ആണിനും പെണ്ണിനും പ്രധാനമായ ഒന്നാണ് വിവാഹം. രണ്ടു പേർ തമ്മിൽ കൂടിച്ചേരുന്നതിൽ ഉപരി രണ്ട് കുടുംബങ്ങൾ തമ്മിലുള്ള കൂടിച്ചേരലാണ് വിവാഹം. എന്നാൽ വിവാഹ ബന്ധങ്ങൾ മനോഹരമായും ദൃഢമായും എക്കാലത്തും നിലനിർത്താൻ ഭാര്യയും ഭർത്താവും ഒരുമിച്ച് പരിശ്രമിക്കേണ്ടതുണ്ട്. അതുകൊണ്ട് തന്നെ വിവാഹം കഴിഞ്ഞ് ഒരുമിച്ചുള്ള ആദ്യ വർഷം വളരെ നിർണായകമാണ്. പരസ്‌പരം മനസിലാക്കി മുന്നോട്ട് പോകുമ്പോൾ ജീവിതം വളരെ രസകരവും ഭംഗിയുള്ളതുമാകുന്നു. അതിനായി ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടത് പ്രധാനമാണ്.
പരസ്‌പരമുള്ള ബഹുമാനം
വിവാഹ ശേഷം പരസ്‌പരം ബഹുമാനിക്കേണ്ടത് വളരെ പ്രധാനമായ ഒന്നാണ്. തികച്ചും വ്യത്യസ്‌ത ചുറ്റുപാടുകളിൽ നിന്നും വരുന്ന രണ്ടു പേർ ഒരുമിച്ച് ചേരുമ്പോൾ പ്രശ്‌നങ്ങൾ ഉണ്ടാകുന്നത് സ്വാഭാവികമാണ്. അവരുടെ ഇഷ്‌ടങ്ങൾ, കാഴ്‌ചപ്പാടുകൾ എന്നിവയെല്ലാം വ്യത്യസ്‌തമായിരിക്കും. അതിനാൽ ഭാര്യ ഭർത്താക്കന്മാർ പരസ്‌പരം അവയെ ബഹുമാനിയ്ക്കാൻ തയ്യാറാകണം. ഇങ്ങനെ ചെയ്യുമ്പോൾ പങ്കാളികൾ സന്തുഷ്‌ടരാകുകയും എല്ലാ കാര്യങ്ങൾക്കും ഒപ്പം നിന്ന് പ്രവർത്തിക്കാൻ അവർ തയ്യാറാകുമെന്ന് സൈക്കോളജിസ്റ്റുകൾ പറയുന്നു.
സുതാര്യത
ചില ആളുകൾ ഏതെങ്കിലും തരത്തിൽ പ്രശ്‌നങ്ങൾ നേരിടുമ്പോൾ അത് ഒറ്റയ്ക്ക് കൈകാര്യം ചെയ്യാൻ ശ്രമിക്കുന്നവരാണ്. ചിലപ്പോൾ ഒന്നും വിട്ടു പറയുകയോ പങ്കുവയ്ക്കാനോ കഴിയാത്തവരുമായിരിക്കാം. എന്നാൽ വിവാഹ ശേഷം ഇതേ രീതി പിന്തുടരുന്നത് ബന്ധങ്ങളിൽ വിള്ളലുകൾ ഉണ്ടാക്കും. അതിനാൽ പങ്കാളികൾ എന്തും പരസ്‌പരം തുറന്ന് പറയാനും വിഷമകരമായ സാഹചര്യങ്ങൾ ഒരുമിച്ച് നേരിടാനും ശ്രമിക്കുക. സുതാര്യത പുലർത്തുന്നത് വഴി ഏതൊരു ബന്ധവും ശക്തിപ്പെടും. മാത്രമല്ല ഭാര്യാഭർതൃ ബന്ധം ഊഷ്‌മളമായിരിക്കാനും ഇതിലൂടെ സാധിക്കും.
പരസ്‌പരം മനസിലാക്കുക
വിവാഹത്തിന്‍റെ ആദ്യ നാളുകളിൽ തന്നെ പരസ്‌പരം മനസിലാക്കാൻ ശ്രമിക്കുക. പങ്കാളിയുടെ ഇഷ്‌ടങ്ങൾ, ഹോബികൾ, ജീവിതരീതി, പെരുമാറ്റം എന്നിവ അറിഞ്ഞിരിക്കേണ്ടത് വളരെ പ്രധാനമാണ്. അടുത്തിടപഴകുമ്പോൾ മാത്രമേ ഇത് മനസിലാക്കാൻ സാധിക്കൂ. അതിനാൽ പാട്‌ണരോടൊപ്പം കൂടുതൽ സമയം ചെലവഴിക്കാനും വാത്സല്യത്തോടെ പെരുമാറാനും ശ്രമിക്കണം.
വഴക്കുകൾ സ്വാഭാവികം
ഭാര്യാഭർത്താക്കന്മാർ തമ്മിലുള്ള ബന്ധം വളരെ ഉത്തരവാദിത്വം നിറഞ്ഞതാണ്. നവദമ്പതിമാർക്ക് ഇടയിൽ വഴക്കുകൾ സ്വാഭാവികമാണ്. അതിനാൽ പങ്കാളിയുടെ സാഹചര്യങ്ങൾ മനസിലാക്കാൻ ശ്രമിക്കണമെന്ന് വിദഗ്‌ധർ പറയുന്നു. വഴക്കുകൾ ഉണ്ടാകുമ്പോൾ പരസ്‌പരം സംസാരിച്ച് പരിഹാരം കണ്ടെത്തുകയാണ് വേണ്ടത്. കൂടുതൽ നേരം ദേഷ്യം തുടരുന്നത് തമ്മിലുള്ള അകലം വർധിക്കാൻ ഇടയാകും. അതിനാൽ ഒരു ദിവസത്തിനപ്പുറത്തേക്ക് വഴക്ക് നീളാതെ ശ്രദ്ധിക്കുക.
ശ്രദ്ധിക്കുക: ഇവിടെ കൊടുത്തിരിക്കുന്ന എല്ലാ ആരോഗ്യ വിവരങ്ങളും നിർദ്ദേശങ്ങളും നിങ്ങളുടെ അറിവിലേക്കായി മാത്രമുള്ളതാണ്. ശാസ്ത്രീയ ഗവേഷണം, പഠനങ്ങൾ, ആരോഗ്യ പ്രൊഫഷണലുകൾ നൽകുന്ന ഉപദേശങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഈ വിവരങ്ങൾ നൽകുന്നത്. എന്നാൽ, ഇവ പിന്തുടരുന്നതിന് മുമ്പ് വിദഗ്‌ധരുടെ നിർദേശം തേടേണ്ടതാണ്.