്ള ആഗോള സംഘടനകളും അന്താരാഷ്‌ട്ര നീതിന്യായ കോടതിയും യുദ്ധത്തിൽ കൊല്ലപ്പെട്ട നിരപരാധികളുടെ ഉത്തരവാദിത്തം പൂര്‍ണമായും ഇസ്രയേലിലാണ് ചാര്‍ത്തിയിരിക്കുന്നത്. സെക്യൂരിറ്റി കൗണ്‍സിലില്‍ എല്ലാ ഇസ്രയേൽ വിരുദ്ധ പ്രമേയങ്ങളും യുഎസ് വീറ്റോ ചെയ്‌തിട്ടുണ്ട്.
അടുത്തിടെ നടന്ന യുഎൻ ജനറൽ അസംബ്ലി യോഗത്തിൽ പലസ്‌തീന് യുഎന്ന് അംഗത്വം സംബന്ധിച്ച വോട്ടെടുപ്പ് നടന്നതും യുഎസ്-ഇസ്രയേൽ സ്വാധീനത്തിന് തിരിച്ചടിയായി. പലസ്‌തീന്‍ വിഷയത്തില്‍ ഇനിയൊരു വീറ്റോ ഉണ്ടായാല്‍ അമേരിക്കയുടെ ആഗോള പ്രശസ്‌തിയെ അത് നശിപ്പിക്കും.
യുഎസിനെ സംബന്ധിച്ചിടത്തോളം, ശക്തനായ ഇസ്രയേൽ അമേരിക്കയുടെ പശ്ചിമേഷ്യന്‍ തന്ത്രങ്ങള്‍ക്ക് ഒരു അഭിവാജ്യ ഘടകമാണ്. അതേ സമയം തങ്ങളുടെ ഉപദേശം ചെവികൊള്ളാന്‍ തയാറാകാത്ത ഒരു ഇസ്രയേലിനെ അമേരിക്ക ആഗ്രഹിക്കുന്നുമില്ല. ഇസ്രയേലിന്‍റെ പ്രധാന ശക്തിയും ധനസഹായവും അമേരിക്കാണ്. ഇസ്രയേലിനുമേൽ ഏതെങ്കിലും തരത്തിലുള്ള സമ്മർദം ചെലുത്തണമെങ്കില്‍ ഹമാസ് സംഘടന നിലനില്‍ക്കണമെന്നും യുഎസിന് അറിയാം. അതിനാൽ വാഷിംഗ്‌ടൺ ഒരിക്കലും ഹമാസിന്‍റെ ഉന്മൂലനവും ആഗ്രഹിക്കുന്നില്ല.
അധികാരത്തിലിരിക്കുന്ന സര്‍ക്കാര്‍ ഏതെന്ന് നോക്കാതെ അമേരിക്ക എപ്പോഴും ടെൽ അവീവിനെ പിന്തുണച്ചിട്ടുണ്ട്. അമേരിക്കയില്‍ ശക്തരായ യഹൂദ ലോബിയും ഈ പിന്തുണയ്ക്ക് ഒരു പരിധി വരെ കാരണമാണ്. ഈ പിന്തുണ ഇനിയും തുടരുകയും ചെയ്യും. എന്നിരുന്നാലും അമേരിക്കയോട് വിധേയത്വമുള്ള ഒരു നേതാവിനെയാരിക്കും അമേരിക്ക എന്നും ഇഷ്‌ടപ്പെടുക. അവസാനമായി, വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ വൈറ്റ് ഹൗസ് തിരിച്ചുപിടിക്കുന്നതിനൊപ്പം ഇസ്രയേലിനുള്ള പിന്തുണയും ബൈഡന് സന്തുലിതമാക്കേണ്ടതുണ്ട്. ആവശ്യമായി വന്നാല്‍ നെതന്യാഹു അതിനൊരു ബലിയാടാകാനും സാധ്യതയുണ്ട്.
Also Read : അമേരിക്ക-പാക് ബന്ധം, ഒരു ഞാണിന്മേല്‍ കളിയോ? - US Pak Relations