ഹൈദരാബാദ് : 2050ഓടെ 416 ദശലക്ഷം ആളുകള്‍ നഗരങ്ങളിലേക്ക് ചേക്കേറുമെന്ന കണക്കുകൂട്ടലില്‍ വൻ നഗര പരിവർത്തനത്തിന് ഒരുങ്ങുകയാണ് ഇന്ത്യ. രാജ്യത്തിന്‍റെ മൊത്തത്തിലുള്ള വികസന പാതയിൽ പ്രധാന പങ്കുവഹിക്കുന്നതിന് നഗരങ്ങളെ വളർച്ച കേന്ദ്രങ്ങളാക്കുമെന്നാണ് നമ്മുടെ ധനമന്ത്രി ബജറ്റ് പ്രസംഗത്തിൽ പറഞ്ഞത്. എന്നാലും ദാരിദ്ര്യത്തിന്‍റെയും സാമ്പത്തിക അസമത്വത്തിന്‍റെയും കൂടെ കേന്ദ്രമായ നമ്മുടെ നഗരങ്ങള്‍ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവത്താലും സേവന കമ്മികളാലും വലയുന്ന സംവിധാനമാണ്.
ദുർബലമായ നഗരഭരണ ശേഷി, നഗരങ്ങളെ വളർച്ച കേന്ദ്രങ്ങളാക്കാനുള്ള സാധ്യതകളെ കൂടുതൽ വഷളാക്കുകയേയുള്ളൂ. സുസ്ഥിര നഗര വികസന തന്ത്രത്തിന്‍റെ ആവശ്യകത അംഗീകരിച്ചുകൊണ്ട് നഗര വികസനത്തിനുള്ള വിഹിതം കഴിഞ്ഞ കുറച്ച് വർഷത്തെ കേന്ദ്ര ബജറ്റില്‍ കേന്ദ്രം വകയിരുത്തിയിട്ടുണ്ട്. ഇതിന്‍റെ തുടര്‍ച്ചയെന്നോണം, 2024-25ലെ സമ്പൂർണ ബജറ്റ് നഗര വികസനത്തിന് ആക്കം കൂട്ടുന്ന ഒന്നാണ്. വിക്‌സിത് ഭാരത് എന്ന ലക്ഷ്യത്തിലേക്കെത്താന്‍ അത് സഹായിച്ചേക്കും.
ഭവന, നഗരകാര്യ മന്ത്രാലയത്തിന് (MoHUA) 82576.57 കോടി രൂപയാണ് ബജറ്റില്‍ വകയിരുത്തിയത്. 2023-24 ലെ 69270.72 കോടി രൂപയില്‍ നിന്ന് ഏകദേശം 19 ശതമാനത്തിന്‍റെ വർധനവാണ് ഇത്തവണ ഉണ്ടായത്. സുസ്ഥിര നഗരവികസനത്തിന്‍റെ എണ്ണമറ്റ വെല്ലുവിളികൾ കണക്കിലെടുക്കുമ്പോൾ ബജറ്റ് വിഹിതങ്ങളിലെ ഇത്തരം വർധനവ് പ്രശംസനീയമാണ്.
എന്നാലും 2023-24ലെ പുതുക്കിയ എസ്റ്റിമേറ്റുകളുടെയും 2024-25ലെ ബജറ്റ് എസ്റ്റിമേറ്റുകളുടെയും വ്യത്യസ്‌ത സ്‌കീമുകളുടെ താരതമ്യം രസകരമാണ്. കേന്ദ്ര മേഖല പദ്ധതികൾക്കും കേന്ദ്രാവിഷ്‌കൃത പദ്ധതികൾക്കും 2024-25 ബജറ്റ് വിഹിതത്തിൽ യഥാക്രമം 9.5 ശതമാനവും 26 ശതമാനവും വർധനയുണ്ട്. കേന്ദ്രാവിഷ്‌കൃത പദ്ധതികൾക്കായുള്ള ബജറ്റ് വിഹിതത്തിന്‍റെ 62 ശതമാനവും പ്രധാനമന്ത്രി ആവാസ് യോജനയുടെ (അർബൻ) വിഹിതമാണ്. പിഎംഎവൈ(യു)ക്ക് 2023-24ൽ 22103.03 കോടി രൂപയാണ് ലഭിച്ചത്. ഇത്തവണ അത് 30170.61 കോടി ആയി ഉയര്‍ന്നു.
