ദീർഘനേരം ഇരുന്ന് ജോലി ചെയ്യുന്നവരിൽ പല ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടാകുമെന്ന് പലർക്കും അറിയാം. അതിൽ സാധാരണയായി കണ്ടുവരുന്നവയാണ് കഴുത്ത് വേദന, പുറം വേദന, നടുവേദന, പിരിമുറുക്കം തുണ്ടിയവ. എന്നാൽ ഈ കൂട്ടത്തിലേക്ക് പുതിയൊരു രോഗം കൂടി കടന്നുവന്നിരിക്കയാണ്. ഡെഡ് ബട്ട് സിൻഡ്രോം അഥവാ ഗ്ലൂട്ടിയൽ അംനേഷ്യ എന്നാണ് ഈ രോഗത്തിന്‍റെ പേര്.
ശരീരത്തെ ചലിക്കാൻ സഹായിക്കുന്ന പേശികളാണ് ഗ്ലൂട്ടുകൾ. എന്നാൽ മണിക്കൂറുകൾ നേരം ഇരിക്കുമ്പോൾ പിൻഭാഗത്തുള്ള മൂന്ന് ഗ്ലൂട്ടിയൽ പേശികൾ ദുർബലമാകുന്നു. ഇതാണ് ഗ്ലൂട്ടിയൽ അംനേഷ്യ ഉണ്ടാകാൻ കാരണമാകുന്നത്. രോഗം പിടിപെട്ടാൽ നടക്കാനും ഇരിക്കാനും ചലിക്കുമ്പോഴുമൊക്കെ ബുദ്ധിമുട്ട് സൃഷ്‌ടിക്കും. പിൻഭാഗം ദൃഢമായിരിക്കാനും കാലുകൾ ഉയർത്താനുമൊക്കെ സഹായിക്കുന്നത് ഈ പേശികളാണ്.
ഗ്ലൂട്ട് പേശികളുടെ ബലം നഷ്‌ടപ്പെടുമ്പോൾ ചലനശേഷി കുറയുകയും നിവർന്ന് നിൽക്കാൻ പ്രയാസം നേരിടുകയും ചെയ്യും. കൂടാതെ ഇടുപ്പിൽ മരവിപ്പ് ബലഹീനത എന്നിവ അനുഭവപ്പെടാനും കാരണമാകും. ഈ രോഗമുള്ളവർ ഇരിക്കുന്നിടത്ത് നിന്ന് എഴുന്നേൽക്കുക, പടികൾ കയറുക, ഭാരം ഉയർത്തുക, ഓടുക, ഒറ്റക്കാലിൽ നിൽക്കുക തുടങ്ങിയ ശാരീരിക പ്രവർത്തനങ്ങളിൽ ഏർപ്പെടുമ്പോൾ വലിയ ബുദ്ധിമുട്ടാണ് നേരിടേണ്ടി വരുന്നത്.
രോഗത്തെ എങ്ങനെ പ്രതിരോധിക്കാം
- പതിവായി വ്യായാമം ചെയ്യുക.
- ദീഘനേരം ഇരിക്കുന്നതിന് ചെറിയ ഇടവേളകൾ നൽകി എഴുന്നേറ്റ് നടക്കാം
- ശരിയായ രീതിയിൽ ഇരിക്കുക
- നീന്തുകയും നൃത്തം ചെയ്യുകയും ചെയ്യാം
- കായിക വിനോദങ്ങളിൽ ഏർപ്പെടുക
ദീർഘനേരം ഇരിക്കുന്നത് മറ്റ് അപകടങ്ങളും വിളിച്ചുവരുത്തും. ലാപ്ടോപ്പ്, കമ്പ്യൂട്ടർ, ടി വി എന്നിവയുടെ മുന്നിൽ കുറെ സമയം ഇരിക്കുന്നത് അമിതവണ്ണം മുതൽ പ്രമേഹം, ഹൃദ്രോഗം തുടങ്ങിയ രോഗങ്ങളിലേക്കും നയിക്കുന്നു. കൂടാതെ സന്ധികളെയും പേശികളെയും ദുർബലമാക്കുകയും മാനസികാരോഗ്യത്തെ ദോഷകരമായി ബാധിക്കുകയും ചെയ്യുന്നു. ക്ഷീണം, ഊർജ്ജ കുറവ് എന്നിവയും അനുഭവപ്പെട്ടേക്കാം.
ശ്രദ്ധിക്കുക: ഇവിടെ കൊടുത്തിരിക്കുന്ന എല്ലാ ആരോഗ്യ വിവരങ്ങളും നിർദ്ദേശങ്ങളും നിങ്ങളുടെ അറിവിലേക്കായി മാത്രമുള്ളതാണ്. ശാസ്ത്രീയ ഗവേഷണം, പഠനങ്ങൾ, ആരോഗ്യ പ്രൊഫഷണലുകൾ നൽകുന്ന ഉപദേശങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഈ വിവരങ്ങൾ നൽകുന്നത്. എന്നാൽ, ഇവ പിന്തുടരുന്നതിന് മുമ്പ് ഒരു ഡോക്‌ടറുടെ നിർദേശം തേടേണ്ടതാണ്.
Also Read: പൈൽസിന് പരിഹാരം ഉറപ്പ്; സിപിംളായി തയ്യാറാക്കാം ഈ ആയുർവേദ മരുന്ന്