ഇന്ത്യ കാനഡ ബന്ധം നാള്‍ക്കുനാള്‍ വഷളാകുന്ന സാഹചര്യത്തിലാണ് ഏറ്റവും ഒടുവില്‍ കാനഡയിലെ ഹൈക്കമ്മീഷണർ ഉൾപ്പെടെയുള്ള നയതന്ത്രജ്ഞരെ ഇന്ത്യ തിരിച്ചുവിളിക്കുന്നത്. ഖാലിസ്ഥാനി വിഘടനവാദി ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തില്‍ ഇന്ത്യൻ ഹൈക്കമ്മിഷണറടക്കമുള്ള നയതന്ത്രജ്ഞര്‍ക്ക് വ്യക്തി താത്പര്യമുണ്ടെന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്‌റ്റിന്‍ ട്രൂഡോ പറഞ്ഞതാണ് പുതിയ പ്രകോപനം.
ഇന്ത്യ-കാനഡ ബന്ധത്തിൽ ചരിത്രത്തിലുണ്ടായിരിക്കുന്ന ഏറ്റവും വലിയ വിള്ളലാണിപ്പോളുണ്ടായത്. വരും വർഷങ്ങളിലും ഇരു രാജ്യവും തമ്മിലുള്ള നയതന്ത്ര ബന്ധം മോശമായി തന്നെ തുടരുമെന്നാണ് ഇത് വ്യക്തമാകുന്നത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
നിജ്ജാറിന്‍റെ കൊലപാതകത്തിൽ ഇന്ത്യക്ക് പങ്കുണ്ടെന്ന് കാനഡ ഇപ്പോഴും ശക്തമായി ആരോപിക്കുന്നുണ്ട്. അതേസമയം, ആരോപണങ്ങളെല്ലാം തന്നെ ഇന്ത്യ നിഷേധിക്കുന്നു. ആരോപണങ്ങളല്ലാതെ കാനഡ ഇതുവരെ വിശ്വസനീയമായ ഒരു തെളിവും നൽകിയിട്ടില്ലെന്ന് ഇന്ത്യ ചൂണ്ടിക്കാട്ടുന്നു. അത്തരം തെളിവുകൾ നിലവിലുണ്ടെങ്കിൽ അത് നയതന്ത്ര മാർഗങ്ങളിലൂടെ പങ്കുവെക്കേണ്ടതായിരുന്നു എന്ന് ഇന്ത്യ അഭിപ്രായപ്പെടുന്നു. എന്നാല്‍ കാനഡ സ്വീകരിക്കുന്ന പൊതു നിലപാടുകൾ പ്രധാനമന്ത്രി ജസ്‌റ്റിൻ ട്രൂഡോയുടെ ആഭ്യന്തര രാഷ്‌ട്രീയ താത്പര്യങ്ങള്‍ മുന്‍നിര്‍ത്തിയുള്ളതാണ് എന്നാണ് പൊതുവായ വിലയിരുത്തല്‍.
ട്രൂഡോയുടെ രാഷ്‌ട്രീയ കണക്കുകൂട്ടല്‍
പഞ്ചാബില്‍ ഖാലിസ്ഥാൻ പ്രസ്ഥാനം പതിറ്റാണ്ടുകൾക്ക് മുമ്പേ ക്ഷയിച്ചെങ്കിലും കനേഡിയൻ രാഷ്‌ട്രീയത്തില്‍ പ്രസ്ഥാനത്തിന്‍റെ പ്രതിധ്വനികൾ സജീവമായി അലയടിക്കുന്നുണ്ട്. ജഗ്മീത് സിങ്ങിന്‍റെ നേതൃത്വത്തിലുള്ള ന്യൂ ഡെമോക്രാറ്റിക് പാർട്ടിയുടെ (എൻഡിപി) പിന്തുണയെ വളരെയധികം ആശ്രയിക്കുന്നുണ്ട് ട്രൂഡോയുടെ ലിബറൽ ഗവൺമെന്‍റ്. ഖാലിസ്ഥാനി ഘടകങ്ങളെ പിന്തുണയ്ക്കുന്നയാളാണ് ജഗ്‌മീത് സിങ്.