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾ/താഴ്ന്ന വരുമാന വിഭാഗക്കാർക്കായി 3000 കോടി രൂപയും ഇടത്തരം വരുമാന വിഭാഗത്തിന് 1000 കോടി രൂപയും ബജറ്റിൽ വകയിരുത്തുന്ന ക്രെഡിറ്റ് ലിങ്ക്ഡ് സബ്‌സിഡി സ്‌കീം പുനരാരംഭിക്കുന്നത് ഭവന ആവശ്യങ്ങൾ പരിഹരിക്കുന്നതിന് ഭാഗികമായ ആശ്വാസം നല്‍കും. ചേരി നിവാസികളുടെ പാർപ്പിട ദൗർലഭ്യം പരിഹരിക്കുന്നതിന് ഇൻസിറ്റു റീ-ഡെവലപ്മെൻ്റ് ഓഫ് സ്ലംസ് (ഐഎസ്എസ്ആർ) ഘടകത്തിന് വലിയ സാധ്യതകളുണ്ട്. എന്നാൽ ഈ പദ്ധതിക്ക് കീഴിലുള്ള മൊത്തം വീടുകളുടെ 2.5 ശതമാനം മാത്രമെ ഇത് വരികയുള്ളൂ. നഗരങ്ങളിലെ ദരിദ്രരിൽ വലിയൊരു വിഭാഗത്തിനും വിശേഷിച്ചും ചേരികളിൽ താമസിക്കുന്നവർക്ക് ഭൂമിയുടെ മേല്‍ അവകാശമില്ല. അതിനാൽ തന്നെ അവർ പിഎംഎവൈ(യു) പദ്ധതിക്ക് പുറത്താണ്.
പിഎംഎവൈ(യു) പദ്ധതി നഗരങ്ങളിലെ ദരിദ്രരേക്കാൾ ഇടത്തരക്കാരും ഉയർന്ന വരുമാനക്കാരുമായ ആളുകൾക്ക് പ്രയോജനം ചെയ്‌തതായാണ് തോന്നുന്നത്. ഈ പശ്ചാത്തലത്തിൽ, ഭൂരേഖകൾ ജിഐഎസ് മാപ്പിങ് ഉപയോഗിച്ച് ഡിജിറ്റലൈസ് ചെയ്യുന്നത് കൃത്യമായി നടപ്പാക്കിയാൽ പാവപ്പെട്ടവർക്ക് പട്ടയം നൽകുന്നതിനുള്ള ഭരണപരമായ ബുദ്ധിമുട്ടുകൾ ലഘൂകരിക്കാനാകും. ബജറ്റിൽ വിഭാവനം ചെയ്‌തതുപോലെ ഭൂമി വികസന ചട്ടങ്ങളിലെ പരിഷ്‌കാരങ്ങളോടൊപ്പം ശരിയായ നഗര ആസൂത്രണവും ഭവന നിർമാണത്തിന് ആവശ്യമായ നഗര ഭൂമി വിതരണം സുഗമമാക്കും.
നഗരവാസികളില്‍ ഭൂരിഭാഗം പേർക്കും സ്വന്തമായി ഒരു വീട് വാങ്ങുന്നത് താങ്ങാനാവാത്തതിനാല്‍ വാടക വീടുകളുടെ ഡിമാന്‍ഡ് വര്‍ധിക്കും. ഈ സാഹചര്യത്തില്‍ വ്യാവസായിക തൊഴിലാളികൾക്കായി പിപിപി (പബ്ലിക്-പ്രൈവറ്റ് പാർട്‌ണർഷിപ്പ്) മോഡിൽ പ്രത്യേകമായി ഡോം താമസ സൗകര്യങ്ങൾ വാടകയ്ക്ക് നൽകാനുള്ള ബജറ്റ് നിർദ്ദേശം സമയോചിതമായ ഇടപെടലാണ്.
