ഭാരതീയ ജനതാ പാര്‍ട്ടിക്ക് അവകാശവാദമുയര്‍ത്തിയത് പോലെ നാനൂറ് സീറ്റ് നേടാനായില്ല. എങ്കിലും ഡല്‍ഹിയില്‍ അവര്‍ സര്‍ക്കാര്‍ രൂപീകരിക്കും. എന്നാല്‍ കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതോടെ രൂപീകരിക്കപ്പെടുന്ന സര്‍ക്കാര്‍ കഴിഞ്ഞ പത്ത് വര്‍ഷമായി രാജ്യം കണ്ടു കൊണ്ടിരുന്ന എന്‍ഡിഎ സര്‍ക്കാര്‍ പോലെ ആകില്ല. പുതിയ എന്‍ഡിഎ സര്‍ക്കാര്‍ പലത് കൊണ്ടും വ്യത്യസ്‌തമാണ്.
അതില്‍ ഏറ്റവും പ്രധാനം ഇക്കുറി ബിജെപി രൂപീകരിക്കുക ഒരു സഖ്യ സര്‍ക്കാരാകും എന്നത് തന്നെയാണ്. സ്വന്തം നിലയ്ക്ക് ഒരു സര്‍ക്കാര്‍ രൂപീകരിക്കണമെങ്കില്‍ ബിജെപിക്ക് 42 സീറ്റിന്‍റെ കുറവുണ്ട്. ഇത് കൂടി നേടിയിരുന്നുവെങ്കില്‍ മാത്രമേ 272 എന്ന കേവല ഭൂരിപക്ഷത്തിലേക്ക് ബിജെപിക്ക് എത്താനാകുമായിരുന്നുള്ളൂ. രണ്ടാമതായി ബിജെപിക്ക് മൂന്ന് സഖ്യകക്ഷികളുടെ പിന്തുണ കൂടിയേ തീരൂ. അതിനായി ഇവര്‍ക്ക് ഏതറ്റം വരെയും പോകേണ്ടി വരും. നിതീഷ് കുമാര്‍, ചന്ദ്രബാബു നായിഡു, ജയന്ത് ചൗധരി എന്നിവരെ പിണക്കാതിരുന്നാല്‍ മാത്രമേ കേവല ഭൂരിപക്ഷമെന്ന മാന്ത്രിക സംഖ്യയിലേക്ക് സഖ്യം എത്തൂ. ഇതിനെല്ലാം പുറമെ ഭരണത്തിനായി ഒരു പൊതു മിനിമം പരിപാടിയും വേണം.
നാനൂറ് സീറ്റുകള്‍ സ്വന്തമാക്കുക എന്ന സ്വപ്‌നത്തിനപ്പുറം 2027 വരെ അധികാരത്തില്‍ തുടരാമെന്ന ആത്മവിശ്വാസത്തോടെ മുന്നോട്ട് പോയ ബിജെപിക്ക് ഇത്രയും കനത്ത തിരിച്ചടിയുണ്ടാകാനുള്ള കാരണമെന്താണ്? തെരഞ്ഞെടുപ്പും ജനാധിപത്യവും ഭാവിയിലേക്കുളള ഇടനാഴികളെ കരുത്തുറ്റതാക്കുന്നതിനുമപ്പുറം അവരവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കണക്ക് പറയാനുള്ള അവസരം കൂടിയാണ്. ഈ അര്‍ത്ഥത്തില്‍ നോക്കുമ്പോല്‍ 2024 പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പ് ബിജെപിക്ക് കനത്ത തിരിച്ചടിയാണ് സമ്മാനിച്ചതെന്ന് പറയേണ്ടി വരും. ഇവര്‍ക്ക് തിരിച്ചടി നേരിട്ട മേഖലകളില്‍ നേട്ടമുണ്ടാക്കാന്‍ കോണ്‍ഗ്രസിന്‍റെ നേതൃത്വത്തിലുള്ള ഇന്ത്യ സഖ്യത്തിനായി.
