വിദേശയാത്ര സ്വപ്‌നം കാണാത്ത സഞ്ചാരികൾ ഉണ്ടാകില്ല. എന്നാൽ വിസയ്ക്കായി ചെലവാക്കേണ്ടി വരുന്ന പണം, സമയം എന്നിവയെ കുറിച്ചോർക്കുമ്പോൾ പലരും ഇത് വേണ്ടെന്ന് വയ്ക്കുന്നു. എന്നാൽ ഇനി നിങ്ങൾക്കും വിദേശയാത്ര നടത്താം. ഇന്ത്യൻ വിനോദസഞ്ചാരികൾക്ക് വിസയില്ലാതെയും വിസ ഓൺ അറൈവലായും യാത്ര ചെയ്യാൻ സാധിക്കുന്ന ചില രാജ്യങ്ങളുണ്ട്. ചെലവ് കുറഞ്ഞതും വിസയില്ലാതെ യാത്ര ചെയ്യാൻ സാധിക്കുന്നതുമായ ആറ് രാജ്യങ്ങളെ കുറിച്ച് അറിയാം.
മാലിദ്വീപ്
ഏഷ്യയിലെ ഏറ്റവും പ്രസ്‌തമായ വിനോദ സഞ്ചാര കേന്ദ്രമാണ് മാലിദ്വീപ്. ഹണിമൂൺ ആഘോഷിക്കാൻ ഏറ്റവും കൂടുതൽ ഇന്ത്യക്കാർ എത്തുന്നത് ഇവിടെയാണ്. ഓരോ വർഷവും ദശലക്ഷക്കണക്കിന് വിനോദ സഞ്ചാരികളാണ് അവധി ആഘോഷിക്കാൻ മാലിദ്വീപിൽ എത്തുന്നത്. നീല നിറത്തിലുള്ള കടൽ, തെളിഞ്ഞ വെള്ളം, പഞ്ചസാര മണലുകൾ എന്നിവയാണ് ഇവിടേയ്ക്ക് സഞ്ചാരികളെ ആകർഷിക്കുന്ന പ്രധാന ഘടകങ്ങൾ. ഇന്ത്യക്കാർക്ക് വിസയില്ലാതെ 30 ദിവസം മാലിദ്വീപിൽ കഴിയാം.
ഇന്തോനേഷ്യ
വിസയില്ലാതെ സന്ദർശിക്കാവുന്ന മറ്റൊരു രാജ്യമാണ് ഇന്തോനേഷ്യ. ഇന്ത്യൻ പൗരന്മാർക്ക് വിസയില്ലാതെ 30 ദിവസം വരെ ഇന്തോനേഷ്യയിൽ ചുറ്റിക്കറങ്ങാം. ബാലി, സുമാത്ര, ജാവ, ദ്വീപുകൾ എന്നിവയാണ് ഇന്തോനേഷ്യയിലെ പ്രധാന ആകർഷണങ്ങൾ.
മലേഷ്യ
ഇന്ത്യൻ വിനോദസഞ്ചാരികൾ ഏറ്റവും കൂടുതൽ സന്ദർശിക്കുന്ന രാജ്യങ്ങളിൽ ഒന്നാണ് മലേഷ്യ. അതിമനോഹരവും അപൂർവവുമായ നിരവധി കാഴ്‌ചകൾ ഇവിടെയുണ്ട്. ലങ്കാവി, ക്വാലാലംപൂർ, പെനാങ് സ്‌നേക്കേ ടെമ്പിൾ, പെക്കൻ, ബട്ടു ഗുഹകൾ, കോട്ട കിനബാലു, പെട്രോനാസ് ട്വിൻ ടവറുകൾ എന്നിവയാണ് ഇവിടുത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങൾ. വിസയില്ലാതെ 30 ദിവസം വരെ രാജ്യത്ത് തങ്ങാനാകും.