2020ൽ നഗരങ്ങളിലെ ദരിദ്രരുടെ പ്രത്യേകിച്ച് കൊവിഡ് 19 ബാധിച്ച കുടിയേറ്റക്കാരുടെ ഭവന ആവശ്യങ്ങള്‍ക്ക് പിഎംഎവൈ(യു) പദ്ധതിക്ക് കീഴിൽ ഒരു ഉപ പദ്ധതിയായി, വാടക ഭവന സമുച്ചയങ്ങൾ കേന്ദ്ര സർക്കാർ പരീക്ഷിച്ചിരുന്നു. നഗരങ്ങളിൽ ഒഴിഞ്ഞുകിടക്കുന്ന വീടുകൾ പിപിപി വഴി വാടകയ്ക്ക് നൽകുന്നതിനും ലഭ്യമായ ഒഴിഞ്ഞ ഭൂമിയിൽ പൊതു- സ്വകാര്യ സ്ഥാപനങ്ങൾക്ക് സ്വന്തമായി വാടക വീട് വികസിപ്പിക്കുന്നതിനും വ്യവസ്ഥകൾ ഉണ്ടായിരുന്നു.
എന്നാല്‍ സ്‌കീമിന് കീഴിൽ നിർമിച്ച ഹൗസിങ് യൂണിറ്റുകൾ മോശം സ്ഥലം, അടിസ്ഥാന നഗര സേവനങ്ങളുടെ ലഭ്യതക്കുറവ്, നിലവിലുള്ള മാർക്കറ്റ് വാടകയേക്കാൾ കൂടി വാടക തുടങ്ങി നിരവധി പോരായ്‌മകളുണ്ടായിരുന്നു. നികുതി ഇളവുകൾ, കുറഞ്ഞ പലിശ നിരക്കിൽ പദ്ധതി വായ്‌പ, അധിക ഫ്ലോർ ഏരിയ അനുപാതം (എഫ്എആർ)/ ഫ്ലോർ സ്പേസ് ഇൻഡക്‌സ് (എഫ്എസ്ഐ), ട്രങ്ക് ഇൻഫ്രാസ്ട്രക്‌ച്ചർ എന്നിവ ഉൾപ്പെടെയുള്ള ഇളവുകൾ ഉണ്ടായിരുന്നിട്ടും പദ്ധതിയോട് സ്വകാര്യ മേഖല കാര്യമായി പ്രതികരിച്ചില്ല.
സ്‌മാർട് സിറ്റി മിഷൻ്റെ അടങ്കൽ തുക 2023-24ല്‍ പുതുക്കിയ എസ്റ്റിമേറ്റ് 8000 കോടി രൂപ ആയിരുന്നു. എന്നാല്‍ 2024-25 ബജറ്റില്‍ എസ്റ്റിമേറ്റ് 2400 കോടി രൂപയായി കുറഞ്ഞു. 500 നഗരങ്ങൾക്കായുള്ള അമൃത് പദ്ധതിക്കായി നിർദിഷ്‌ട അടങ്കൽ 8000 കോടി രൂപയാണ്. 2023-24-ൽ 5200 കോടി രൂപ ആയിരുന്നു എസ്റ്റിമേറ്റ്. അതായത് 54 ശതമാനം വർധന.
സമാനമായി 2023-24ല്‍ സ്വച്ഛ് ഭാരത് മിഷന് (അർബൻ) 2550 കോടിയാണ് ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നത്. ഈ ബജറ്റിൽ പദ്ധതിക്ക് 5000 കോടി രൂപ നിർദേശിച്ചിട്ടുണ്ട്. ലോകബാങ്ക് പഠനം (2022) അനുസരിച്ച്, അടുത്ത 15 വർഷത്തിനുള്ളിൽ ഇന്ത്യൻ നഗരങ്ങൾക്ക് 840 ബില്യൺ ഡോളർ നിക്ഷേപം ആവശ്യമാണ്. അതിൽ 450 ബില്യൺ ഡോളർ ജലവിതരണവും മലിനജല സംസ്‌കരണം ഉൾപ്പെടെയുള്ള അടിസ്ഥാന സേവനങ്ങൾക്കുള്ള നിക്ഷേപ ആവശ്യങ്ങൾക്കാണ്. കൂടാതെ, ഇന്ത്യയിലെ വലുതും ചെറുതുമായ നഗരങ്ങളിൽ സേവന കമ്മികൾ നിലനിൽക്കുന്നുണ്ട്. ചെറിയ നഗരങ്ങളിലും നഗരങ്ങളിലെ ദരിദ്ര പ്രദേശങ്ങളിലും ഇത് കൂടുതൽ പ്രകടമാണ്.