ഉത്തര്‍പ്രദേശിലും ഇതാണ് സംഭവിച്ചത്. താനല്ലാതെ മറ്റാരും മത്സരിക്കുന്നില്ലെന്ന മട്ടിലായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി ഇവിടെ പ്രചാരണ പരിപാടികളുമായി മുന്നോട്ട് പോയത്. പാര്‍ട്ടിയിലെ മറ്റ് സ്ഥാനാര്‍ത്ഥികളെക്കുറിച്ച് അദ്ദേഹത്തിന് യാതൊരു പരിഗണനയും ഉണ്ടായിരുന്നുമില്ല. ഈ കാഴ്‌ചപ്പാട് പക്ഷേ വോട്ടര്‍മാര്‍ക്ക് ഉണ്ടായില്ല. അവര്‍ ഓരോ മണ്ഡലത്തിലെയും സ്ഥാനാര്‍ത്ഥികളെയും അവരുടെ പ്രകടനം വച്ച് വിലയിരുത്തി. പല എംപിമാരെയും ബിജെപി മാറ്റിപ്പരീക്ഷിച്ചിരുന്നു. എന്നാല്‍ ഇതുകൊണ്ടൊന്നും യാതൊരു ഫലവും ഉണ്ടായില്ല. ഇവരില്‍ ചിലരെ വരത്തരായി തന്നെ ഇവിടുത്തെ ജനങ്ങള്‍ പരിഗണിച്ചു. ഇവര്‍ക്ക് വോട്ടര്‍മാര്‍ കനത്ത പ്രഹരം ഏല്‍പ്പിക്കുകയും ചെയ്‌തു. ബിജെപിയെ സംബന്ധിച്ചിടത്തോളം ഏറെ നിര്‍ണായകമായ സംസ്ഥാനമാണ് ഉത്തര്‍പ്രദേശ്. ഇവിടുത്ത മതവിഷയങ്ങളാണ് ഇവരുടെ അധികാരത്തിലേക്കുള്ള യാത്ര സുഗമമാക്കിയത്.
രാമക്ഷേത്രം മോദി രാജ്യത്തിന് സമര്‍പ്പിച്ചത് 2024 ജനുവരി 22 നാണ്. ആ ദിവസം തന്നെ രാമക്ഷേത്ര പ്രാണപ്രതിഷ്‌ഠയ്ക്കായി തെരഞ്ഞെടുത്തത് പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ അധികാരത്തില്‍ തിരിച്ചെത്താന്‍ ബിജെപിയെ സഹായിക്കുമെന്ന കണക്കു കൂട്ടലിലാണ്. സംസ്ഥാനത്ത് ഒരു സന്യാസി തന്നെ മുഖ്യമന്ത്രിക്കസേരയിലുള്ളതും തങ്ങള്‍ക്ക് ഗുണകരമാകുമെന്ന് അവര്‍ കണക്കുകൂട്ടി. മുഖ്യമന്ത്രി ആദിത്യനാഥ് ബിജെപിക്ക് വേണ്ട എല്ലാ സഹായങ്ങളുമായി മുന്നില്‍ തന്നെ ഉണ്ടായിരുന്നു.
പ്രചാരണത്തിന്‍റെ ആദ്യ ഘട്ടത്തില്‍ രാമക്ഷേത്ര നിര്‍മ്മാണം തങ്ങളുടെ നേട്ടമായി ബിജെപി എടുത്ത് കാട്ടി. എന്നാല്‍ അത് വേണ്ടത്ര എറിച്ചില്ല. പിന്നെ മറ്റൊരു തെരഞ്ഞെടുപ്പ് വിഷയം കണ്ടെത്താനായി ബിജെപിയുടെ ശ്രമം. എന്നാല്‍ ഓരോ ചുവടിലും ബിജെപിക്ക് പിഴയ്ക്കുന്ന കാഴ്‌ചയാണ് പിന്നെ കാണാനായത്. പ്രധാനമന്ത്രി ഉപയോഗിച്ച ഓരോ വര്‍ഗീയ ഭാഷയും മുസ്‌ലിങ്ങളെക്കുറിച്ചുള്ള ഭയം വര്‍ദ്ധിപ്പിക്കുന്നതായിരുന്നു.