വിഷയത്തിൽ നിരന്തരം ഇന്ത്യയെ വിമർശിക്കുന്നതില്‍ പ്രധാനിയാണ് ജഗ്‌മത് സിങ്. ട്രൂഡോയുടെ വർദ്ധിച്ചുവരുന്ന ഇന്ത്യ വിരുദ്ധ നിലപാട് എൻഡിപിയിൽ നിന്നുള്ള പിന്തുണ വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയായിരിക്കാം എന്ന് പറഞ്ഞാലും തെറ്റില്ല. ട്രൂഡോയ്ക്ക് അധികാരത്തിൽ പിടിച്ചുനില്‍ക്കാന്‍ ഈ പിന്തുണ അനിവാര്യമാണ്.
നിലവിലെ നയതന്ത്ര പ്രതിസന്ധി മനസിലാക്കാൻ കനേഡിയൻ രാഷ്‌ട്രീയത്തിന്‍റെ ആഴത്തിലേക്ക് ഇറങ്ങി ചെല്ലേണ്ടതുണ്ട്. 2015 മുതൽ അധികാരത്തിലിരിക്കുന്ന ട്രൂഡോയുടെ ലിബറൽ പാർട്ടി നിലവില്‍ പ്രതിസന്ധിയിലാണ്. ട്രൂഡോ ഗവൺമെന്‍റിന് നിലവിൽ പാർലമെന്‍റിൽ 150-ൽ അധികം സീറ്റുകൾ മാത്രമേയുള്ളൂ.
പിയറി പൊയിലീവ്രെയുടെ നേതൃത്വത്തിലുള്ള കൺസർവേറ്റീവ് പാർട്ടിയിൽ നിന്ന് ട്രൂഡോ വലിയ വെല്ലുവിളി നേരിടുന്നുണ്ട്. 2025-ൽ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ അധികാരം സ്ഥിരപ്പെടുത്തുന്നതില്‍ ട്രൂഡോ കടുത്ത സമ്മർദത്തിലാണ്. ട്രൂഡോയുടെ ജനപ്രീതി കുറയുന്നതിന് നാല് കാരണങ്ങളാണ് കാനഡയിലെ രാഷ്‌ട്രീയ വിശകലന വിദഗ്‌ധർ ചൂണ്ടിക്കാട്ടുന്നത്.
'നാല് ഐ'-കളായി(4 I's) ഇതിനെ വിശേഷിപ്പിക്കുന്നു: കുടിയേറ്റം, അധികാരം, ഐഡന്‍റിറ്റി, പണപ്പെരുപ്പം (immigration, incumbency, identity, and inflation). വർധിച്ചുവരുന്ന പണപ്പെരുപ്പം ട്രൂഡോ ഗവൺമെന്‍റിന്‍റെ സാമ്പത്തിക വിശ്വാസ്യതയെ സാരമായി ബാധിച്ചിട്ടുണ്ട്.
അനിയന്ത്രിതമായ കുടിയേറ്റം കാനഡയുടെ ജനസംഖ്യ ഘടനയില്‍ ആശങ്ക ഉയർത്തുകയാണ്. ഒരു കാലത്ത് ഓപ്പൺ-ഡോർ ഇമിഗ്രേഷൻ നയത്തിന്‍റെ പേരിൽ ആഘോഷിക്കപ്പെട്ടിരുന്ന രാജ്യമാണ് കാനഡ. എന്നാൽ നിലവിലെ രാഷ്‌ട്രീയ കാലാവസ്ഥയിൽ ഇത് സുസ്ഥിരമായി കണക്കാക്കാനാവില്ല. ഒരുപക്ഷേ അന്താരാഷ്‌ട്ര വിവാദങ്ങൾ നിരന്തരം തൊടുത്തുവിട്ടുകൊണ്ട് ആഭ്യന്തര പ്രതിസന്ധികളിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ട്രൂഡോയുടെ തന്ത്രവുമാകാം ഇന്ത്യക്കെതിരെയുള്ള പരാമര്‍ശങ്ങള്‍.