വിയറ്റ്നാം
ഇന്ത്യക്കാർക്ക് വിസയില്ലാതെ യാത്ര ചെയ്യാൻ സാധിക്കുന്ന മനോഹരമായ ഒരു രാജ്യമാണ് വിയറ്റ്നാം. ഏഷ്യയിലെ ഏറ്റവും വലിയ ഗുഹകൾ സ്ഥിതി ചെയ്യുന്നത് ഇവിടെയാണ്. ദ്വീപുകൾ, വനങ്ങൾ, ആരാധനാലയങ്ങൾ തുടങ്ങീ നിരവധി കാഴ്‌ചകളാണ് ഇവിടെ സഞ്ചാരികളെ കാത്തിരിക്കുന്നത്. ശംഖ് മാൽമാൽ കുന്നാണ് ഇവിടുത്തെ പ്രത്യേക ആകർഷണ കേന്ദ്രം. വിയറ്റ്നാമിലെ സ്ട്രീറ്റ് ഫുഡും വളരെ ജനപ്രിയമാണ്.
തായ്‌ലൻഡ്
ഇന്ത്യക്കാർ പോകാൻ ആഗ്രഹിക്കുന്ന നാടുകളിൽ ഒന്നാണ് തായ്‌ലൻഡ്. ബീച്ചുകൾ, പ്രകൃതി ഭംഗി, നൈറ്റ്ലൈഫ്, വൈവിധ്യമാർന്ന ഭക്ഷണങ്ങൾ തുടങ്ങിയവയാണ് ഇവിടേയ്ക്ക് സഞ്ചാരികളെ ആകർഷിക്കുന്നത്. പട്ടയ, ഫുക്കറ്റ് എന്നിവയും പ്രധാന വിനോദ കേന്ദ്രങ്ങളാണ്. 2023 നവംബറിലാണ് ഇന്ത്യക്കാർ വിസയില്ലാതെ രാജ്യത്തെത്താൻ തായ്‌ലൻഡ് അവസരമൊരുക്കിയത്. ഇന്ത്യൻ പൗരന്മാർക്ക് ഈ വർഷം നവംബർ 11 വരെ വിസയില്ലാതെ രാജ്യം സന്ദർശിക്കാം.
നേപ്പാൾ
പ്രകൃതി സൗന്ദര്യത്താൽ ചുറ്റപ്പെട്ട ഒരു രാജ്യമാണ് നേപ്പാൾ. ഇന്ത്യയോട് ചേർന്ന് നിൽക്കുന്നതിനാൽ ഏറ്റവും കൂടുതൽ ഇന്ത്യക്കാർ സന്ദർശിക്കുന്ന ഒരു രാജ്യം കൂടിയാണിത്. എവറസ്റ്റിനെ കൂടാതെ ഏറ്റവും ഉയരം കൂടിയ മറ്റ് 8 കൊടുമുടികളും സ്ഥിതി ചെയ്യുന്നത് നേപ്പാളിലാണ്. ദശലക്ഷക്കണക്കിന് വിനോദസഞ്ചാരികളാണ് ഓരോ വർഷവും ബുദ്ധവിഹാരങ്ങൾ കാണാൻ ഇവിടെ എത്തുന്നത്. പഹുപതിനാഥ് ക്ഷേത്രം, ബൗദ് സ്‌തൂപം, സ്വയംഭൂ മഹാചൈത്യ തുടങ്ങിയവയാണ് പ്രധാന ആകർഷണങ്ങൾ.
ഈ രാജ്യങ്ങൾക്ക് പുറമെ ശ്രീലങ്ക, ഭൂട്ടാൻ, മൗറീഷ്യസ്, കെനിയ, ഇറാൻ, ഡൊമിനിക്ക, ഗ്രെനഡ, ലാവോസ്, കംബോഡിയ, ജോർദാൻ, ഹോങ്കോങ്, മക്കാവു, കുക്ക് ദ്വീപുകൾ, സമോവ തുടങ്ങിയ രാജ്യങ്ങളിലേക്കും ഇന്ത്യക്കാർക്ക് വിസയില്ലാതെ യാത്ര ചെയ്യാം.
Also Read: പ്രകൃതിയുടെ മടിത്തട്ടിലൂടെ ഒരു യാത്ര; അതിമനോഹരമായ ട്രെയിൻ പാതകളെ കുറിച്ചറിയാം