മുന്‍കാലങ്ങളില്‍ ഇത് ബിജെപി പരീക്ഷിച്ച് വിജയിച്ചിട്ടുള്ള തന്ത്രമാണ്. കഴിഞ്ഞ വര്‍ഷം ഛത്തീസ്‌ഗഡിലും മധ്യപ്രദേശിലും നടന്ന നിയമസഭ തെരഞ്ഞെടുപ്പിലും ഇസ്രയേല്‍ അഭയാര്‍ത്ഥി ക്യാമ്പുകളില്‍ ഹമാസ് നടത്തുന്ന ആക്രമണങ്ങളെ ഇതിനായി ഇവര്‍ കൂട്ടുപിടിച്ചു. ഭൂരിപക്ഷ ജനതയില്‍ ഉത്കണ്‌ഠ സൃഷ്‌ടിക്കലായിരുന്നു ഇവരുടെ ഉദ്ദേശ്യം. ഇതിനൊന്നും യാതൊരു അടിസ്ഥാനവും ഇല്ലായിരുന്നുവെങ്കിലും ബിജെപിക്ക് ഇതില്‍ നിന്ന് നേട്ടമുണ്ടാക്കാനായി എന്നതാണ് വാസ്‌തവം.
ഇക്കുറി ഇവര്‍ സാധ്യമായ എല്ലാ മാര്‍ഗങ്ങളും ഉപയോഗിച്ചു. കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്കയും മോദിയെ ഓരോ ഘട്ടത്തിലും വിമര്‍ശിച്ചു. ബിജെപി നേതൃത്വത്തിനെതിരെ സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് തന്‍റെ യുവശക്തികളെ അണിനിരത്തി. വ്യാജ എക്‌സിറ്റ് പോള്‍ ഫലങ്ങളിലൂടെ ഒരുദിവസം രാജ്യത്ത് ആശങ്കകളുണര്‍ത്താന്‍ ബിജെപിക്ക് സാധിച്ചെങ്കിലും തങ്ങളുടെ ഫലം എഴുതപ്പെട്ട് കഴിഞ്ഞെന്ന് ബിജെപി യഥാര്‍ത്ഥത്തില്‍ തിരിച്ചറിഞ്ഞിരുന്നു. തങ്ങള്‍ക്ക് നാല്‍പ്പത് സീറ്റുകള്‍ ഇക്കുറി നഷ്‌ടമാകുമെന്ന് ഈ ലേഖകനോട് ഒരു മുതിര്‍ന്ന ബിജെപി നേതാവ് ഏപ്രില്‍ മാസത്തില്‍ തന്നെ മനസ് തുറന്നതാണ്.
ഉത്തര്‍പ്രദേശില്‍ ബിജെപിക്ക് അടിതെറ്റിത്തുടങ്ങി എന്നതിന് വേറെയും തെളിവുകളുണ്ട്. വാരണസിയില്‍ -മോദിയുടെ മണ്ഡലത്തില്‍ എല്ലായിടത്തും ഒരു അതൃപ്‌തി പ്രകടമായിരുന്നു. പ്രധാനമന്ത്രിയുടെ അനുയായികളായിരുന്ന പലരും അദ്ദേഹത്തെ വിമര്‍ശിച്ച് തുടങ്ങിയിരുന്നു. പ്രധാനമന്ത്രിയോടുള്ള ആദരവോ ഭയമോ അവര്‍ക്ക് നഷ്‌ടമായിത്തുടങ്ങി. വാരണസിയില്‍ മോദിയുണ്ടെങ്കില്‍ കിഴക്കന്‍ ഉത്തര്‍പ്രദേശില്‍ പതിമൂന്ന് സീറ്റുകള്‍ ബിജെപിക്ക് നിഷ്‌പ്രയാസം ജയിച്ച് കയറാമെന്നായിരുന്നു കണക്കുകൂട്ടല്‍. എന്നാല്‍ ഈ മേഖല ബിജെപി സ്വപ്‌നങ്ങളുടെ ശവപ്പറമ്പായി മാറി.
രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും മികച്ച പ്രചാരണങ്ങളിലൂടെ റായ്‌ബറേലിയും അമേഠിയും അവര്‍ക്ക് നിഷ്‌പ്രയാസം ജയിച്ച് കയറാനായി. ഇവരുടെ പ്രചാരണത്തിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വന്നത് കേന്ദ്രമന്ത്രി സ്‌മൃതി ഇറാനിയാണ്. ഗാന്ധി കുടുംബത്തിന്‍റെ വിശ്വസ്‌തന്‍ കിശോരി ലാലിനോട് അവര്‍ക്ക് നാണം കെട്ട തോല്‍വി ഏറ്റുവാങ്ങേണ്ടി വന്നു. വന്‍ ഭൂരിപക്ഷത്തോടെ രാഹുല്‍ റായ്‌ബറേലിയില്‍ നിന്ന് വിജയരഥമേറി. മോദിക്ക് വാരണസിയില്‍ നിന്ന് ജയിച്ച് കയറാനായെങ്കിലും ഭൂരിപക്ഷത്തില്‍ വന്‍ ഇടിവുണ്ടായി.