അതിനാൽ, അടിസ്ഥാന സൗകര്യങ്ങളുടെ (അതായത് ജലവിതരണം, മലിനജലം, ഡ്രെയിനേജ്, ഹരിത ഇടങ്ങൾ, മോട്ടോറൈസ് ചെയ്യാത്ത ഗതാഗതം) വികസനത്തിൽ അമൃത് ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ, നിലവിലുള്ള സേവന കമ്മി കുറയ്ക്കുന്നതിന് ബജറ്റ് വിഹിതത്തിലെ വർദ്ധനവ് സഹായകമായേക്കാം. കൂടാതെ, സംസ്ഥാന സർക്കാരുകളുമായും വികസന ബാങ്കുകളുമായും സഹകരിച്ച് 100 വൻ നഗരങ്ങൾക്കുള്ള ജലവിതരണം, മലിനജല സംസ്കരണം, ഖരമാലിന്യ സംസ്കരണ പദ്ധതികളും സേവനങ്ങളും പ്രോത്സാഹിപ്പിക്കുന്നതിന് ബജറ്റ് നിർദേശിക്കുന്നുണ്ട്.
ഇതിനെല്ലാം പുറമെ 74ാം ഭരണഘടന നിയമത്തിന്‍റെ മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷവും ഇന്ത്യയിലെ വളരെ കുറച്ച് നഗരങ്ങൾക്ക് മാത്രമേ നിയന്ത്രിതമായി നഗര അടിസ്ഥാന സേവനങ്ങൾ നൽകാന്‍ കഴിഞ്ഞിട്ടുള്ളൂ. ഓവർലാപ്പ് ചെയ്യുന്ന അധികാര പരിധികളും നഗരതലത്തിൽ തന്നെ വിഘടിക്കുന്ന റോളുകളും നഗര സേവനങ്ങളുടെ മോശം ഡെലിവറിക്ക് പിന്നിലെ പ്രധാന ഘടകമാണ്.
ഇന്ത്യൻ നഗരങ്ങളിലെ ജല, മലിനജല സംവിധാനങ്ങൾ അവയുടെ പ്രവർത്തനച്ചെലവിന്‍റെ ശരാശരി 55 ശതമാനം മാത്രമാണ് തിരിച്ചുപിടിച്ചതെന്നാണ് ലോകബാങ്ക് പഠനം (2022) കാണിക്കുന്നത്. ഇന്ത്യൻ നഗരങ്ങൾ മോശമായ വരുമാനത്തിന്‍റെയും അടിസ്ഥാന സേവനങ്ങളുടെ അപര്യാപ്‌തതയുടെയും ദുഷിച്ച ചക്രത്തിലാണ് പ്രവർത്തിക്കുന്നത് എന്ന് പറയേണ്ടിവരും. നിലവിലെ ബജറ്റിന്‍റെ ഒരു വശം, നഗരത്തിലെ പാവപ്പെട്ടവരുടെ ഉപജീവനമാർഗത്തിന് കുറച്ച് ശ്രദ്ധ ലഭിച്ചു എന്നതാണ്. നാഷണൽ അർബൻ ലൈവ് ലൈവ്‌ലിഹുഡ്‌സ് മിഷൻ (NULM) പ്രോഗ്രാമിനുള്ള ബജറ്റ് വിഹിതം 2023-24ലെ 523 കോടി രൂപയുടെ എസ്റ്റിമേറ്റിൽ നിന്ന് 300 കോടി രൂപയായി കുറച്ചിട്ടുണ്ട്. പിഎം സ്വാധിനിയില്‍ (പ്രധാനമന്ത്രി സ്‌ട്രീറ്റ് വെന്‍ഡര്‍ ആത്മനിർഭർ നിധി) പോലും 2024-25ൽ 141.68 കോടി രൂപയുടെ വെട്ടിക്കുറച്ചില്‍ കാണാം.
