രാജ്യത്തെ ഏറ്റവും വലിയ ആഘോഷങ്ങളിൽ ഒന്നായ ദീപാവലിയെ വരവേൽക്കാനുള്ള ഒരുക്കത്തിലാണ് എല്ലാവരും. കുട്ടികൾ മുതൽ മുതിർന്നവർ വരെ ഏറെ ആവേശത്തോടെയാണ് ദീപാവലി ആഘോഷങ്ങൾക്ക് തയ്യാറെടുക്കുന്നത്. ദീപാവലി വെളിച്ചത്തിൻ്റെ ഉത്സവമാണെങ്കിലും പടക്കങ്ങൾക്കുള്ള അത്രയും പ്രാധാന്യം മധുര പലഹാരങ്ങൾക്കുമുണ്ട്. വൈവിധ്യമാർന്ന മധുര പാലഹങ്ങളോടൊപ്പം ഡ്രൈ ഫ്രൂട്ട്സും വിപണി കീഴടക്കുകയാണ്. എന്നാൽ അമിത വില കൊടുത്ത് ഡ്രൈ ഫ്രൂട്ട്സ് വാങ്ങുമ്പോൾ വളരെയധികം ശ്രദ്ധിക്കണം. ഡ്രൈ ഫ്രൂട്ട്സിൽ ഏറ്റവും ഡിമാന്‍റുള്ള കശുവണ്ടി തിരഞ്ഞെടുക്കുമ്പോൾ ഒറിജിനലാണോ വ്യാജനാണോ എന്ന തിരിച്ചറിയേണ്ടത് പ്രധാനമാണ്. എന്നാൽ വ്യാജ കശുവണ്ടി തിരിച്ചറിയാൻ എളുപ്പം സാധിക്കും. കശുവണ്ടി വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയെന്ന് നോക്കാം.
നിറം
കശുവണ്ടി വാങ്ങുമ്പോൾ നിറം ശ്രദ്ധിക്കുക. യഥാർത്ഥ കശുവണ്ടിയുടെ നിറം വെള്ളയോ ക്രീം നിറമോ ആണ്. വിപണിയിൽ വിൽപ്പനയ്ക്ക് വച്ചിരിക്കുന്ന കശുവണ്ടിപ്പരിപ്പിന് ചെറുതായി മഞ്ഞ നിറമുണ്ടെങ്കിൽ അത് വാങ്ങാതിരിക്കുക. മഞ്ഞ നിറമാണെങ്കിൽ കശുവണ്ടി വ്യാജമായിരിക്കാൻ സാധ്യതയുണ്ട്. അതിനാൽ വെള്ളയോ ക്രീമോ നിറത്തിലുള്ള കശുവണ്ടി മാത്രം വാങ്ങുക.
പാടുകൾ
ഗുണനിലവാരമുള്ള കശുവണ്ടിയിൽ കറുത്ത പാടുകളോ ദ്വാരങ്ങളോ ഉണ്ടാകില്ല. എന്നാൽ വ്യാജനിൽ പാടുകൾ ഉണ്ടാകാം. അതിനാൽ കശുവണ്ടി വാങ്ങുമ്പോൾ കറുത്ത പാടുകൾ ഉണ്ടോയെന്ന് പരിശോധിക്കുക.
വലിപ്പം
ഒറിജിനൽ കശുവണ്ടിക്ക് ഏകദേശം ഒരു ഇഞ്ച് നീളവും അൽപം വണ്ണവും ഉണ്ടായിരിക്കും. എന്നാൽ വിപണിയിൽ ലഭിക്കുന്നത് ചെറുതും മെലിഞ്ഞതുമാണെങ്കിൽ അത് വ്യാജനായിരിക്കും. അതിനാൽ വലിപ്പം കുറഞ്ഞ കശുവണ്ടി വാങ്ങാതിരിക്കുക.
രുചിച്ച് നോക്കുക
കശുവണ്ടി വാങ്ങുന്നതിന് മുൻപ് ഒരെണ്ണം കഴിച്ചതിന് ശേഷം വാങ്ങുക. ഗുണനിലവാരമുള്ള കശുവണ്ടി പല്ലിൽ പറ്റിപിടിക്കില്ല. ഇവ എളുപ്പത്തിൽ പൊട്ടിക്കാൻ സാധിയ്ക്കുകയും നല്ല രുചിയുള്ളതുമായിരിക്കും. വ്യാജ കശുവണ്ടികൾ കഴിക്കുമ്പോൾ അൽപ്പം കയ്പ്പ് രുചിയുണ്ടാകും. ഇത് ശ്രദ്ധിച്ച് വേണം കശുവണ്ടി വാങ്ങാൻ.
കേടുണ്ടോ എന്ന് പരിശോധിക്കുക
യഥാർത്ഥ കശുവണ്ടി പെട്ടെന്ന് കേടാകില്ല. ഇത് ദീർഘകാലം ഫ്രഷ് ആയി ഇരിക്കും. എന്നാൽ കശുവണ്ടി വ്യാജനാണെങ്കിൽ പെട്ടെന്ന് കേടാകും. ചെറിയ പ്രാണികൾ, പുഴുക്കൾ എന്നിവ ഇവയിൽ ഉണ്ടാകാം. ഒറിജിനൽ കശുവണ്ടി കുറഞ്ഞത് 6 മാസമെങ്കിലും കേടാകാതെ നിൽക്കും. അതിനാൽ കശുവണ്ടി വാങ്ങുമ്പോൾ രണ്ടുതവണ പരിശോധിക്കുക.
മൃദുവായിരിക്കും
യഥാർഥ കശുവണ്ടിയുടെ പുറം ഭാഗം നല്ല മൃദുവായിരിക്കും. എന്നാൽ വ്യാജ കശുവണ്ടി അൽപം പരുക്കനായിരിക്കും. അതിനാൽ കശുവണ്ടി വാങ്ങുന്നതിന് മുമ്പ് കയ്യിലെടുത്ത് പരിശോധിച്ച് ശേഷം മാത്രം വാങ്ങുക.
വെള്ളത്തിലിട്ട് നോക്കുക
കടയിൽ നിന്ന് വാങ്ങുന്ന കശുവണ്ടി ഒറിജനലാണോ എന്നറിയാൻ വാട്ടർ ടെസ്റ്റ് നടത്താം. ഇതിനായി ഒരു ഗ്ലാസിൽ വെള്ളം നിറച്ച് കശുവണ്ടി അതിലേക്കിടുക. 30 മിനിറ്റ് കഴിഞ്ഞ് പരിശോധിക്കുക. യഥാർത്ഥ കശുവണ്ടി ആണെങ്കിൽ വെള്ളത്തിൽ മുങ്ങി കിടക്കും. വ്യാജമാണെങ്കിൽ വെള്ളത്തിന് മുകളിൽ പൊങ്ങിക്കിടക്കും.
Also Read : അമിതമായി മധുരം കഴിക്കുന്നവരാണോ ? ശരീരത്തെ എങ്ങനെ ബാധിക്കുമെന്ന് അറിയാം