ഖലിസ്ഥാന്‍ പോയകാലത്തിന്‍റെ അവശിഷ്‌ടം
കാനഡ വളരെക്കാലമായി ഖാലിസ്ഥാനി ആക്‌ടിവിസത്തിന് വളക്കൂറുള്ള മണ്ണാണ്. അവിടെയുള്ള സിഖുകാര്‍ക്ക് കാനഡയില്‍ കാര്യമായ രാഷ്‌ട്രീയ സ്വാധീനമുണ്ട്. ഈ സ്വാധീനം ഖാലിസ്ഥാനി ഘടകങ്ങളെ കനേഡിയൻ സമൂഹത്തിൽ തങ്ങളുടെ സ്ഥാനം ഉറപ്പിക്കാനും രാഷ്‌ട്രീയ പ്രാതിനിധ്യം ഉറപ്പാക്കാനും അതോടൊപ്പം വിഘടനവാദ ആശയങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാനും അവരെ പ്രാപ്‌തരാക്കി.
ഖലിസ്ഥാൻ ഒരു പോയകാലത്തിന്‍റെ അവശിഷ്‌ടമാണ്. പഞ്ചാബിലെ യുവ സിഖ് ജനതയ്ക്ക് ഇതില്‍ യാതൊരു താത്പര്യവുമില്ല എന്നതാണ് വിരോധാഭാസം. എങ്കിലും കാനഡയിൽ ജഗ്മീത് സിങ്ങിനെപ്പോലുള്ള ഖലിസ്ഥാനികള്‍ സിഖ് പ്രവാസികളിൽ നിന്ന് വോട്ട് നേടാനായി ഈ വിഷയം സജീവമായി നിലനിർത്തുകയാണ്.
ഈ രാഷ്‌ട്രീയ നീക്കം നന്നായി അറിയാവുന്ന ട്രൂഡോ സർക്കാർ ഇന്ത്യയുമായി നല്ല ബന്ധം വളർത്തിയെടുക്കുന്നതിന് പകരം ആഭ്യന്തര രാഷ്‌ട്രീയത്തിന് മുന്‍ഗണന നല്‍കുകയാണുണ്ടായത്. ഇങ്ങനെ ചെയ്യുന്നതിലൂടെ ലിബറൽ പാർട്ടി ഇന്ത്യയുമായുള്ള ബന്ധത്തെ അപകടത്തിലാക്കുക മാത്രമല്ല, ഇന്തോ-പസഫിക്കിലെ ഒരു നിർണായക പങ്കാളിയെ നഷ്‌ടപ്പെടുത്തുകയാണ് ചെയ്യുന്നത്.
ഇന്ത്യയുടെ പരമാധികാരത്തിന് നേരെയുള്ള ആക്രമണം
ഇന്ത്യ കാനഡ തർക്കത്തിന്‍റെ കാതൽ പരമാധികാരത്തില്‍ അതിഷ്‌ഠിതമാണ്. ലോക വേദിയിൽ വലിയ പങ്ക് വഹിക്കാന്‍ പദ്ധതികള്‍ തയാറാക്കുന്ന ഇന്ത്യ, ആഭ്യന്തര കാര്യങ്ങളിൽ, വിശേഷിച്ചും വിഭജനമുണ്ടാക്കുന്ന വിഷയത്തിൽ ഒരു തരത്തിലുള്ള ബാഹ്യ ഇടപെടലുകള്‍ക്കും ഇടം കൊടുക്കാന്‍ സാധ്യതയില്ല.