രാജസ്ഥാനില്‍ ബിജെപിക്ക് മിക്ക സീറ്റുകളും നഷ്‌ടമായി. എന്നാല്‍ രാജ്യത്തെ ചില സംസ്ഥാനങ്ങളില്‍ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ യാഥാര്‍ത്ഥ്യമായി. ഒഡിഷയും ആന്ധ്രയും ഇതിന് ഉദാഹരണങ്ങളാണ്. ബിജെപിക്ക് 240 സീറ്റ് കിട്ടിയതിന് ഒഡിഷയിലെ പ്രകടനം സഹായകമായി. ഇവിടെ സംസ്ഥാനത്തും അവര്‍ക്ക് ഭരണം പിടിക്കാനായി. ഗുജറാത്തില്‍ നിന്നും ബിജെപിക്ക് മികച്ച ഫലം കിട്ടി.
ഡല്‍ഹിയിലും മികച്ച പ്രകടനമാണ് ബിജെപി കാഴ്‌ചവച്ചത്. അരവിന്ദ് കെജ്‌രിവാളിന്‍റെ നേതൃത്വത്തിലുള്ള ആം ആദ്‌മി പാര്‍ട്ടിയെ അവര്‍ നാമാവശേഷമാക്കി. വരും ദിവസങ്ങളില്‍ രാഷ്‌ട്രീയ മണ്ഡലത്തില്‍ ചിലപ്പോള്‍ എഎപി അപ്രസക്‌തമായേക്കാം.
ഇന്ത്യ സഖ്യവും സര്‍ക്കാര്‍ രൂപീകരണ നീക്കങ്ങള്‍ നടത്തുന്നുണ്ട്. ഈ സര്‍ക്കാര്‍ നല്‍കിയ വ്യാജ സുസ്ഥിരത ഇല്ലാതാകുന്ന കാഴ്‌ചയ്ക്കാകും വരും ദിവസങ്ങളില്‍ നാം സാക്ഷ്യം വഹിക്കേണ്ടി വരിക. സര്‍ക്കാര്‍ പിന്തുണയോടെ മതേതരത്വവും തിരികെ എത്തും. രാജ്യത്തെ ഭീഷണിപ്പെടുത്തി അടിച്ചമര്‍ത്തിയിരുന്ന നീതിന്യായ സംവിധാനവും മാധ്യമങ്ങളും എല്ലാം പുനരുജ്ജീവിപ്പിക്കപ്പെടും. രാജ്യത്ത് നല്ല കാലം വരുന്നുവെന്ന സൂചനയാണ് ഈ തെരഞ്ഞെടുപ്പ് ഫലം മുന്നോട്ട് വയ്ക്കുന്നത്.
- അര ശതമാനം വോട്ട് കുറഞ്ഞു, ബിജെപിക്ക് നഷ്‌ടം 63 സീറ്റ്; 2 ശതമാനം വോട്ട് കൂടി കോണ്‍ഗ്രസിന് നേട്ടം 47 സീറ്റ്
- കേരളത്തിന് വേണ്ടി പാര്‍ലമെന്‍റില്‍ സംസാരിക്കുക ഇവരൊക്കെ; എംപിമാരെ പറ്റി വിശദമായി അറിയാം
- ലോക്‌സഭ തെരഞ്ഞെടുപ്പിലെ താരപ്പോര്; ജയിച്ചുകയറിയത് ഇവർ മാത്രം..
- യുപിയിൽ ഇന്ത്യാസഖ്യം മുന്നേറിയതെവിടെ, എങ്ങനെ? സമഗ്ര ഫലം ഒറ്റ ക്ലിക്കിൽ
- കെ കരുണാകരനും കുടുംബത്തിനും തൃശൂര്‍ ഇന്നും ബാലികേറാമല ; മുരളീധരന്‍ ലോക്‌സഭയിലേക്ക് പരാജയപ്പെടുന്നത് മൂന്നാം തവണ