തെരഞ്ഞെടുത്ത നഗരങ്ങളിലെ 100 വഴിയോര കച്ചവടക്കാർ ഉൾപ്പെടെയുള്ള ദശലക്ഷക്കണക്കിന് അസംഘടിത തൊഴിലാളികളുടെ ഉപജീവന വെല്ലുവിളികള്‍ നേരിടാൻ ഇതോടെ പ്രയാസമാകും. നഗര വികസനത്തിന്‍റെ കേന്ദ്ര മേഖലയിലെ പദ്ധതികളിൽ 83 ശതമാനവും എംആർടിഎസ്, മെട്രോ റെയിൽ പദ്ധതികള്‍ എന്നിവയിലാണ് ബജറ്റ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
30 ലക്ഷത്തിന് മുകളിൽ ജനസംഖ്യയുള്ള 14 വൻ നഗരങ്ങൾക്കായുള്ള ട്രാൻസിറ്റ് ഓറിയന്‍റഡ് വികസന പദ്ധതികളും ബജറ്റ് വിഭാവനം ചെയ്യുന്നുണ്ട്. ബിഗ് ടിക്കറ്റ് മെട്രോ പദ്ധതികൾ, ജനപ്രീതി ആകർഷിക്കുന്നുണ്ടെങ്കിലും ചെലവ് കൊണ്ടും ലഭ്യത കണക്കിലെടുക്കുമ്പോഴും ഭൂരിഭാഗം ആളുകൾക്കും ഇത് പ്രയോജനം ചെയ്യുന്നില്ല എന്നതാണ് വസ്‌തുത. അതേസമയം, പിഎം ഇ- ബസ് സേവ സ്‌കീമിന്‍റെ എസ്‌റ്റിമേറ്റ് 20 കോടിയിൽ നിന്ന് 1300 കോടിയായി വർധിപ്പിച്ചിട്ടുണ്ട്. ഈ ബജറ്റ് വിഹിതം സിറ്റി ബസ് സർവീസുകൾ വർധിപ്പിക്കാനും ജനങ്ങളുടെ മൊബിലിറ്റി മെച്ചപ്പെടുത്താനും സാധ്യതയുണ്ട്.
അവസാനമായി, നഗരവികസന പദ്ധതികളുടെ മുൻകാല പ്രകടനങ്ങൾ അതിന്‍റെ മന്ദഗതിയാലും ഫണ്ടുകളുടെ ശരിയായ വിനിയോഗത്തിന്‍റെ അഭാവത്താലും ശ്രദ്ധിക്കപ്പെട്ടതാണ്. അടിസ്ഥാനപരമായ ആവശ്യങ്ങള്‍ പരിഗണിച്ചുകൊണ്ടുള്ള നഗര പദ്ധതികൾ വിഭാവനം ചെയ്യുന്നതിന് സ്ഥാപനപരമായ കഴിവും നിലവിലുള്ള ഭരണ നടപടിക്രമങ്ങളുടെ കാര്യക്ഷമതയും ആവശ്യമാണ്. വിക്‌സിത് ഭാരത് നഗരങ്ങൾ നിർമിക്കുന്നതിന് നഗരത്തിലെ ഭരണ സംവിധാനങ്ങളുടെ നയ രൂപീകരണത്തെക്കുറിച്ചും മറ്റ് കാര്യങ്ങളെക്കുറിച്ചുമുള്ള പുനർവിചിന്തനം ചെയ്യാൻ ഇനിയും വൈകിയിട്ടില്ല.
(സൗമ്യദീപ് ചതോപാധ്യായ പശ്ചിമ ബംഗാളിലെ ശാന്തിനികേതനിലെ വിശ്വഭാരതി (ഒരു കേന്ദ്ര സർവകലാശാല) ഇക്കണോമിക്‌സ് ആൻഡ് പൊളിറ്റിക്‌സ് വകുപ്പിൽ അസോസിയേറ്റ് പ്രൊഫസറാണ്. അദ്ദേഹത്തെ soumyadip.chattopadhyay@visva-bharati.ac.in എന്ന വിലാസത്തിൽ ബന്ധപ്പെടാം).
Disclaimer : ഈ ലേഖനത്തിൽ പറഞ്ഞിരിക്കുന്ന അഭിപ്രായങ്ങൾ എഴുത്തുകാരൻ്റേതാണ്. ഇവിടെ പറഞ്ഞിരിക്കുന്ന വസ്‌തുതകളും അഭിപ്രായങ്ങളും ഇടിവി ഭാരതിൻ്റെ കാഴ്‌ചപ്പാടുകളെ പ്രതിഫലിപ്പിക്കുന്നില്ല.
Also Read : ഇന്ന് ആദായ നികുതി ദിനം: രാഷ്ട്രത്തെ ശക്‌തമാക്കുന്നതില്‍ ടാക്‌സിന്‍റെ പ്രാധാന്യമറിയാം - Income Tax Day