ഇന്ത്യയെ സംബന്ധിച്ചിടത്തോളം കാനഡയിൽ ഖലിസ്ഥാൻ വിഘടനവാദം പ്രോത്സാഹിപ്പിക്കുന്നത് രാജ്യത്തിന്‍റെ പരമാധികാരത്തിന് നേരെയുള്ള നേരിട്ടുള്ള ആക്രമണമാണ്. ഈ വിഷയത്തിൽ ന്യൂ ഡൽഹിയുടെ ഉറച്ച നിലപാട് വ്യക്തമായ സന്ദേശമാണ് നല്‍കുന്നത്. ഇന്ത്യയുടെ അഖണ്ഡതയെ തകർക്കാൻ ശ്രമിക്കുന്നവർക്ക് ഒരു രാജ്യത്തും, എത്ര വിദൂരത്തും, സുരക്ഷിതമായ അഭയസ്ഥാനം നൽകാൻ കഴിയില്ലെന്ന് ഇന്ത്യ ലോകത്തോട് വിളിച്ചുപറയുന്നു.
ഖാലിസ്ഥാനി ഘടകങ്ങളെ ശിക്ഷാനടപടികളില്ലാതെ പ്രവർത്തിക്കാൻ അനുവദിച്ചുകൊണ്ട് കാനഡ ആഗോളതലത്തിൽ നിലപാടിൽ വിട്ടുവീഴ്‌ച ചെയ്‌തു. ഇന്ത്യയുമായുള്ള ബന്ധം വഷളാകുന്നത് കാനഡയ്ക്ക് ദീർഘകാല പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നത് തീര്‍ച്ചയാണ്. ഒരു രാജ്യത്തിന്‍റെ വിദേശനയം രൂപപ്പെടുത്തുന്നതിൽ ആഭ്യന്തര രാഷ്‌ട്രീയം പ്രധാന പങ്ക് വഹിക്കുന്നുണ്ട്. എന്നാല്‍ കാനഡ ഇതിനെ എതിര്‍ തലയ്ക്കല്‍ കൊണ്ടുവന്ന് കെട്ടുകയാണ് ഉണ്ടായത്.
ട്രൂഡോയുടെ നടപടികൾ കടുത്ത നയതന്ത്ര വിള്ളലിലേക്കാണ് കാര്യങ്ങള്‍ എത്തിച്ചത്. ഇന്ത്യയും കാനഡയും തമ്മിലുള്ള വ്യാപാര ചർച്ചകൾ നിർത്തി. ഭാവിയിലെ സഹകരണത്തിനുള്ള സാധ്യത കുറയുകയാണ്. ഗ്ലോബല്‍ സൗത്തിലും ഇന്തോ-പസഫിക്കിലെയും പ്രധാന പങ്കാളിയായ ഇന്ത്യയെ എതിർക്കുന്നത് കാനഡയെ സംബന്ധിച്ചടുത്തോളം ഭൂഷണമല്ല. ട്രൂഡോയുടെ തെറ്റായ കണക്കുകൂട്ടൽ പരിഹരിക്കാനാകാത്ത പ്രതസന്ധിയിലേക്ക് കാനഡയെ തള്ളിവിട്ടേക്കാം. ചൈനയുമായി കാനഡയ്ക്കുള്ള ബന്ധം നേരത്തെ തന്നെ വഷളായതിനാൽ, കാനഡയ്ക്ക് ഏഷ്യയുമായുള്ള ബന്ധം തന്നെ നഷ്‌ടപ്പെടാനിടയുണ്ട്.
2025-ൽ ട്രൂഡോ തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുമ്പോൾ അദ്ദേഹം ജയിക്കുമോ തോൽക്കുമോ എന്നതായിരിക്കില്ല ചോദ്യം. മറിച്ച് ഭീകരാക്രമണത്തെ പ്രോത്സാഹിപ്പിച്ചുകൊണ്ട് എന്ത് പാരമ്പര്യമാണ് അവശേഷിപ്പിക്കുക എന്നതായിരിക്കും. വർഷങ്ങളായി കെട്ടിപ്പടുത്ത ഇന്ത്യ-കാനഡ ബന്ധത്തിന്‍റെ ഭൂരിഭാഗവും ഇപ്പോൾ നിലച്ച മട്ടിലാണ്.