ദീപാവലി അടുത്തെത്തി കഴിഞ്ഞു. ദീപങ്ങളുടെയും മധുര പലഹാരങ്ങളുടെയും ഉത്സവമാണ് ദീപാവലി. ഇത്തവണത്തെ ദീപാവലി കൂടുതൽ മധുരമുള്ളതാക്കാൻ എളുപ്പത്തിൽ തയ്യാറാക്കാവുന്ന സ്പെഷ്യൽ പലഹാരങ്ങൾ വീട്ടിൽ തന്നെ തയ്യാറാക്കാം. കുട്ടികളും മുതിർന്നവരും ഒരേപോലെ ഇഷ്‌ടപ്പെടുന്ന ബേസൻ ലഡ്ഡു എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.
ചേരുവകൾ
കടലമാവ് - 1 കപ്പ്
പഞ്ചസാര - 3/4 കപ്പ്
ഏലക്ക - 3 എണ്ണം
നെയ്യ് - 1/2 കപ്പ്
കശുവണ്ടി/ബദാം നുറുക്കിയത് - 2 ടേബിൾ സ്‌പൂൺ
തയ്യാറാക്കുന്ന വിധം
ആദ്യം പഞ്ചസാര, ഏലക്ക എന്നിവ നന്നായി പൊടിച്ച് മാറ്റി വെക്കാം. പിന്നീട് ചുവടു കട്ടിയുള്ള ഒരു പാത്രം സ്റ്റൗവിൽ വച്ച് ചൂടാക്കുക. പത്രം ചൂടായി കഴിഞ്ഞാൽ അതിലേക്ക് കാൽ കപ്പ് നെയ്യൊഴിക്കുക. ശേഷം കടലമാവ് കൂടെ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. 30 മിനുട്ട് നേരം സ്റ്റൗ ലോ ഫ്ലേമിലേക്കിട്ട് നന്നായി ഇളക്കുക. കടലമാവിന്‍റെ നിറം ചെറുതായി മാറുകയും മൂത്ത മണം വരുകയും ചെയ്യുമ്പോൾ അതിലേക്ക് ബാക്കിയുള്ള നെയ്യ് കൂടി ചേർക്കാം. ശേഷം കയ്യെടുക്കാതെ നന്നായി ഇളക്കി കൊടുക്കുക. കടലമാവും നെയ്യും കുഴമ്പ് രൂപത്തിൽ ആകുമ്പോൾ സ്റ്റൗ ഓഫ് ചെയ്‌ത് മറ്റൊരു പാത്രത്തിലേക്ക് മാറ്റം. ഈ മിശ്രിതം നന്നായി തണുത്ത കഴിഞ്ഞാൽ അതിലേക്ക് പൊടിച്ച പഞ്ചസാര, ഏലക്ക, കശുവണ്ടി, ബദാം എന്നിവ കൂടി ചേർക്കുക. ശേഷം ഇത് നന്നായി മിക്‌സ് ചെയ്യുക. എന്നിട്ട് കയ്യിൽ അൽപ്പം നെയ്യ് പുരട്ടി ഉരുളകളാക്കി ഉരുട്ടി എടുക്കാം. വളരെ ഈസിയായി തയ്യാറാക്കാവുന്നതും സ്വാദിഷ്‌ഠവുമായ ബേസൻ ലഡ്ഡു റെഡി.
Also Read : ദീപാവലി കൂടുതൽ മധുരമാക്കാൻ സ്‌പെഷ്യൽ കാജു ബർഫി തയ്യാറാക്കാം