കട്ടിയുള്ള പുരികം ആഗ്രഹിക്കാത്തവർ ചുരുക്കമാണ്. മുഖ സൗന്ദര്യം നിലനിർത്തുന്നതിൽ പുരികങ്ങളുടെ പ്രാധാന്യം വളരെ വലുതാണ്. പുരികം സംരക്ഷിക്കുന്നതിനായി വിലപിടിപ്പുള്ള പല ഉത്പ്പന്നങ്ങളും വാങ്ങി ഉപയോഗിക്കുന്നവരാണ് പലരും. ചിലർ ബ്യൂട്ടി പാർലറുകളെയും ആശ്രയിക്കുന്നു. എന്നാൽ കട്ടിയുള്ള കറുത്ത പുരികങ്ങൾ ആഗ്രഹിക്കുന്ന ആളുകൾ ഇനി ഇതിന്‍റെ ഒന്നും സഹായം തേടേണ്ടതില്ല. ഇതിനായി വീട്ടിൽ തന്നെ എളുപ്പത്തിൽ ചെയ്യാവുന്ന ചില പരിഹാരങ്ങളുണ്ട്. അവ എന്തൊക്കെയെന്ന് അറിയാം.
കാപ്പി പൊടി
പുരികങ്ങൾ കട്ടിയുള്ളതും കറുത്ത നിറമുള്ളതുമായിരിക്കാൻ ആഗ്രഹിക്കുന്നവർ കോഫി ടിന്‍റ് പരീക്ഷിക്കുന്നത് നല്ലതാണ്. കാപ്പി പൊടി പുരികത്തിന് ഇരുണ്ട നിറം നൽകും. അതിനായി ഒരു പാത്രത്തിലേക്ക് അൽപ്പം കാപ്പിപൊടി എടുക്കുക. അതിലേക്ക് കുറച്ച് പെട്രോളിയം ജെല്ലിയും വെളിച്ചെണ്ണയും ചേർത്ത് നന്നായി മിക്‌സ് ചെയ്യുക. ഈ മിശ്രിതം ഒരു മണിക്കൂർ നേരത്തെക്കെങ്കിലും ഫ്രിഡ്‌ജിൽ സൂക്ഷിക്കുക. ശേഷം ഇത് പുരികത്തിൽ പുരട്ടുക. ആഴ്‌ചയിൽ മൂന്ന് ദിവസമെങ്കിലും ഇങ്ങനെ ചെയ്യാം. ഇത് പുരികത്തിനു ആവശ്യമായ നിറം നൽകാൻ ഗുണം ചെയ്യും.
മൈലാഞ്ചി
പുരികത്തിന് സ്വാഭാവികമായ ഒരു ബ്രൗൺ നിറം നൽകാൻ മൈലാഞ്ചി ഫലപ്രദമാണ്. അതിനായി ഒരു പാത്രത്തിലേക്ക് കുറച്ച് മൈലാഞ്ചി പൊടി എടുക്കുക. ഇതിലേക്ക് അൽപ്പം നാരങ്ങ നീര് കൂടി ചേർക്കുക. ഇത് രണ്ടും നന്നായി മിക്‌സ് ചെയ്‌ത് പുരികത്തിൽ പുരട്ടുക. 40 മുതൽ 45 മിനിട്ടിനു ശേഷം കഴുകി കളയാം. ഇങ്ങനെ ചെയ്യുന്നതിലൂടെ 15 ദിവസം വരെ പുരികങ്ങളുടെ നിറം നിലനിൽക്കും. വേണമെങ്കിൽ ഇത് വീണ്ടും ആവർത്തിക്കാം. അതേസമയം ഇത് പരീക്ഷിക്കുമ്പോൾ വളരെയധികം ശ്രദ്ധ പുലർത്തുക. അശ്രദ്ധ സംഭവിച്ചാൽ കണ്ണുകൾക്ക് ചുറ്റും പാടുകൾ ഉണ്ടാകാൻ കാരണമാകും.
കറിവേപ്പില
പുരികം കട്ടിയുള്ളതാക്കാൻ സഹായിക്കുന്ന ഒന്നാണ് കറിവേപ്പില. ഇത് നന്നായി ചതച്ച ശേഷം ചെറുചൂടു വെള്ളത്തിൽ ഇടുക. ഒരു രാത്രി മുഴുവൻ ഇത് മാറ്റി വെക്കാം. ശേഷം രാവിലെ ഈ വെള്ളം പുരികത്തിൽ പുരട്ടുക. പതിനഞ്ച് മിനിറ്റ് കഴിഞ്ഞ് തണുത്ത വെള്ളത്തിൽ കഴുകി കളയാം.
ആവണക്കെണ്ണ
കട്ടിയുള്ളതും ഇടതൂർന്നതുമായ പുരികത്തിന് ഏറ്റവും മികച്ച മരുന്നാണ് കറ്റാർവാഴ. ഇത് പുരികങ്ങൾ വളരാൻ സഹായിക്കുയും ജലാംശം നിലനിർത്തുകയും ചെയ്യും. രാത്രി കിടക്കുന്നതിന് മുമ്പ് ആവണക്കെണ്ണ പുരികത്തിൽ പുരട്ടുക. രാവിലെ എഴുന്നേറ്റാൽ ഉടൻ കഴുകി കളയാം.
ശ്രദ്ധിക്കുക: ഇവിടെ കൊടുത്തിരിക്കുന്ന എല്ലാ ആരോഗ്യ വിവരങ്ങളും നിർദ്ദേശങ്ങളും നിങ്ങളുടെ അറിവിലേക്കായി മാത്രമുള്ളതാണ്. ശാസ്ത്രീയ ഗവേഷണം, പഠനങ്ങൾ, ആരോഗ്യ പ്രൊഫഷണലുകൾ നൽകുന്ന ഉപദേശങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഈ വിവരങ്ങൾ നൽകുന്നത്. എന്നാൽ, ഇവ പിന്തുടരുന്നതിന് മുമ്പ് ഒരു ഡോക്‌ടറുടെ നിർദേശം തേടേണ്ടതാണ്.
Also Read : ചർമ്മത്തിലെ ചുളിവുകൾ അകറ്റാം; ഇതാ ചില നുറുങ്ങുകൾ